ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വത്തിനൊടുവിൽ മധ്യപ്രദേശിൽ ബിജെപി മന്ത്രിസഭ അധികാരത്തിലേറിയിരിക്കുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ കർണ്ണാടകയുടെ തനിയാവർത്തനം. 2018 ഡിസംബർ 17 ന് സത്യപ്രതിജ്ഞ ചെയ്ത കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വന്നതോടെ രാജി വയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് കൂറുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മറ്റൊരു സംസ്ഥാനത്തുകൂടി ബിജെപി അധികാരം പിടിക്കുന്നത്. അതിനുവേണ്ടിയൊഴുക്കിയ കോടികളുടെ കണക്കുകൾ കർണ്ണാടകയിലെന്നതുപോലെ പിന്നീട് വെളിപ്പെടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കൂറുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരം നേടുകയെന്ന രാഷ്ട്രീയ അബദ്ധനാടകം ആരംഭിച്ചതിൽ കോൺഗ്രസിനുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്. ഇതുസംബന്ധിച്ച് പല തവണ ഇതേ കോളത്തിൽ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ജനങ്ങളുടെ വിധിയെ അംഗീകരിക്കാതെ ഏതുവിധേനയും അംഗീകാരം നേടുകയെന്ന ദുഷ്ടലാക്കോടെ നടത്തുന്ന ഇത്തരം സമീപനങ്ങൾ ജനാധിപത്യത്തെ തന്നെ അപകടപ്പെടുത്തുന്നതാണ്. കർണ്ണാടകയിലായാലും ഇപ്പോൾ മധ്യപ്രദേശിലായാലും ജനവിധി ബിജെപിക്ക് എതിരായിരുന്നുവെന്ന് വ്യക്തമാണ്.
230 അംഗ നിയമസഭയിൽ 116 പേരുടെ പിന്തുണയാണ് മന്ത്രിസഭ രൂപീകരിക്കുന്നതിന് ഏതൊരു കക്ഷിക്കും ആവശ്യമായിട്ടുള്ളത്. കോൺഗ്രസിന്റെ 114 അംഗങ്ങളാണ് ജയിച്ചു കയറിയത്. ബിഎസ്‌പി രണ്ട്, സമാജ്‌വാദി പാർട്ടി ഒന്ന്, സ്വതന്ത്രർ നാല്, ബിജെപി 109 എന്നിങ്ങനെയായിരുന്നു നിയമസഭയിലെ കക്ഷിനില. 116 പേരുടെ പിന്തുണയോടെ മാത്രമേ ഒരു കക്ഷിക്ക് ഭരിക്കാൻ കഴിയൂ എന്നിരിക്കേ 109 പേരെ മാത്രം (രണ്ടംഗങ്ങളുടെ നിര്യാണത്തെ തുടർന്ന് ഇപ്പോൾ അവരുടെ അംഗസംഖ്യ 107 ആയിരിക്കുകയാണ്) ജനങ്ങൾ തെരഞ്ഞെടുത്തതിനർത്ഥം മധ്യപ്രദേശ് ബിജെപി ഭരിക്കേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ചുവെന്നാണ്. കോൺഗ്രസിന്റെ 114 ന് പുറമേ ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്ത ബിഎസ്‌പിയുടെയും സമാജ്‌വാദി പാർട്ടിയുടെയും മൂന്ന് പേരെയാണ് തെരഞ്ഞെടുത്തത് എന്ന പ്രത്യേകതയുമുണ്ട്. സ്വതന്ത്രർ ജയിച്ച നാലു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിച്ചാണ് ജനം അവരെ നിയമസഭാംഗങ്ങളാക്കിയതും. ഇതെല്ലാം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനുള്ളതായിരുന്നു ജനവിധിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ജനാധിപത്യത്തിന്റെ വിധിയെ പണാധിപത്യംകൊണ്ട് മറികടക്കുകയെന്ന നെറികെട്ട രാഷ്ട്രീയ നിലപാടാണ് പല സംസ്ഥാനങ്ങളിലും ബിജെപി സ്വീകരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.
ഒരർത്ഥത്തിൽ മധ്യപ്രദേശിലേത് കോൺഗ്രസ് ക്ഷണിച്ചുവരുത്തിയ അപകടമാണ്. അധികാരദുര മൂത്ത വൃദ്ധ നേതൃത്വവും രാഷ്ട്രീയജ്ഞാനമോ രാജ്യ താൽപര്യമോ പരിഗണിക്കാത്ത യുവനേതൃത്വവും നടത്തുന്ന പൊറാട്ടുനാടകങ്ങളാണ് കോൺഗ്രസ് ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിവുള്ള നേതൃത്വമില്ലെന്നതുപോകട്ടെ ഒരു നേതൃത്വം പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് കോൺഗ്രസ് പാർട്ടി. അതിന്റെ ഫലമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാതിരുന്ന കമൽനാഥ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി 2018ൽ ചുമതലയേൽക്കുന്നതുതന്നെ. അധികാരത്തർക്കത്തിനു മുന്നിൽ പാർട്ടിയോ ആശയങ്ങളോ ഒന്നുമല്ലെന്ന് ജോതിരാദിത്യ സിന്ധ്യ തെളിയിക്കുകയും ചെയ്തു. രാജകുടുംബത്തിന്റെ ആർഭാടങ്ങളും അധികാരവും മാത്രം പരിചയമുള്ള ജോതിരാദിത്യ സിന്ധ്യ പിതാവ് മാധവ റാവു സിന്ധ്യയുടെ നിര്യാണത്തോടെ, കുടുംബവാഴ്ചയുടെ കോൺഗ്രസ് ചരിത്രത്തിന്റെ തുടർച്ചയായി രാഷ്ട്രീയത്തിലെത്തിയ ചെറുപ്പക്കാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചു കൂടാ. ഇത്തരം തർക്കങ്ങളെ സമവായത്തിലൂടെയോ ആശയവ്യക്തതയോടെയോ പരിഹരിക്കാൻ കഴിയുന്ന നേതൃത്വം കോൺഗ്രസിന് ഇല്ലാതെ പോവുകയും ചെയ്തു. അതുകൊണ്ടാണ് ജനം കൈവെള്ളയിൽ വച്ചുനൽകുന്ന അധികാരം നിലനിർത്താൻ പോലും കോൺഗ്രസിന് സാധിക്കാതെ പോകുന്നത്. ഈ ഗതികേടുകൾതിരിച്ചറിയാനും പാർട്ടിയെ അടിമുടി പരിഷ്കരിക്കാനും കഴിഞ്ഞാൽ മാത്രമേ കോൺഗ്രസിന് രക്ഷപ്പെടുവാൻ സാധിക്കൂ.
രാജ്യത്ത് കതിരക്കച്ചവടത്തിന്റെയും കൂറുമാറ്റിക്കലിന്റെയും വൃത്തികെട്ട രാഷ്ട്രീയത്തിന് തുടക്കം കുറിച്ചതിൽ കോൺഗ്രസിനുള്ള പങ്ക് ചെറുതല്ല. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടുന്നതിനാണ് കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയത്. നിയമപ്രകാരം കാലുമാറുന്നവരെ അയോഗ്യരാക്കുന്നതിനുള്ള വ്യവസ്ഥകളുണ്ട്. അത് മറികടക്കുന്നതിന് കാലുമാറിയെത്തുന്ന അംഗങ്ങളെ രാജിവയ്പിക്കുകയും അവശേഷിക്കുന്ന അംഗങ്ങളിലെ ഭൂരിപക്ഷം ഉറപ്പിക്കുകയുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകൾ ഉപയോഗിക്കുകയെന്ന കുതന്ത്രം നന്നായി പരീക്ഷിക്കുകയാണ് ബിജെപി സമീപകാലത്ത്. നിലവിലുള്ള അംഗങ്ങളിലെ ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് ഇതിനുള്ള പഴുതായി ഉപയോഗിക്കുന്നത്. ഈയൊരു സാഹചര്യം പരിഗണിച്ച് കാലുമാറ്റത്തിനും കൂറുമാറ്റത്തിനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ തന്നെ ഭേദഗതികൾ വരേണ്ടതുണ്ടെന്നാണ് ഒടുവിൽ മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്താനിടയാക്കിയ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.