August 7, 2022 Sunday

Related news

August 7, 2022
August 6, 2022
August 6, 2022
August 5, 2022
August 4, 2022
August 4, 2022
August 4, 2022
August 3, 2022
August 2, 2022
August 2, 2022

രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന അട്ടിമറികള്‍ തുടര്‍ക്കഥയാകുന്നു

Janayugom Webdesk
July 1, 2022 5:00 am

മഹാരാഷ്ട്ര, ബിജെപിയുടെ കൂറുമാറ്റ കുതിരക്കച്ചവട സമ്മർദ്ദരാഷ്ട്രീയത്തിന്റെ അന്ത്യമല്ലെന്ന സൂചനകളാണ് ഝാർഖണ്ഡടക്കം പ്രതിപക്ഷപാർട്ടി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽനിന്നും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെയും തങ്ങളുടെ കോർപറേറ്റ് ചങ്ങാതിക്കൂട്ടങ്ങളുടെയും പണക്കൊഴുപ്പും അധികാര രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായി മാറിയ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ പേശീബലവും പ്രതിപക്ഷപാർട്ടികളിലും മുന്നണികളിലും നിലനിൽക്കുന്ന ഭിന്നതകളും മുതലെടുത്ത് 2024 പൊതുതെരഞ്ഞെടുപ്പിനു മുൻപുതന്നെ രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാനുള്ള തീവ്രയത്നത്തിലാണ് ബിജെപി. ആ ദിശയിൽ മഹാരാഷ്ട്രയിൽ കൈവരിച്ച വിജയം പുതിയ അശ്വമേധങ്ങൾക്ക് കരുത്തുപകരുന്നു.

അടുത്തകാലത്ത് ബിജെപിയുടെ ശീതളച്ഛായയിൽ അഭയംതേടിയ പശ്ചിമബംഗാളിലെ സുവേന്ദു അധികാരിയടക്കം പല ബിജെപി നേതാക്കളുടെ സമീപകാല പരസ്യ പ്രസ്താവനകൾ അത്തരം സാധ്യതകളിലേക്ക് വിരൽചൂണ്ടിയിരുന്നു. അവയിൽ ഏറ്റവും ദുർബല കണ്ണിയായ ഝാർഖണ്ഡായിരിക്കും ആദ്യത്തെ ഇര എന്നതിന്റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ഝാർഖണ്ഡിലെ മഹാഗഡ്ബന്ധൻ സർക്കാരിനെ നയിക്കുന്ന ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നൽകിയ പിന്തുണ കേവലം സാന്താൾ സൗഭ്രാതൃത്വം മാത്രമല്ലെന്ന് അവിടത്തെ രാഷ്ട്രീയം അറിയുന്നരെല്ലാം തിരിച്ചറിയുന്നു. മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സൊരേന്‍ ഖനികൾ പാട്ടത്തിനു നൽകിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലാണ്.

ഖനികളുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ തന്റെയും ബന്ധുക്കളുടെയും പാർട്ടി എംഎൽഎമാരുടെയും പേരിൽ ഖനികൾ പാട്ടത്തിന് അനുവദിച്ചത് സംബന്ധിച്ച് അ യോഗ്യത കല്പിക്കാതിരിക്കാൻ കാരണം ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു. ഇഡി ഇതുസംബന്ധിച്ച് ഝാർഖണ്ഡിലും അയൽസംസ്ഥാനങ്ങളിലും തിരച്ചിൽ നടത്തുകയും 19 കോടിയിൽപ്പരം രൂപ പിടിച്ചെടുക്കുകയും തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അഴിമതിക്കെതിരായ നടപടികൾ എന്നതിലുപരി എതിരാളികളെ വരുതിയിലാക്കുക എന്നതാണ് മോഡിസർക്കാരിന്റെ ലക്ഷ്യം എന്നത് ബിജെപിയുടെ രാഷ്ട്രീയക്കളികൾ തിരിച്ചറിയുന്നവർ മനസിലാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ കളികൾക്ക് ഇപ്പോൾ പുതുമ നഷ്ടപ്പെട്ടിരിക്കുന്നു.

കർണാടകത്തിലും പശ്ചിമബംഗാളിലും ഇപ്പോൾ മഹാരാഷ്ട്രയിലും അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളുടെ തനിയാവർത്തനമാണ് ഝാർഖണ്ഡിലും പ്രയോഗിക്കപ്പെടുന്നത്. നിയമവാഴ്ച ഉറപ്പുവരുത്താനുള്ള ഭരണഘടനാ സ്ഥാപനങ്ങളും ഏജൻസികളും മോഡി ഭരണകൂടത്തിന്റെ കൈകളിൽ എതിരാളികളെ വരുതിയിലാക്കാനും അഴിമതിക്കാരുടെ സംരക്ഷണത്തിനുമുള്ള ഉപകരണങ്ങളായി മാറുകയാണ്. ശാരദ ചിട്ടി കുംഭകോണത്തിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കാൻ ഉപയോഗിച്ച തന്ത്രം തന്നെയാണ് മോഡി ഭരണകൂടം ഝാർഖണ്ഡിലും പ്രയോഗിക്കുന്നത്. അത് ആ സംസ്ഥാനത്തെ മഹാഗഡ്ബന്ധന്റെ അന്ത്യംകുറിച്ച് തങ്ങളുടെ വരുതിയിലാക്കുമെന്നും അവർ കണക്കുകൂട്ടുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ ഈ അട്ടിമറി രാഷ്ട്രീയക്കളിയുടെ അടുത്ത ഇരകൾ പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമബംഗാളും രാജസ്ഥാനും ആയിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. അതിനു അനുയോജ്യമായ അന്തരീക്ഷമാണ് ഇരുസംസ്ഥാനങ്ങളിലെയും ഭരണകക്ഷികളിൽ നിലനില്‍ക്കുന്നത്.

വ്യക്തമായ ദേശീയ രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും പൊതു ലക്ഷ്യബോധത്തിന്റെയും അഭാവത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങൾക്ക് എത്രകാലം തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് കാലാവധി തീരുംവരെ കൂടെ നിലനിർത്താനാവും എന്നതാണ് പ്രസക്തമായ ചോദ്യം. ഭരണകക്ഷികളിലെ രൂക്ഷമായ ചേരിതിരിവും അഴിമതിക്കാർക്കും അനധികൃത സ്വത്തുസമ്പാദനക്കാർക്കും അധികാരമോഹികൾക്കും അവർ ആഗ്രഹിക്കുന്ന സംരക്ഷണവും മോഹസാഫല്യവും തൽക്കാലം മറ്റാരേക്കാളും ഉറപ്പുനൽകാൻ ബിജെപിക്കെ കഴിയു. അതാണ് ബിജെപിയുടെ അട്ടിമറി രാഷ്ട്രീയത്തിന്റെ വിജയരഹസ്യം. ബിജെപിക്ക് എതിരായ തത്വാധിഷ്ഠിത രാഷ്ട്രീയ ബദൽ നേരിടുന്ന വെല്ലുവിളിയും അതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.