6 October 2024, Sunday
KSFE Galaxy Chits Banner 2

ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്

Janayugom Webdesk
May 22, 2023 5:00 am

മേയ് 11ന് ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്ന് ഡല്‍ഹിയിലെ ഭരണനിയന്ത്രണം സംബന്ധിച്ച് സുപ്രധാനമായ വിധിയുണ്ടായി. ഭരണഘടനയും അത് വ്യവസ്ഥ ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു പ്രസ്തുത വിധി. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ആഭ്യന്തര വകുപ്പിനെയും കളിപ്പാവകളായി പ്രതിഷ്ഠിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും ഉപയോഗിച്ച് ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ശ്വാസംമുട്ടിക്കുകയും ഭരണ നിര്‍വഹണത്തില്‍ ഇടപെടുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമാ കോലി, പി എസ് നരസിംഹ എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയത്. ഭരണഘടനയുടെ 239 എ എ അനുച്ഛേദപ്രകാരം ഭരണപരമായ അധികാരം ആര്‍ക്കെന്ന വിഷയത്തില്‍ തീര്‍പ്പ് കല്പിച്ചുകൊണ്ട് ഭരണ നിര്‍വഹണം, നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ക്കാണ് പൂര്‍ണാധികാരമെന്നായിരുന്നു വിധിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിനു കീഴെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചിരിക്കണമെന്ന പിടിവാശിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തിലുണ്ടായി.


ഇത് കൂടി വായിക്കൂ: നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ | JANAYUGOM EDITORIAL


സാധ്യമാകാതെ വന്നപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകളും ആരംഭിച്ചു. അതോടൊപ്പംതന്നെ ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഇടങ്കോലിടുവാനും ഭരണ നടപടികള്‍ തടസപ്പെടുത്തുവാനും ശ്രമിച്ചു. ഡല്‍ഹി കോര്‍പറേഷനില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഭരണമുപയോഗിച്ച് പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തുന്ന സമീപനങ്ങളുമുണ്ടായി. ഡല്‍ഹി കോര്‍പറേഷനില്‍ ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായപ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് അമിതാധികാരം നല്കി മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും ശ്രമിച്ചു. ജനാധിപത്യപരമായുള്ള മേയര്‍ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് പരമോന്നത കോടതിയുടെ ഇടപെടല്‍ വേണ്ടിവരികയും ചെയ്തു. ഇന്ത്യന്‍ സിവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കുന്ന രീതിയും കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചു. ഇങ്ങനെ പലവിധത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് സാധ്യമാകാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തപ്പോഴാണ് ഡല്‍ഹിയുടെ അധികാരം സംബന്ധിച്ച നിയമ വ്യവഹാരങ്ങളുണ്ടായത്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തിരിച്ചടി നല്കുന്നതായിരുന്നു ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.


ഇത് കൂടി വായിക്കൂ: ലെനിന്റെ വര്‍ധിക്കുന്ന പ്രസക്തി | JANAYUGOM EDITORIAL


ഓഫിസര്‍മാരുടെ ചുമതല സര്‍ക്കാരിലെ മന്ത്രിമാര്‍ക്കാണെന്ന് വിധിപ്രസ്താവത്തിലുണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി മറികടക്കുന്നതിനുവേണ്ടി, ഡല്‍ഹിയിലെ ദൈനംദിന ഭരണത്തില്‍ ഇടപെടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സര്‍വാധികാരം നല്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുക മാത്രമല്ല ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നോക്കുകുത്തിയാക്കുന്നതുമാണ് പ്രസ്തുത ഓര്‍ഡിനന്‍സ്. മുഖ്യമന്ത്രി അധ്യക്ഷനായി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി ഓഫിസര്‍മാരുടെ നിയമനം, സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടത്തണമെന്നും സമിതിയുടെ തീരുമാനം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. സമിതിയില്‍ ഭിന്നതയുണ്ടായാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനമെടുക്കാം. സമിതിയില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വിധേയരായ ഉദ്യോഗസ്ഥരായിരിക്കുമെന്നതിനാല്‍ തീരുമാനങ്ങളെല്ലാം കേന്ദ്രത്തിന്റെ വരുതിയില്‍ നില്‍ക്കുന്ന സ്ഥിതിയുണ്ടാകും. കൂടാതെ സമിതിയിലെ തര്‍ക്കവിഷയങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാമെന്നും ചോദ്യം ചെയ്യപ്പെടരുതെന്നുമുള്ള വ്യവസ്ഥ സ്വേച്ഛാധിപത്യമായി മാറുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പാവകള്‍ മാത്രമാണ് ഗവര്‍ണര്‍ പദവിയിലിരിക്കുന്നത് എന്നതിനാല്‍ തീരുമാനങ്ങള്‍ കേന്ദ്ര താല്പര്യങ്ങള്‍ക്ക് അനുസൃതവുമായിരിക്കും. ഫലത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷമില്ലാതെയും മന്ത്രിസഭ രൂപീകരിക്കാതെയും ഡല്‍ഹിയുടെ ഭരണം നടത്താനുള്ള കുതന്ത്രമാണ് ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം പയറ്റുന്നത്. ഭരണഘടനയെ തോല്പിക്കുന്നതിന് ഓര്‍ഡിനന്‍സ്‌രാജ് അവലംബിക്കുകയുമാണ് ഇതിലൂടെ കേന്ദ്രം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.