14 June 2025, Saturday
KSFE Galaxy Chits Banner 2

രാഷ്ട്രപതിയുടെ റഫറൻസ് നീതിന്യായവ്യവസ്ഥയ്ക്ക് വെല്ലുവിളി

Janayugom Webdesk
May 16, 2025 5:00 am

സംസ്ഥാന നിയമസഭകൾ പാസാക്കി അംഗീകാരത്തിനായി സമർപ്പിക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള രണ്ടംഗ ബെഞ്ചിന്റെ വിധിയിൽ അഭിപ്രായം ആരാഞ്ഞുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. നിയമപരവും പൊതുതാല്പര്യ പ്രാധാന്യവുമുള്ള വിഷയങ്ങളിൽ പരമോന്നത കോടതിയുടെ അഭിപ്രായം ആരായാൻ രാഷ്ട്രപതിയെ അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 143 (1) പ്രകാരമാണ് മുർമു സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്‌നാട് ഗവർണർ ആർ എൻ രവി നിയമസഭ പാസാക്കിയ 10 സുപ്രധാന ബില്ലുകളിന്മേൽ തീരുമാനമെടുക്കാതെ തടഞ്ഞുവയ്ക്കുക, ഗവർണർ തിരിച്ചയച്ച ബില്ലുകൾക്ക് ഭരണഘടനാനുസൃതമായി അംഗീകാരം നൽകാതെ അവ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചുനൽകുക, രാഷ്ട്രപതി അത്തരം ബില്ലുകളിൽ തീരുമാനം കൈക്കൊള്ളാതെ അനന്തമായി വച്ചുതാമസിപ്പിക്കുക തുടങ്ങിയ അസാധാരണ സാഹചര്യത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതമായത്. കേരളമുൾപ്പെടെ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും സമാന സാഹചര്യത്തെ നേരിടേണ്ടിവരികയും സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതമാവുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ പർഡിവാല, മഹാദേവൻ എന്നിവരുൾപ്പെട്ട ബെഞ്ച് ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച വിധിന്യായം, ഗവർണർമാർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കുന്ന ബില്ലുകളിൽ ഭരണഘടനയുടെ അനുച്ഛേദം 201 അനുസരിച്ച് നടപടി സ്വീകരിക്കാൻ മൂന്നുമാസത്തെ സമയപരിധി നിശ്ചയിക്കുകയുണ്ടായി. സമാനമായി നിയമസഭകൾ പാസാക്കുന്ന ബില്ലിൽ അനുച്ഛേദം 200 പ്രകാരം തീരുമാനമെടുക്കാൻ ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചു. ഇത് യഥാർത്ഥത്തിൽ രാഷ്ട്രപതിയുടെയോ ഗവർണർമാരുടെയോ അധികാരാവകാശങ്ങളെയല്ല ചോദ്യംചെയ്യുന്നതും പരിമിതപ്പെടുത്തുന്നതും. മറിച്ച്, രാഷ്ട്രപതിയും ഗവർണർമാരും ആരുടെ ഉപദേശാനുസരണമാണോ പ്രവർത്തിക്കുന്നത് അവരുടെ അധികാരാവകാശങ്ങളെയാണ് ഉന്നംവയ്ക്കുന്നത്. ഇവിടെ അത് സംശയാതീതമായി യൂണിയൻ സർക്കാരാണെന്ന് വ്യക്തം. 

തമിഴ്‍നാടിന്റെ കേസ് പരിഗണിക്കവെ, വിഷയത്തിൽ ‘കാതലായ നിയമ പ്രശ്നങ്ങൾ’ ഉൾപ്പെട്ടിട്ടുണ്ടെന്നും, ആയതിനാൽ കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും, കേന്ദ്രസർക്കാർ വാദിച്ചിരുന്നു. എന്നാൽ പ്രശ്നത്തിൽ അ­ത്തരം കാതലായ നിയമപ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും, വിഷയം ഭരണഘടനയ്ക്കെതിരെ മൗലികമായ വെല്ലുവിളികൾ യാതൊന്നും ഉയർത്തുന്നില്ലെന്നും നിരീക്ഷിച്ച ബെഞ്ച് കേന്ദ്രത്തിന്റെ വാദം ത­ള്ളുകയാണുണ്ടായത്. പ്ര­ശ്നം നിലവിലുള്ള നിയമ തത്വങ്ങളുടെ പ്രയോഗത്തെയും വ്യാഖ്യാനത്തെയും സംബന്ധിച്ചുള്ളതാണെന്നും കോടതി വിലയിരുത്തിയിരുന്നു. സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ ഈ നിരാസത്തോടെ ഭരണഘടനാ വ്യവസ്ഥയ്ക്ക് വിധേയമായി രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം ആരായുകയെന്ന മാർഗത്തിലൂടെ കേസ് ഭരണഘടനാ ബെഞ്ചിനുമുന്നിൽ എത്തിക്കുക എന്ന തന്ത്രമാണ് ഇപ്പോൾ മോഡി സർക്കാർ പയറ്റുന്നത്. ഇതോടെ രാഷ്ട്രപതി ഉപദേശമാരാഞ്ഞ് സമർപ്പിച്ചിരിക്കുന്ന 14 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി ഭരണഘടനാപരമായി നിർബന്ധിതമായിരിക്കുകയാണ്. തമിഴ്‌നാടിന്റെ കേസിൽ വിധിപറയുമ്പോൾ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർമാർക്കും സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീർപ്പ് കല്പിക്കുന്നതിന് യാന്ത്രികമായി സമയപരിധി നിശ്ചയിക്കയല്ല ഉണ്ടായതെന്ന വസ്തുത ഇവിടെ പ്രസക്തമാണ്. അതിന് സുപ്രീം കോടതി ബെഞ്ച് സർക്കാരിയ, പൂഞ്ചി കമ്മിഷനുകൾ പ്രസ്തുത വിഷയത്തിൽ സമർപ്പിച്ച ശുപാർശകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ 2016 ഫെബ്രുവരി നാലിന് പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തെയുമാണ് ആശ്രയിച്ചിരുന്നത്. ‘ബില്ലുകൾ അവ സംസ്ഥാനങ്ങളിൽനിന്നും ലഭിച്ച് മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കുകയെന്ന സമയപരിധി കർശനമായി പാലിക്കണ’മെന്ന് ഓഫിസ് മെമ്മോറാണ്ടം നിഷ്കർഷിക്കുന്നുണ്ട്. ഇത് ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ചതാണെന്നത് ശ്രദ്ധേയമാണ്. മറിച്ചുള്ള ഏത് വാദവും അവസരവാദപരവും മോഡി സർക്കാരിന്റെതന്നെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധവുമാണ്. 

നിയമസഭകൾ പാസാക്കി അംഗീകാരത്തിന് സമർപ്പിക്കുന്ന ബില്ലുകളിന്മേൽ ഗവർണർമാരെപ്പോലെതന്നെ രാഷ്ട്രപതിക്കും അനന്തമായി അടയിരിക്കാൻ ആവില്ലെന്നും അക്കാര്യത്തിൽ ഗവർണർമാർക്കോ രാഷ്ട്രപതിക്കോ ‘സമ്പൂർണ വീറ്റോ’ അധികാരം ഇല്ലെന്നും സുപ്രീം കോടതി വിധി അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. അത് മോഡി സർക്കാരിനെപ്പോലെ ഒരു സ്വേച്ഛാധികാര ഭരണകൂടത്തിന് ഒരിക്കലും സ്വീകാര്യമോ അംഗീകരിക്കാവുന്നതോ അല്ലെന്ന് വ്യക്തം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കാനും തങ്ങളുടെ ഏകഛത്രാധിപത്യം ഉറപ്പിക്കാനുമുള്ള ശ്രമത്തിനാണ് സുപ്രീം കോടതി ഫലത്തിൽ തടയിട്ടിരിക്കുന്നത്. രാഷ്ട്രപതി മുർമുവിന്റെ സുപ്രീം കോടതി റഫറൻസ് യഥാർത്ഥത്തിൽ ലക്ഷ്യംവയ്ക്കുന്നത് പരമോന്നത കോടതിയടക്കം നീതിപീഠങ്ങളെയും നീതിന്യായവ്യവസ്ഥയെയും തങ്ങളുടെ ഫാസിസ്റ്റ് നുകത്തിന് കീഴിൽ കൊണ്ടുവരികയെന്നതാണ്. ഭരണഘടനാ മൂല്യങ്ങൾക്കും നീതിപീഠങ്ങളുടെ വിവേകത്തിനും നിഷ്പക്ഷതയ്ക്കും ഭരണഘടനയ്ക്കുകീഴിലുള്ള സ്വതന്ത്ര നിലനില്പിനും നേരെയാണ് രാഷ്ട്രപതിയുടെ റഫറൻസിന്റെ രൂപത്തിൽ മോഡി സർക്കാർ വെല്ലുവിളി ഉയർത്തുന്നത്. 

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.