
നിലവിലുള്ള സർക്കാരുകളിൽ നിന്ന് തെറ്റായ സമീപനങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് തിരുത്തിക്കുന്നതിനുള്ള സമരങ്ങൾ പ്രതിപക്ഷം നടത്തുന്നത് സ്വാഭാവികമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി സർക്കാരിനെതിരെ എന്ന പേരിൽ യുഡിഎഫ് നടത്തുന്ന സമരങ്ങളെല്ലാം പൊളിയുന്നതാണ് കേരളം കാണുന്നത്. അതിനുള്ള പ്രധാന കാരണം പ്രതിപക്ഷം ഉന്നയിക്കുന്ന സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളിൽ കഴമ്പില്ലെന്നതിനാൽ ജനങ്ങൾ തള്ളിക്കളയുന്നതാണ്. ഒമ്പതുവർഷത്തിലധികമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ നിലപാടുകളും സാമൂഹ്യക്ഷേമ പദ്ധതികളും അനുഭവവേദ്യമാകുകയും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ഗുണഭോക്താക്കളാകുകയും ചെയ്യുന്ന ജനങ്ങൾ പ്രതിപക്ഷ സമരങ്ങളെ തള്ളിക്കളയുന്നുവെന്നതിന് അടുത്തകാലത്ത് നിരവധി ഉദാഹരണങ്ങളുണ്ടായി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലും സാമൂഹ്യക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിതരണം ചെയ്യുന്നതിലും സർക്കാർ കാട്ടുന്ന പ്രതിജ്ഞാബദ്ധത പ്രശംസനീയമാണ് എന്നതിനാലും ജനങ്ങളിൽ നിന്ന് അവരുടെ പ്രഹസന സമരങ്ങൾ ഒറ്റപ്പെടുന്നതിനിടയാക്കുന്നു. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടുമെന്നതുപോലെ കേരളത്തോടും ശത്രുതാപരമായ സമീപനങ്ങൾ സ്വീകരിക്കുമ്പോഴും കേന്ദ്രാനുകൂല സമീപനങ്ങളും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. ഇത് തിരിച്ചറിയുന്നതുകൊണ്ട് പൊതുസമൂഹം പ്രതിപക്ഷത്തിന്റെ സമരങ്ങളുടെ ധാർമ്മികതയില്ലായ്മ കൊണ്ടും അവരെ അവഗണിക്കുന്നു. അടുത്തിടെ പ്രതിപക്ഷം പ്രഖ്യാപിച്ച പല സമരങ്ങളും പാതിവഴിയിൽ അവസാനിച്ചതും തുടരാനാകാതെ പോയതും അക്കാരണങ്ങളാലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന കസ്റ്റഡി മർദനത്തിന്റെ, അടുത്തിടെ പുറത്തുവന്ന ദൃശ്യങ്ങളുടെ പേരിൽ നിയമസഭയിൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് രണ്ട് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ലെങ്കിലും സമരം നിർത്തിപ്പോകേണ്ടിവരികയായിരുന്നു.
ഈ സാഹചര്യത്തിൽ ആക്രമണ സമരങ്ങളിലൂടെ പിടിച്ചുനിൽക്കാനുള്ള ഗൂഢാലോചനകൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്. നിയമസഭയിൽ തുടർച്ചയായി സംഘർഷം സൃഷ്ടിക്കുവാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നതാണ്. തുടർച്ചയായി സഭാസ്തംഭനമുണ്ടാക്കുകയും വാച്ച് ആന്റ് വാർഡിനെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ് ചീഫ് മാർഷലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ തെരുവിൽ കലാപമുണ്ടാക്കുന്നതിനായി നീക്കം. സമരങ്ങളുടെ പേരിൽ സംഘർഷമുണ്ടാക്കുന്ന പ്രതിപക്ഷ പ്രചരണങ്ങൾ അതേരീതിയിൽ ആവർത്തിക്കുന്നതിന് ചില മാധ്യമങ്ങൾ കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് പേരാമ്പ്രയിൽ ബോധപൂർവമായി സംഘർഷം സൃഷ്ടിക്കുകയും അതിന്റെ പേരിൽ സംസ്ഥാന വ്യാപകമായി അക്രമ സമരങ്ങൾ നടത്തുകയും ചെയ്തത്. പേരാമ്പ്രയിൽ ബോധപൂർവം സംഘർഷമുണ്ടാക്കിയതിന്റെ ഫലമായി വടകര പാർലമെന്റ് അംഗമായ ഷാഫി പറമ്പിലിന് പൊലീസ് നടപടിയിൽ പരിക്കേറ്റതിന്റെ പേരിൽ കുപ്രചരണങ്ങൾക്കാണ് കോൺഗ്രസും യുഡിഎഫും ശ്രമിച്ചത്. ഏകപക്ഷീയ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന കുപ്രചരണവും നടത്തി. എന്നാൽ ബോധപൂർവമായി സംഘർഷം സൃഷ്ടിക്കുകയും അതിന്റെ പേരിൽ സംസ്ഥാന വ്യാപകമായി കലാപം നടത്താൻ ശ്രമിക്കുകയുമാണ് ഉണ്ടായതെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞതിന്റെയും വലിയ കല്ലുകളുമായി പ്രകടനത്തിനെത്തിയതിന്റെയും വടി ഉപയോഗിച്ച് അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിൽ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചില കോളജുകളിൽ മാത്രം നേടിയ വിജയത്തെ തുടർന്നുള്ള ആഹ്ലാദപ്രകടനത്തെ കലാപമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ഹർത്താലും മറ്റും നടത്തി സംഘർഷമുണ്ടാക്കി. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സംസ്ഥാനത്താകെ സമരാഭാസം നടത്തി സംഘർഷം വ്യാപിപ്പിക്കുകയും ചെയ്യുകയാണ്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുമാണ് യുഡിഎഫിന്റെ ശ്രമം. തമ്മിലടിയും ആഭ്യന്തര സംഘർഷങ്ങളും പതിവാകുകയും നിലനില്പ് തന്നെ അപകടത്തിലാകുകയും ചെയ്യുന്ന ഘട്ടത്തിൽ സർക്കാരിനെതിരെ കുപ്രചരണങ്ങൾ നടത്തി നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നതാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അവർ നടത്തിയ ആഭാസ സമരങ്ങളും കുപ്രചരണങ്ങളും നമ്മുടെ ഓർമ്മയിലുണ്ട്. അതൊന്നും വിലപ്പോയില്ലെന്നതും എൽഡിഎഫ് തുടർഭരണം നേടിയെന്നതും കേരളത്തിന്റെ അനുഭവമാണ്. അതുപോലെ എന്തൊക്കെ സമരാഭാസം സംഘടിപ്പിച്ചാലും കുപ്രചരണങ്ങൾ നടത്തിയാലും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.