ഒടുവില്‍ 2027ല്‍ രണ്ട് ഘട്ടങ്ങളിലായി സെന്‍സസ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ വിജ്ഞാപനവും രണ്ട് ഘട്ടങ്ങളിലെ തീയതികളും ഈ മാസം 16ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വെളിപ്പെടുത്തിയിരിക്കുന്നു. സെന്‍സിനൊപ്പം ജാതി കണക്കെടുപ്പും നടത്തുമെന്ന പ്രഖ്യാപനമുണ്ട്. രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന് വര്‍ഷങ്ങളായി പ്രതിപക്ഷം ആവശ്യപ്പെട്ട് വരികയായിരുന്നു. ആ ആവശ്യത്തെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 30നാണ് അപ്രതീക്ഷിതമായി, ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഈ മലക്കംമറിച്ചിലിന് പിന്നിലെ രാഷ്ട്രീയ അജണ്ട വ്യക്തമാണ്; വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെപ്പോലും ജാതി സെൻസസിനെ പ്രതിപക്ഷത്തിന്റെ അർബൻ നക്സൽ ചിന്താഗതി എന്ന് വിമർശിച്ചയാളാണ് നരേന്ദ്ര മോഡി. പെട്ടെന്നുണ്ടായ മനംമാറ്റം പിന്നാക്ക ജനതയോടുള്ള സ്നേഹമോ കരുതലോ അല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒബിസി വോട്ടർമാരെ ആകർഷിക്കുക മാത്രമാണ് ലക്ഷ്യമെന്നതിന് കൂടുതല്‍ തെളിവുകള്‍ വേണ്ട.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങള്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തി ഡാറ്റ പുറത്തുവിട്ടിരുന്നു. തുടക്കം കുറിച്ചത് ബിഹാര്‍ സര്‍ക്കാരാണ്. നിലവിലെ സാമൂഹ്യാവസ്ഥയുടെ ദയനീയതയും പിന്നാക്കക്കാരുടെ സംവരണശതമാനത്തിലെ അസന്തുലിതത്വവും സംസ്ഥാന ജാതി സെന്‍സസുകള്‍ പുറത്തുകൊണ്ടുവന്നു. ജനസംഖ്യയിലെ 36.01 ശതമാനം അതിപിന്നാക്ക വിഭാഗക്കാരും 27.12 ശതമാനം പിന്നാക്കക്കാരും ആണെന്നാണ് ബിഹാറിലെ പ്രധാന കണ്ടെത്തൽ. 19.7 ശതമാനം പട്ടികജാതിയിൽപ്പെടുന്നവരും 1.68 ശതമാനം പട്ടികവർഗക്കാരുമാണ്. 15.52 ശതമാനം മാത്രമാണ് മുന്നാക്ക വിഭാഗം. ഇത് മാതൃകയായെടുത്താല്‍ രാജ്യത്തൊട്ടാകെ സംവരണക്രമത്തില്‍ അടിമുടി മാറ്റം വരേണ്ടതുണ്ട്. ദളിത്, ഒബിസി വിഭാഗം ജനതയുടെ സംവരണത്തെ എന്നും എതിര്‍ത്തിരുന്ന ആര്‍എസ്എസിന് പുതിയ കണക്കുകള്‍ അസ്വസ്ഥതയുണ്ടാക്കി. ‘ഭൂരിപക്ഷ ഹിന്ദു‘വിന്റെ നിർമ്മാണത്തിനായി യത്നിക്കുന്നവര്‍ക്ക്, തങ്ങളുടെ അധികാര പങ്കാളിത്തത്തിന്, ഈ സംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന രാഷ്ട്രീയഘടന നിർണായകമാണെന്ന് തോന്നിയിരിക്കണം. ‘ഹിന്ദു’ ഐക്യം എന്ന തങ്ങളുടെ പദ്ധതിക്ക് ഭീഷണിയായാണ് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെ അവര്‍ കണ്ടിരുന്നത്. ‘ഹിന്ദു സമൂഹത്തെ’ തകർക്കാനുള്ള ഗൂഢാലോചനയായും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കോൺഗ്രസും പ്രാദേശിക പാർട്ടികളും ജാതി സെൻസസിനെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ഉപകരണമായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നത് തടയേണ്ടത് ഹിന്ദുത്വക്കാര്‍ക്ക് അനിവാര്യമായിരിക്കുന്നു. ഒബിസി, എസ്‌സി, എസ്‌ടി വിഭാഗങ്ങളിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞ്, ഹിന്ദു സമൂഹത്തിന്റെ ഏകീകരണ പ്രചരണം ശക്തിപ്പെടുത്തുകയും വേണം. ജാതി സെൻസസിനെ ദേശീയ ഐക്യത്തിന് ഭീഷണിയായും, സംവരണവുമായി ബന്ധമില്ലാത്തതായും വിമർശിച്ചിരുന്ന ആർഎസ്എസിന്റെ നയവ്യതിയാനം, കേവല രാഷ്ട്രീയത്തിനപ്പുറം മേല്പറഞ്ഞ ദീർഘകാല ലക്ഷ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ജാതിയും ജാതിബന്ധങ്ങളും ഹിന്ദു സമൂഹത്തിന്റെ സെൻസിറ്റീവ് വിഷയങ്ങളാണെന്നും ഇത് ദേശീയ ഐക്യവും അഖണ്ഡതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ വ്യക്തമാക്കിയത് ജാതി സെൻസസിനെ ഹിന്ദുത്വ അജണ്ടയ്ക്ക് അനുഗുണമായി പുനർനിർവചിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണണം. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ സമ്മർദത്തോടൊപ്പം ജാതി സെൻസസെന്ന അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ബിജെപിയെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍ 1951 മുതൽ 2011 വരെയുള്ള ഓരോ സെൻസസിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, മറ്റ് ജാതികളെക്കുറിച്ച് അത്തരം വിവരങ്ങൾ ലഭ്യമല്ല. 2021ലായിരുന്നു അവസാനം സെന്‍സസ് നടക്കേണ്ടിയിരുന്നത്. 2020ല്‍ വ്യാപകമായ കോവിഡ് മൂലം നടപടികള്‍ മാറ്റിവച്ചു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന ഉദാസീനതയില്‍ വിമര്‍ശനം ശക്തമായി. അതിനിടയില്‍ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സെന്‍സസ് നടപടിയില്‍ ഒട്ടേറെ ദുരൂഹതകളും ഒളിഞ്ഞിരിപ്പുണ്ട്. സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), പൗരന്മാരുടെ ദേശീയ രജിസ്റ്റർ (എൻആർസി) എന്നീ രാഷ്ട്രീയ അജണ്ടകളിലേക്ക് കടക്കാന്‍ മോഡി സര്‍ക്കാര്‍ നീക്കം നടത്തിയേക്കും. ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതും അവരുടെ ലക്ഷ്യമാണ്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കുറയ്ക്കുകയും ജനസംഖ്യ ക്രമാതീതമായി വർധിച്ച യുപി ഉള്‍പ്പെടെ സ്വാധീന മേഖലകളില്‍ സീറ്റ് വർധിപ്പിപ്പിക്കുകയും ചെയ്യും. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി ജാതിക്കോളം ഉൾപ്പെടുത്തിയുള്ള സെൻസസ് പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.