Thursday
21 Feb 2019

തീന്‍മേശ വിഷലിപ്തമാക്കുന്നതിനെതിരെ ഭക്ഷ്യ ആരോഗ്യനയവും നിയമവും അനിവാര്യം

By: Web Desk | Tuesday 3 July 2018 10:29 PM IST

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വീടുകളിലായാലും പുറത്തായാലും നമ്മുടെ തീന്‍മേശകള്‍ വിഷക്കൂട്ടുകളാല്‍ സമൃദ്ധമാണെന്നത് പുതിയ അറിവല്ല. ഓരോ തവണയും ഭക്ഷ്യയോഗ്യമല്ലാത്ത ഹോട്ടല്‍ ഭക്ഷണവും മാരകമായ ഭക്ഷ്യവസ്തുക്കളും ബന്ധപ്പെട്ട അധികൃതര്‍ ഒരു ചടങ്ങുപോലെ പിടികൂടുമ്പോഴും ഞെട്ടലോടെ അത് നാം തിരിച്ചറിയുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ ജീവിതത്തിലെ മറ്റുപല ദുരന്തങ്ങളും എന്നപോലെ അത് വിസ്മൃതിയില്‍ ലയിച്ചുപോകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുമുമ്പ് സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും ഫോര്‍മലിന്‍ കലര്‍ന്ന ടണ്‍കണക്കിന് മത്സ്യം കണ്ടെത്തിയതോടെ ഭക്ഷ്യവസ്തുക്കളില്‍ മാരകമായ വിഷം കലര്‍ത്തി കേരളത്തിന്റെ വിപണിയില്‍ എത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നമുക്കിടയില്‍ വീണ്ടും സജീവമായി. അത്തരം കുറ്റകരവും മനുഷ്യത്വഹീനവുമായ കച്ചവട താല്‍പര്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിരവധി നടപടികള്‍ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. അവയ്‌ക്കെതിരെ നിരന്തര നിരീക്ഷണവും ജാഗ്രതയും പുലര്‍ത്തുന്നതിനുള്ള സംവിധാനങ്ങളെയും മാര്‍ഗങ്ങളെയും പറ്റിയും അതിനാവശ്യമായ കര്‍ക്കശ നിയമ നടപടികളെയും നിയമനിര്‍മാണത്തെപ്പറ്റിതന്നെയും ചര്‍ച്ചകള്‍ക്ക് ‘ഓപ്പറേഷന്‍ സാഗര്‍റാണി’ വഴിയൊരുക്കി. അതിനോടൊപ്പം രാജ്യത്ത് ഏറ്റവുമധികം പാക്ക് ചെയ്ത കുടിവെള്ളം വിറ്റഴിയുന്ന കേരളത്തില്‍ വിപണിയിലെത്തുന്ന കുപ്പിവെള്ളത്തില്‍ നല്ലൊരു ഭാഗവും മനുഷ്യോപയോഗ യോഗ്യമല്ലെന്നും കണ്ടെത്തി. ഇപ്പോഴും രാജ്യത്ത് ഏറ്റവുമധികം തെങ്ങുകളുള്ള, സിംഹഭാഗം പാചകാവശ്യത്തിനും വെളിച്ചെണ്ണ ഉപയോഗിക്കുന്ന, കേരളത്തില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമാണെന്ന വാര്‍ത്തയും പുറത്തുവന്നു. ഈ വാര്‍ത്തകളെല്ലാം മലയാളിയില്‍ പതിവു ഞെട്ടല്‍ സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ജീവിത ദുര്യോഗത്തിന്റെ പട്ടികയില്‍പ്പെടുത്തി നാം മുന്നോട്ടുപോകുകയാണ്. മാരകവിഷങ്ങളും മായവും കലര്‍ന്ന ഭക്ഷ്യവസ്തുക്കളെ ഒരു ജീവിതയാഥാര്‍ഥ്യമായി നിസംഗമായ ലാഘവബുദ്ധിയോടെ സഹിക്കുന്ന മരവിച്ച മാനസികാവസ്ഥയിലാണ് മലയാളി എത്തിനില്‍ക്കുന്നത്, ഒരുതരം നിസഹായാവസ്ഥ.
കേരളത്തിന്റെ ഭക്ഷ്യവിപണിയില്‍ വിറ്റഴിയുന്ന പഴം-പച്ചക്കറികള്‍ മുതല്‍ മാംസവും സമുദ്രോല്‍പന്നങ്ങള്‍ വരെയും കുപ്പിയില്‍ നിറച്ച കുടിവെള്ളം മുതല്‍ വിവിധയിനം മസാലപ്പൊടികളും അരിയും ധാന്യോല്‍പന്നങ്ങളുമടക്കം ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ തീന്‍മേശകളെ വിഷലിപ്തമാക്കി മാറ്റിയിരിക്കുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ഏതാണ്ട് എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും അയല്‍ക്കാരടക്കം ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം നിലനില്‍ക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ കൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങി മിക്ക കാര്‍ഷിക കാര്‍ഷികാനുബന്ധ സംരംഭങ്ങളും തൊഴില്‍ മേഖലകളും വലിയൊരളവ് കേരള വിപണിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. മത്സ്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാന സമ്പദ്ഘടനയുടെ ദുര്‍ബലതയുമായി പൊരുത്തപ്പെടാത്ത ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗമാണ് നമ്മുടേത്. വസ്തുത ഇതായിരിക്കെ ഒരു ജനതയുടെയാകെ ആരോഗ്യത്തെയും ആയുസിനെയും ആരോഗ്യ പരിരക്ഷാ ചെലവുകളെയും തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്ന ഭക്ഷ്യവിപണിയെ സമഗ്രമായി നിയന്ത്രിക്കുന്ന ഭക്ഷ്യ-ആരോഗ്യ നയത്തിനും അതിന്റെ കര്‍ക്കശമായ നിര്‍വഹണത്തിനും അടിയന്തര നടപടികള്‍ കൂടിയെ തീരൂ. വിഷവും മായവും കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്താതെ അവയുടെ സ്രോതസില്‍ തന്നെ തടയാന്‍ പര്യാപ്തമായിരിക്കണം അത്തരമൊരു നയപരിപാടി. അത് കേരളത്തെ ഒറ്റപ്പെട്ട ഒരു തുരുത്തായി കണ്ട് നടപ്പാക്കാവുന്ന നയപരിപാടിയായിക്കൂടാ. രാജ്യത്തെ ഒട്ടാകെ ഒരു വിപണിയായി കാണുന്ന ജിഎസ്ടി പോലുള്ള നികുതി സംവിധാനം ആവിഷ്‌കരിച്ച് സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ച കേന്ദ്ര സര്‍ക്കാരിനും ഇക്കാര്യത്തില്‍ അവഗണിക്കാനാവാത്ത ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യ വിപണിയെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതുമായ നയത്തെപ്പറ്റി ചിന്തിക്കുന്നതിനൊപ്പം സമാനവും കൂടുതല്‍ സമഗ്രവും രാജ്യത്തിനാകെ ബാധകവുമായ ഒരു ഭക്ഷ്യ ആരോഗ്യ നയരൂപീകരണത്തിന് കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നമുക്ക് കഴിയണം.
ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും സന്തുഷ്ടവുമായ ഒരു ജനതയാണ് ഒരു ക്ഷേമ രാഷ്ട്രീയത്തിന്റെ അഭിമാനമുദ്ര. തീര്‍ത്തും ദുര്‍ബലമായ ഒരു സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പോലും രാജ്യത്തെ ഏറ്റവും ആയുര്‍ ദൈര്‍ഘ്യമുള്ള സ്ത്രീ-പുരുഷന്മാരുടെ സമൂഹമായി കേരളത്തെ നമുക്ക് മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിന്റെ കൂടി നേട്ടമാണ്. ആ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭ്യമാക്കാന്‍ നമുക്ക് കഴിയണം. കേരള സമൂഹം ആകെയും ഭരണകൂടവും നിയമനിര്‍മാതാക്കളും ആ ദിശയില്‍ ചിന്തിക്കാന്‍ ഇനി തെല്ലും കാലവിളംബം അരുത്.