Web Desk

July 15, 2020, 6:08 am

ജയിലുകളിൽ അവർ സുരക്ഷിതരല്ല

Janayugom Online

വിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിനെ തിങ്കളാഴ്ച ജയിലിൽ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യസ്ഥിതി മോശമായ റാവുവിന് മതിയായ ചികിത്സ നല്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല. അതിനാൽ റാവുവിന്റെ അഭിഭാഷകൻ ജാമ്യത്തിനും ചികിത്സ നൽകണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടും ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാസങ്ങൾക്ക് മുമ്പ് തന്നെ നവി മുംബൈയിലെ ടലോജ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. മതിയായ ചികിത്സ നല്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 81 കാരനായ വരവര റാവുവിന് ചികിത്സ നല്കുന്നതിന് തയ്യാറായില്ല. ഇപ്പോള്‍ കോടതിയെ സമീപിച്ചപ്പോഴാണ് അതിന് സന്നദ്ധമായിരിക്കുന്നത്. മെയ് 26 ന് ജയിലിലെ കുളിമുറിയിൽ വീണുപോയ റാവുവിനെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തയ്യാറായില്ല. 28 ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആ വിവരം ബന്ധുക്കളെ പിന്നീടാണ് പ്രാദേശിക പൊലീസ് അറിയിച്ചത്. എന്നാൽ അസുഖത്തിന്റെ കൂടുതൽ വിവരങ്ങൾ നല്കിയില്ല. ജൂൺ രണ്ടിന് പ്രത്യേക എൻഐഎ കോടതിജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്നായിരുന്നു അറിയിച്ചത്. എന്നാൽ ജയിലിലുള്ള മറ്റ് തടവുകാർ റാവുവിന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്കുന്നതെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ബന്ധുക്കളുടെ നിരന്തരമായ അഭ്യർത്ഥന ചെവിക്കൊള്ളാൻ ജയിൽ അധികൃതരോ അന്വേഷണ ഏജൻസിയായ എൻഐഎ യോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചതും അതിനിടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതും. റാവുവിനെപ്പോലെ ആരോഗ്യസ്ഥിതി മോശമായ നിരവധി രാഷ്ട്രീയ — നാമൂഹ്യ — മനുഷ്യാവകാശപ്രവർത്തകരും ജയിലുകളിൽ ഈ അവസ്ഥ നേരിടുകയാണ്. വർഷങ്ങളായി ജയിലിൽ കഴിയുന്ന പലരും ഈ മനുഷ്യാവകാശലംഘനത്തിന്റെ ഇരകളാണ്. രണ്ടാഴ്ചയ്ക്ക് മുമ്പ് കോവിഡ് 19 ലക്ഷണങ്ങൾ കാട്ടിയ അസമിലെ കൃഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖിൽ ഗോഗൊയിയെ ഭാര്യയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് ഒരാഴ്ചയ്ക്കുശേഷം കോവിഡ് പരിശോധനയ്ക്കുപോലും വിധേയമാക്കിയത്.

പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടും മതിയായ ചികിത്സ നല്കിയില്ലെന്ന ആക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന ഗുവാഹത്തി ജയിലിൽ 55 ഓളം തടവുകാർക്കാണ് കോവിഡ് രോഗബാധ കണ്ടെ­­ത്തിയിരുന്നത്. ഇവിടെ കഴിയുന്ന ഗോഗൊയിയുടെ സഹപ്രവർത്തകരായ ധർജ്യ കൊൻവാർ, ബിട്ടു സോ­നോവാൾ എന്നിവരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. ഇവർക്കും മതിയായചികിത്സലഭ്യമല്ലെന്ന ആ­ക്ഷേപം ശക്തമാണ്. ഇതുപോലെതന്നെ വരവര റാവുവിനെ ജയിലിൽ അടച്ച കേസിൽ പ്രതിചേർക്കപ്പെട്ട് തടവിൽ കഴിയുന്ന ആനന്ദ് ടെൽതുംബ്ഡെ (70), ഗൗതം നവലാഖെ (67), സോമ സെൻ (61), സുധ ഭരദ്വാജ് (58) എന്നിവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഡോ.ജി എൻ സായിബാബയുടെ ആരോഗ്യസ്ഥിതി മോശമായിട്ട് ആറ് വർഷത്തിലധികമായിരിക്കുന്നു. അദ്ദേഹത്തിനും മതിയായ ചികിത്സ ലഭ്യമാക്കുന്നതിനോ ജാമ്യം നൽകുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. ലോകത്താകെ കോവിഡ് മഹാമാരി പടർന്നു തുടങ്ങിയപ്പോൾ തന്നെ ലോകാരോഗ്യസംഘടനയടക്കം ജയിലുകളിൽനിന്ന് തടവുകാരെ ജാമ്യത്തിൽ വിടണമെന്ന് നിർദ്ദേശിച്ചിരുന്നതാണ്. ലോകത്തെ പലരാജ്യങ്ങളും അതിന് സന്നദ്ധമായി. കൊടുംകുറ്റവാളികളെ പോലും ഇങ്ങനെ നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വിട്ടയക്കുകയും ചെയ്തു. എന്നാൽ മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ — സാമൂഹ്യ നേതാക്കൾ എന്നിവരെ വിട്ടയക്കുന്നതിന് തയ്യാറായില്ല.

അതുകൊണ്ടാണ് വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായി ചികിത്സ പോലും നിഷേധിക്കപ്പെട്ട് മേല്പറഞ്ഞ പലരും ഇപ്പോഴും ജയിലുകളിൽ കഴിയുന്നത്. അവർ നമ്മുടെ ജയിലുകളിൽ സുരക്ഷിതരല്ലാതാകുന്നത് രോഗങ്ങൾകൊണ്ടു മാത്രമല്ല. അവർ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളും അവിടെ കിടന്നും ദളിത് അവകാശങ്ങൾക്കു വേണ്ടി നടത്തിയ ഇടപെടലുകളും പലർക്കും ഇച്ഛാഭംഗമുണ്ടാക്കുന്നതായിരുന്നു. കൂടാതെ അവർ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങളും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അവരിൽ പലരും ഇപ്പോഴും ഉറങ്ങാതിരിപ്പുണ്ട്.

അത്തരക്കാരുടെ കൂലിക്കാർ തടവറകളിലെന്നോ തെരുവുകളിലെന്നോ വ്യത്യാസമില്ലാതെ അവർക്കു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് അവർ എവിടെയും അരക്ഷിതരാകുന്നത്. എങ്കിലും രോഗബാധയുള്ളവർക്ക്ചികിത്സ ലഭിക്കുകയെന്നത് പൗരാവകാശമാണ്. അതുകൊണ്ട് സുരക്ഷിതമല്ലാത്ത ജയിലുകളിൽനിന്ന് താല്ക്കാലികമായെങ്കിലും പുറത്തിറക്കി അവർക്കെല്ലാം മതിയായ ചികിത്സ നൽകാൻ അധികൃതർ തയ്യാറാകണം. അല്ലെങ്കിൽ ഈ മനുഷ്യാവകാശ- പൗരാവകാശ ലംഘനം അവസാനിപ്പിക്കാൻ നടപടിയെടുത്തുകൊണ്ട് നമ്മുടെ നീതിപീഠങ്ങളെങ്കിലും സാധാരണക്കാരുടെ പ്രതീക്ഷ നിറവേറ്റണം.