ദുരന്തപ്പെയ്ത്തിലും രാഷ്ട്രീയക്കൊയ്ത്തിന് ശ്രമിക്കുന്നവർ

Web Desk
Posted on August 11, 2020, 6:47 am

ഥാർത്ഥത്തിൽ കേരളം മൂന്ന് ദുരന്തങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നാണ് നാം കരുതുന്നത്. എന്നാൽ ദുരന്തപ്പെയ്ത്തിനിടയിലും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെയും ബിജെപിയുടെ വകയുള്ള നാലാം ദുരന്തത്തെയും കാണേണ്ട ഗതികേടിലാണ് കേരളം. കോവിഡിന്റെ ദുരന്തം ജനുവരി മുതൽ തുടങ്ങിയതാണ്. ആദ്യഘട്ടത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും ലോകരാജ്യങ്ങളെയും പിന്നിലാക്കി സുശക്തവും ജാഗ്രതയോടെയുള്ളതുമായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ നിയന്ത്രിക്കാൻ സംസ്ഥാനത്തിനായി. രണ്ടാം ഘട്ടം വ്യാപനത്തോടെ സുവർണാവസരം (ശബരിമലക്കാലത്തെ ഓർക്കുക) ലഭിച്ചതുപോലെ പ്രതിപക്ഷവും ബിജെപിയും അതിൽനിന്ന് മുതലെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

രോഗവ്യാപനം സംസ്ഥാന സർക്കാരിന്റെ കുറ്റമായിപോലും അവർ പ്രചരിപ്പിച്ചു. കോൺഗ്രസിന് പങ്കാളിത്തമുള്ള മഹാരാഷ്ട്രയിലും ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പങ്കാളിത്തമുള്ള ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തെക്കാൾ ഭീതിദമായാണ് രോഗവ്യാപനമുണ്ടായതെന്ന വസ്തുത മറച്ചുപിടിച്ചാണ് അവർ ഈ മുതലെടുപ്പ് ശ്രമങ്ങൾ നടത്തിയത്. ആഗോളതലത്തിൽ പോലും മികച്ചുനില്ക്കുന്ന പ്രതിരോധരീതിയെ അംഗീകരിക്കാൻ തയ്യാറാകാതെ ജനങ്ങളുടെ ചെറിയ പിഴവുകൾ പോലും സർക്കാരിന് മേൽ ചാർത്തി കുറ്റപ്പെടുത്താനാണ് പ്രതിപക്ഷവും ബിജെപിയും ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാർ പോലും ഇക്കാര്യത്തിൽ ചുമതല മറന്നാണ് പലപ്പോഴും പെരുമാറിയത്.

ഇതിനിടയിലാണ് ഇടുക്കിയിലെ ഉരുൾപൊട്ടൽ ദുരന്തവും കോഴിക്കോട് കരിപ്പൂർ വിമാനദുരന്തവും സംഭവിച്ചത്. ഇപ്പോൾ അതിന്റെ പേരിലാണ് മരണത്തിന്റെ വ്യാപാരികളാണോയെന്ന് സംശയിക്കാവുന്ന വിധത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇടുക്കിയിലുണ്ടായ ഉരുൾപൊട്ടൽദുരന്തം പുറംലോകമറിയുന്നത്. അപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചു. റവന്യു ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ആരംഭിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെയും പുറത്തുമുള്ള എല്ലാ സജ്ജീകരണങ്ങളും മണിക്കൂറുകൾക്കകമെത്തിച്ച് പ്രവർത്തനം ഊർജിതപ്പെടുത്തുകയും ഇടുക്കിയിൽ നിന്നുള്ള മന്ത്രി എം എം മണി അവിടെയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കുകയും ചെയ്തു.

അന്നു­തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന ഭരണാധികാരികൾ സ്ഥലം സന്ദർശിക്കുന്നതിനുള്ള സൗകര്യത്തിനായി കേന്ദ്രസഹായം അഭ്യർത്ഥിച്ചുവെന്ന വിവരം പുറത്തുവന്നിരുന്നതാണ്. എന്നാൽ മോശം കാലാവസ്ഥ കാരണം അതിനാവില്ലെന്ന സ്ഥിതിയാണുണ്ടായത്. വൈകുന്നേരം വരെ കാത്തശേഷം പിറ്റേന്ന് പുലർച്ചെ റവന്യുവകുപ്പ് മന്ത്രി ദുരന്ത ഭൂമിയിലേയ്ക്ക് കാർ മാർഗ്ഗം പോകുന്നതിനും തീരുമാനമുണ്ടായി. ഇതിനിടയിലാണ് രാത്രിയോടെ കോഴിക്കോട്ടെ വിമാന ദുരന്തം സംഭവിക്കുന്നത്. ശനിയാഴ്ച പുലർച്ചെ തന്നെ റവന്യുവകുപ്പ് മന്ത്രി ഇടുക്കിയിലേക്ക് പുറപ്പെട്ട് പത്തു മണിക്കു മുമ്പായി മന്ത്രി എം എം മണിക്കൊപ്പം ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.

ഇതിന്റെ പിന്നാലെ മന്ത്രിമാരായ എ കെ ബാലൻ, കെ രാജു തുടങ്ങിയവരും ഇടുക്കിയിലെത്തി. മുഖ്യമന്ത്രിക്കും ഗവർണർക്കും വ്യോമമാർഗം കോഴിക്കോട് വിമാന ദുരന്തസ്ഥലത്തെത്തുന്നതിന് സാഹചര്യമൊരുങ്ങിയതിനാൽ അവർ അവിടെ സന്ദർശിക്കുകയും ചെയ്തു. പിന്നീടാണ് പ്രതിപക്ഷ നേതാക്കൾ കോഴിക്കോട്ടെത്തിയത്. അവിടെ നടന്ന ഫോട്ടോഷൂട്ട് ദേശീയമാധ്യമങ്ങളിൽ പോലും വാർത്തയായി നല്കിയതിലൂടെ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയതാണ്. ഇതിനുശേഷമാണ് ഇടുക്കിയെ അവഗണിച്ചുവെന്നും കോഴിക്കോടിന് അമിതപ്രാധാന്യം നല്കിയെന്നും ആരോപിച്ച് കേന്ദ്രമന്ത്രിയടക്കം ബിജെപി, പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ഈ ആരോപണമുന്നയിച്ച മന്ത്രി വി മുരളീധരൻ വ്യാഴാഴ്ച അർധരാത്രി നടന്ന, വെള്ളിയാഴ്ച പുലർച്ചയോടെ പുറംലോകമറിഞ്ഞ ദുരന്തം നടന്ന ഇടുക്കിയിൽ അന്നു തന്നെ സന്ദർശിക്കാനെത്തിയില്ലെന്നത് ആരുടെ കുറ്റമാണ്, ആരോടുള്ള അമിതപരിഗണനയാണ് വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കോട് അപകടസ്ഥലത്ത് ഉടന്‍ പറന്നിറങ്ങിയ അദ്ദേഹത്തിന് ഇടുക്കിയിലെത്താൻ വെള്ളിയാഴ്ച പകൽ മുഴുവൻ ധാരാളം സമയം ഉണ്ടായിരുന്നു. എന്നിട്ടും അവിടെ എത്താൻ ഞായറാഴ്ച വരെ കാത്തത് എന്തിനായിരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ഇതുതന്നെ പ്രതിപക്ഷത്തിന്റെയും കാര്യം. ദുരന്തം നടന്നയുടൻ തന്നെ പുറപ്പെട്ടാൽ പ്രതിപക്ഷനേതാവിനും മറ്റും മണിക്കൂറുകൾകൊണ്ട് ഇടുക്കിയിലെത്താൻ സാധിക്കും. എന്നിട്ടും അതിന് തുനിയാതിരുന്നവർ രാത്രി നടന്ന കോഴിക്കോട്ട് ദുരന്തസ്ഥലത്ത് പിറ്റേന്നുതന്നെ എത്തിയതിന് ശേഷം മതി ഇടുക്കിയിലെത്തുന്നതെന്ന് തീരുമാനിച്ചത്, ദുരന്തബാധിതരോടുള്ള അവഗണനയുടെ ഭാഗമാണെന്ന് കുറ്റബോധം തോന്നിയതുകൊണ്ടാണോ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ മത്സരിക്കുന്നത്. ദുരന്ത മുഖത്തുപോലും നട്ടാൽ കുരുക്കാത്ത നുണകളുമായി രാഷ്ട്രീയനേട്ടത്തിനും ദുരാരോപണങ്ങളുമായി വോട്ടുലാഭത്തിനും നടത്തുന്ന പ്രതിപക്ഷ — ബിജെപി ശ്രമങ്ങൾ കേരളീയർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നുറപ്പാണ്.