16 February 2025, Sunday
KSFE Galaxy Chits Banner 2

ദാരിദ്ര്യ നിർമ്മാർജനം: അവകാശവാദങ്ങൾ അടിസ്ഥാനരഹിതം

Janayugom Webdesk
February 4, 2025 5:00 am

മോഡി സർക്കാരിന്റെയും ബിജെപി-സംഘ്പരിവാർ വൃത്തങ്ങളുടെയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെപ്പറ്റിയും ജനങ്ങളുടെ ക്ഷേമത്തെപ്പറ്റിയുമുള്ള ആഖ്യാനങ്ങൾ കേന്ദ്ര ബജറ്റ് അവതരണത്തെത്തുടർന്ന് ഉച്ചസ്ഥായിയില്‍ ആവുക സ്വാഭാവികമാണ്. അതിൽ ഏറ്റവും പ്രമുഖം മോഡി ഭരണത്തിന്റെ ഒരു ദശാബ്ദം പിന്നിടുമ്പോഴേക്കും 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നും കൈപിടിച്ചുയർത്തിയെന്ന അവകാശവാദമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ ജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ താഴെയായി ചുരുങ്ങിയെന്ന നിതി ആയോഗ് മേധാവി ബി വി ആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലാണ് അവകാശവാദത്തിന് ആധാരമായി അവർ ചൂണ്ടിക്കാണിക്കുന്നത്. 2022–23 ഫെബ്രുവരിയിലെ ഗാർഹിക ഉപഭോഗ വ്യയ സർവേയെ (ഹൗസ്ഹോൾഡ് കോൺസംപ്ഷൻ എക്സ്പെൻഡിച്ചർ സർവേ) അടിസ്ഥാനമാക്കിയാണ് നിതി ആയോഗിന്റെ ഈ അവകാശവാദം. ഈ സർവേയുടെ സാധുത രാജ്യത്തും, ലോകത്തെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ചോദ്യം ചെയ്തിട്ടുള്ളതാണ്. ഈ സമ്പ്രദായത്തിന് മുമ്പ് നിലനിന്നിരുന്ന പോഷക, കലോറി ഘടകങ്ങളിൽ അധിഷ്ഠിതമായ ആളോഹരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യനിർണയം നടത്തിയിരുന്ന സർവേ സമ്പ്രദായത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2009ൽ ഈ രീതിയിൽ ടെൻഡുൽക്കർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് 21.9 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ടെൻഡുൽക്കർ രീതിയിലുള്ള ഈ വിലയിരുത്തൽ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്ന വിമർശനം ഉയർന്നതിനെത്തുടർന്ന് റിസർവ് ബാങ്കിന്റെ മുൻ ഗവർണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ സി രംഗരാജന്റെ നേതൃത്വത്തിൽ കൂടുതൽ സമഗ്രമായ രീതി അവലംബിച്ച് നടത്തിയ പഠനത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ജനസംഖ്യയുടെ 29.5 ശതമാനം വരുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഗാർഹിക ഉപഭോഗ വ്യയത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ രീതി അവലംബിക്കുകയായിരുന്നു. ഇതനുസരിച്ചാണ് മോഡി ഭരണത്തിൽ ദാരിദ്ര്യം കുത്തനെയിടിഞ്ഞ് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന അവകാശവാദം രാഷ്ട്രീയ ആഖ്യാനത്തിൽ ഇടംപിടിക്കുന്നത്. 

2022–23ലെ ഗാർഹിക ഉപഭോഗ വ്യയ സർവേയെത്തന്നെ അടിസ്ഥാനമാക്കി, രംഗരാജൻ രീതി അവലംബിച്ച് നടത്തിയ പുതിയ പഠനങ്ങൾ നിതി ആയോഗിന്റെ കണക്കുകൾ അടിസ്ഥാനരഹിതമാണെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ അതിന്റെ അഞ്ചിരട്ടിയിലധികമാണെന്നും സ്ഥാപിക്കുന്നു. ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിലെ സീനിയർ റിസർച്ച് അസിസ്റ്റന്റ് സി എ സേതു, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗവേഷകൻ എൽ ടി അഭിനവ് സൂര്യ, കേരളാ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡിലെ സി എ റുതു എന്നിവർ നടത്തിയ വിശകലനം, ദാരിദ്ര്യരേഖയ്ക്ക് താഴെ ജനസംഖ്യയുടെ 26.4 ശതമാനം വരുമെന്ന് കണക്കാക്കുന്നു. ഇന്ത്യൻ ജനതയുടെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച ആഗോള ഗവേഷണ സ്ഥാപനങ്ങളുടെ വിശകലനങ്ങളുമായി ഏറെ പൊരുത്തപ്പെടുന്ന കണ്ടെത്തലാണ് മേല്പറഞ്ഞ പഠനമെന്നത് ശ്രദ്ധേയമാണ്. മോഡി സർക്കാരും ബിജെപി-സംഘ്പരിവാർ വൃത്തങ്ങളും പ്രചരിപ്പിക്കുന്ന കണക്കുകൾക്ക് വസ്തുതകളുടെയും അടിസ്ഥാന സ്ഥിതിവിവരകണക്കുകളുടെയും പിൻബലമില്ലെന്നത് സുവ്യക്തമാണ്. ഗാർഹിക ഉപഭോഗമെന്നത് മുഖ്യമായും പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുവഴി ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് രാജ്യത്തെ കുടുംബാരോഗ്യ സർവേ പുറത്തുകൊണ്ടുവന്ന വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നു. 

അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്, സ്ത്രീകളെ ബാധിക്കുന്ന വിളർച്ച എന്നിവയിൽ ഇന്ത്യ, ഉപ-സഹാറയിലെ രാജ്യങ്ങൾക്കൊപ്പമാണെന്ന് കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ നിതി ആയോഗിന്റെ കണക്കുകൾ ‘ലക്ഷ്യമറിയാതെ ഇരുട്ടിൽ നടത്തുന്ന വെടിവയ്പാ‘ണെന്ന ആക്ഷേപം പ്രസക്തമാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യൻ ജനതയുടെ ജീവിതാവസ്ഥയുടെ യഥാർത്ഥചിത്രം പുറത്തുകൊണ്ടുവരാൻ ഉതകുന്ന യാതൊരു കണക്കെടുപ്പുകളും നടത്താൻ മോഡി സർക്കാർ സന്നദ്ധമായിട്ടില്ല. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസ് പതിവായി നടത്തുന്ന സർവേകളുടെയും പഠനങ്ങളുടെയും വിശകലനങ്ങളുടെയും ഫലം സത്യസന്ധമായി പുറത്തുവരുന്നത് തടയുന്നതും പതിവായിരിക്കുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്തുവന്നതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതികാര നടപടികൾക്ക് ഇരയാകേണ്ടിവന്നതിനും രാജ്യം സാക്ഷ്യംവഹിക്കുകയുണ്ടായി. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതിന്റെ പേരിൽ വൈകിയെങ്കിലും സെൻസസ് കണക്കെടുപ്പുകൾ ഇക്കൊല്ലമെങ്കിലും നടക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്താണെന്ന് ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു. സെൻസസടക്കം എല്ലാത്തരം കണക്കെടുപ്പുകൾക്കും സർവേകൾക്കുമായി കേന്ദ്ര ബജറ്റിൽ ഇക്കൊല്ലം വകയിരുത്തിയിരിക്കുന്നത് കേവലം 574.80 കോടി രൂപ മാത്രമാണ്. 2021–22ൽ 3,678 കോടി രൂപ വകയിരുത്തിയിരുന്ന സ്ഥാനത്താണ് ഇത്. അക്കൊല്ലം രാജ്യത്ത് കോവിഡ് മഹാമാരി കാരണം സെൻസസ് പ്രവർത്തനം നടത്താനായില്ല. രാഷ്ട്ര സമ്പദ്ഘടനയെപ്പറ്റിയും വളർച്ചയെപ്പറ്റിയും മതിയായ അടിസ്ഥാന വിവരങ്ങളുടെയും കണക്കുകളുടെയും അഭാവത്തിൽ മോഡി സർക്കാർ നടത്തുന്ന അവകാശവാദങ്ങൾ കേവലം പൊയ്‌വെടികളാണെന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.