കൊടുംകുറ്റവാളിയുടെ കൊല വളരെ മനോഹരമായ ഒരു കെട്ടുകഥ

Web Desk
Posted on July 11, 2020, 6:00 am

ത്തർപ്രദേശിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിന്ന കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവച്ചു കൊന്നു. ഇതുസംബന്ധിച്ച പൊലീസിന്റെ വിശദീകരണം വളരെസുന്ദരമായൊരു തിരക്കഥയ്ക്കപ്പുറം വിശ്വാസ യോഗ്യമായൊരു ഏറ്റുമുട്ടൽകൊലയാണിതെന്ന് സാമാന്യബുദ്ധിയുള്ള ഒരാൾക്കും ബോധ്യപ്പെടുന്നില്ല. ജൂലൈ മൂന്നിന് വികാസ് ദുബെയെയും സംഘത്തെയും പിടികൂടാനുള്ള പൊലീസ് നടപടിക്കിടെ എട്ട്പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയെന്ന ആദ്യവാർത്തയിലൂടെയാണ് വികാസ് ദുബെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. അന്ന് ദുബെ രക്ഷപ്പെട്ടുവെങ്കിലും സംഘത്തിലെ ചിലരെ പൊലീസ് വധിച്ചതായി വാർത്തകളുണ്ടായി.

വികാസ് ദുബെയുംസംഘവുമായി ബന്ധപ്പെട്ട് പിന്നീട് പുറത്തു വന്നതത്രയും ഉത്തർപ്രദേശിലെ ക്രമസമാധാന പരിപാലന വ്യവസ്ഥയുടെ ഭയംജനിപ്പിക്കുന്ന തുടർക്കഥകളായിരുന്നു. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. 2001 ല്‍ ബിജെപി നേതാവിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ 2017 ൽ അധികാരത്തിലെത്തിയതു മുതൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ച കുറ്റവാളികൾക്കെതിരായ വേട്ടയാടൽ നടപടിയിൽ — ഔദ്യോഗിക ഭാഷ്യമനുസരിച്ച് ഏറ്റുമുട്ടലുകളിൽ — വികാസ് ദുബെയുടെ പേരുണ്ടായിരുന്നില്ല. ബിജെപി നേതാവിനെ വധിച്ച കുറ്റവാളിയായിട്ടുപോലും പ്രസ്തുത പട്ടികയിൽ ഇടംപിടിക്കാതെ പോയത് അത്രയും അടുപ്പം സംസ്ഥാനത്തെ ഭരണ നേതൃത്വവും ജനനേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന വെളിപ്പെടുത്തലുകൾ.

കുറ്റവാളികളുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തണമെന്നും ഉന്നതരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും കാട്ടി ജൂലൈ മൂന്നിലെ സംഭവത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഉന്നതർക്ക് നല്കിയ കത്ത് പുറത്തു വരികയുമുണ്ടായി. മാത്രവുമല്ല സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ദുബെ 2017 ൽ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളും പുനഃസംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തന്നെ ഓരോ ഘട്ടത്തിലും രക്ഷപ്പെടുത്തിയ പ്രമുഖരെ കുറിച്ച് പറയുന്നതിൽ ഏറെയും ബിജെപി നേതാക്കളാണെന്ന് ദേശീയമാധ്യമങ്ങൾ പ്രസ്തുത ദൃശ്യങ്ങൾ അവതരിപ്പിച്ചു പ്രസിദ്ധീകരിച്ച വാർത്തയിൽ വിശദീകരിക്കുന്നു. ഇപ്പോഴത്തെ നടപടിക്ക് നേതൃത്വം നല്കിയ ഡെപ്യൂട്ടി പൊലീസ് ഓഫീസർ ദേവേന്ദ്ര മിശ്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് ഉന്നതർക്കയച്ച കത്തും ഈ സംഭവത്തിന് ശേഷം പുറത്തായിട്ടുണ്ട്. ദുബെയുമായി ഉന്നതർക്ക് ബന്ധമുണ്ടെന്നും രഹസ്യങ്ങൾ പൊലീസിൽ നിന്ന് തന്നെ ചോർത്തപ്പെടുന്നുണ്ടെന്നുമാണ് കത്തിലുണ്ടായിരുന്നത്. ഇതിൽനിന്നു തന്നെ ദുബെ എന്തുകൊണ്ടാണ് കുറ്റവാളികളുടെ പട്ടികയിൽ ഇതുവരെ ഉൾപ്പെടാതിരുന്നതെന്ന് വ്യക്തമാകുന്നുണ്ട്.

ദേവേന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ദുബെയെ പിടികൂടാനുള്ള നടപടിയും ചോർന്നുവെന്ന് സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. വൻസന്നാഹത്തോടെയെത്തിയ സംഘത്തെ വഴിയിൽ തടഞ്ഞാണ് വെടിവയ്പുണ്ടാകുന്നതും എട്ട് പൊലീസുകാരുടെ കൊലപാതകത്തിൽ കലാശിക്കുന്നതും. ഇതിന്റെ തുടർച്ചയായി സംഘത്തിലെ ചിലരെ വെടിവച്ചു കൊല്ലുകയായിരുന്നു പൊലീസ് ചെയ്തു കൊണ്ടിരുന്നത്. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജൈനി മഹാകൽ ക്ഷേത്രത്തിന് സമീപം വച്ച് കീഴടങ്ങിയ ദുബെയെ ഉത്തർപ്രദേശിലെത്തിച്ച് നേരത്തേ തയ്യാറാക്കിയ തിരക്കഥയ്ക്കനുസൃതമായി അപകടം, രക്ഷപ്പെടാനുള്ള ശ്രമം എന്നിങ്ങനെ കഥകൾ മെനഞ്ഞ് വെടിവച്ചു കൊല്ലുകയാണുണ്ടായത്.

ഈ സംഭവം ഉണ്ടാകുന്നതിന് അല്പമകലെ വച്ച് ദുബെയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്ന മാധ്യമ സംഘത്തെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടയുന്നുണ്ട്. ഇതെന്തിനായിരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. മാത്രമല്ല ദുബെ യുപി പൊലീസ് പറയുന്നത്രയും കൊടും ക്രിമനലാണെങ്കിൽ ജീവനോടെ പിടികൂടാനാണ് ഏതൊരു പൊലീസും ശ്രമിക്കുക. ഇദ്ദേഹത്തിന്റെ സംഘത്തിലെ അഞ്ചുപേർ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടിരുന്നതാണ്. അങ്ങനെ മുൻ അനുഭവങ്ങളുണ്ടായിട്ടും വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ വാഹനം നിൽക്കുമ്പോൾ ഇറങ്ങി ഓടാൻ പാകത്തിൽ ദുബെയെ കൊണ്ടുവന്നതെന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. പിന്തുടർന്ന മാധ്യമപ്രവർത്തകരും ചില കാൽനടയാത്രികരും പുലർച്ചെ നാലുമണിക്ക് ദുബെ സഞ്ചരിക്കുന്നതായി കണ്ട വാഹനമായിരുന്നില്ല രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് പൊലീസ് അവതരിപ്പിച്ച വാഹനമെന്നതും സംശയം വർധിപ്പിക്കുന്നു.

ഇതുപോലെ ആദിത്യനാഥിന്റെ പൊലീസിന് യുക്തിഭദ്രമായി വിശദീകരിക്കാൻ സാധിക്കാത്ത കുറേ ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ട്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് ദുബെയെ ജീവനോടെ പിടികൂടുന്നതിന് യുപി പൊലീസിന് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു തന്നെയാണ്. കാരണം ദേവേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടാൻ നടന്ന ശ്രമത്തെ തുടർന്ന് ഭരണ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങൾ പുറത്തുവന്നിരുന്നു. ജീവനോടെ പിടികൂടിയാൽ ഇതിന്റെ വിശദാംശങ്ങളും പുറത്തുവരും. അതിന് ആദിത്യനാഥിന്റെ സർക്കാരിന് താല്പര്യമില്ല. ഇതെല്ലാംകൊണ്ടാണ് വളരെ മനോഹരമായൊരു തിരക്കഥയ്ക്ക് അനുസരിച്ചാണ് ഈ കൊല നടന്നിരിക്കുന്നതെന്ന് വ്യക്തമാകുന്നത്.