June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മഹാമാരിക്കാലത്തെ മഹാവിജയം

By Janayugom Webdesk
July 2, 2020

നാളിതുവരെ കേട്ടിട്ടില്ലാത്ത മഹാമാരിയുടെയും ഉണ്ടായിട്ടില്ലാത്ത ലോക്ഡൗൺ അനുഭവങ്ങളുടെയും പരിസരങ്ങളിലൂടെയാണ് സംസ്ഥാനത്തെ നാലേകാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതാനെത്തിയത്. എഴുതിയവരെയും എഴുത്തിനിരുത്തിയവരെയും സംബന്ധിച്ച് ഒരുപോലെ അത്, അക്ഷരാർത്ഥത്തിലെ അഗ്നിപരീക്ഷയായിരുന്നു. മാർച്ച് മാസത്തിലായിരുന്നു എസ്എസ്എൽസി പരീക്ഷ എല്ലാ കാലത്തും നടക്കാറുണ്ടായിരുന്നത്. ഇത്തവണയും അതുപോലെ നടക്കുന്നതിന് സാഹചര്യമൊരുങ്ങി വരുന്നതിനിടെയായിരുന്നു കോവിഡ് എന്ന മഹാമാരി മനുഷ്യരെയും അവരുടെ ജീവിതത്തെയും ബാധിച്ചു തുടങ്ങിയത്.

സംസ്ഥാനത്തും കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും മാർച്ച് പത്തിന് തന്നെ പരീക്ഷ ആരംഭിച്ചു. ലോകമാസകലം ഭീതി വിതച്ച് വ്യാപിച്ചു തുടങ്ങിയ മഹാമാരിക്കിടയിൽ കരുതലോടും ജാഗ്രതയോടും കൂടി പരീക്ഷ നടത്തുന്നതിനിടെ സ്ഥിതിഗതികൾ കൂടുതൽ വഷളായതിനെ തുടർന്ന് 20 ന് പരീക്ഷ നിർത്തി വയ്ക്കുകയായിരുന്നു. സാഹചര്യങ്ങൾ മെച്ചപ്പെട്ടശേഷം തൊട്ടടുത്ത മാസംതന്നെ അവശേഷിച്ച മൂന്ന് പരീക്ഷകൾകൂടി നടത്താമെന്നാണ് കരുതിയതെങ്കിലും ലോക്ഡൗൺ നീണ്ടുപോയി. ഒടുവിൽ മെയ് അവസാന ആഴ്ചയിലാണ് അവശേഷിച്ച പരീക്ഷകൾ നടത്തിയത്.

അതിനെയും വിമർശിക്കുന്നതിനും സർക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നതിനും കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായെങ്കിലും കരുതലും ജാഗ്രതയും കൈവിടാതെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ നടത്തുകയും പൂർത്തിയാക്കുകയും ചെയ്തു. ലോക്ഡൗൺ പിൻവലിച്ചുവെങ്കിലും ഹോട്ട്‌സ്പോട്ടുകൾ, കണ്ടെയ്ൻമെന്റ് സോണുകൾ, രാത്രികാലകർഫ്യൂ തുടങ്ങി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെയായിരുന്നു പരീക്ഷ പൂർത്തിയാക്കിയത്. പിന്നീടും അതേ നിയന്ത്രണങ്ങൾ പല പ്രദേശങ്ങളിൽ തുടരുകയാണ്. ഇതിനിടയിൽ മൂല്യനിർണ്ണയം സമയബന്ധിതമായി നടത്തിയാണ് കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

റെക്കോഡ് വിജയമാണ് സംസ്ഥാനത്ത് ഈ വർഷം ഉണ്ടായിരിക്കുന്നത്. 98.82 ശതമാനമാണ് വിജയം. മുൻവർഷത്തെക്കാൾ 0.71 ശതമാനം കൂടുതൽ. ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി 2,945 കേ­ന്ദ്രങ്ങളിലായി 4,22,092 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4,17,101 പേ­രാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. പല വിഭാഗങ്ങളിലും മുൻ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഈ വർഷം സാധിച്ചിട്ടുണ്ട്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 41,906 ആണ്. 4,572 പേരുടെ വർധനയാണിത്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉന്നത പഠനത്തിന് അര്‍ഹരാക്കി 1,837 സ്കൂളുകള്‍ നൂറുമേനി വിജയം നേടി. മുൻവർഷത്തേക്കാൾ 1,703 കൂടുതലാണ് ഇത്. 637 സർക്കാർ സ്കൂളുകളും 796 എയ്ഡഡ് സ്കൂളുകളും 404 അൺ എയ്ഡഡ് സ്കൂളുകളുമാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹരാക്കിയത്. ഇതും 38 സർക്കാർ സ്കൂളുകൾ, 83 എയ്ഡഡ് സ്കൂളുകൾ എന്നിങ്ങനെ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.

ഉന്നത പഠനത്തിന് യോഗ്യത നേടിയവരോടൊപ്പം തന്നെ അതിന് സാധിക്കാതെ പോയ ന്യൂനപക്ഷത്തെയും നാം കൂടെ ചേർത്തുതന്നെ നിർത്തേണ്ടതുണ്ട്. ഈയൊരു ന്യൂനപക്ഷത്തെയും പൊതുസമൂഹത്തിന്റെ ഭാഗമായി കരുതാനും വരുംവർഷങ്ങളിൽ അങ്ങനെയൊരു വിഭാഗംതന്നെ ഇല്ലാതാക്കുന്നതിനും ആവശ്യമായ സമഗ്രമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ സർക്കാർ സംവിധാനങ്ങൾ എല്ലാം വിശ്രമ രഹിതമായി ജനങ്ങളെയാകെ മഹാമാരിക്കെതിരെ കരുതലിലേയ്ക്കും ജാഗ്രതയിലേക്കും നയിച്ചുകൊണ്ടിരിക്കേ തന്നെ അതിന്റെയെല്ലാം ഭാഗമായി നിന്നുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസരംഗത്തിന് ഇങ്ങനെയൊരു മികവ് നേടിയെടുക്കാൻ സാധ്യമായത്. ഒട്ടേറെ പ്രതിസന്ധികൾക്കും പ്രതിബന്ധങ്ങൾക്കും ഇടയിൽ പരീക്ഷ, മൂല്യനിർണ്ണയം എന്നീ പ്രക്രിയകൾ നടത്തുകയും പ്രഖ്യാപിക്കപ്പെട്ട പരീക്ഷാഫലത്തിൽ ഇത്തരം മികവുകൾ നേടാനാവുകയും ചെയ്തുവെന്നത് തീർച്ചയായും ചരിത്രപരമാണ്.

ഈയൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനുള്ള മുൻകൈ അവഗണിക്കാവുന്നതല്ല. പരീക്ഷാ രീതിയിലും നടത്തിപ്പിലും ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അതിന് വകുപ്പ് മുൻകയ്യെടുക്കുന്നുവെന്നതിനൊപ്പം തന്നെ അധ്യാപകരും വിദ്യാർത്ഥി സംഘടനകളും രക്ഷകർത്താക്കളുമെല്ലാം സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖല പൊതുസമൂഹത്തിന്റേതാണ് എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ മഹാമാരിക്കിടയിലെ ഈ മഹാവിജയം നേടുന്നതിന് പങ്കാളികളായ എല്ലാവരും അഭിവാദ്യം അർഹിക്കുന്നവരാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.