ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) സ്പേഡക്സ് ഡോക്കിങ്ങ് (സംയോജനം) പരീക്ഷണം വിജയിച്ചു. 2024 ഡിസംബർ 30ന് പിഎസ്എൽവിസി 30ൽ വിക്ഷേപിച്ച എസ്ഡിഎക്സ് ഒന്ന്, എസ്ഡിഎക്സ് രണ്ട് എന്നീ ചെറു ഉപഗ്രഹങ്ങളാണ് ശ്രമകരമായ ദൗത്യത്തിൽ ബഹിരാകാശത്ത് സംയോജിപ്പിച്ചത്. വളരെ സങ്കീർണമായ പ്രക്രിയയിലൂടെയാണ് ഐഎസ്ആർഒ ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ അപൂർവ ശാസ്ത്രനേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. നേട്ടത്തിനുപിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒയും ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രത്തിന്റെ ആദരവും അഭിനന്ദനവും അർഹിക്കുന്നു. ചന്ദ്രനിലേക്ക് ഇന്ത്യക്കാരെ അയയ്ക്കൽ, തുടർന്നുള്ള ചാന്ദ്ര ദൗത്യങ്ങൾ, ചന്ദ്രനിൽനിന്നുള്ള സാമ്പിളുകൾ പരീക്ഷണശാലകളിലേക്ക് എത്തിക്കൽ, ബഹിരാകാശ പരീക്ഷണനിലയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയ്ക്ക് ഇപ്പോഴത്തെ പരീക്ഷണവിജയം നിർണായക ചുവടുവയ്പായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരീക്ഷണാർത്ഥം രണ്ട് ചെറു ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കുകയെന്ന ദൗത്യത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും രാജ്യത്തെ ആകെത്തന്നെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ നീണ്ട 15 ദിവസങ്ങളുടെ അന്ത്യത്തിലാണ് ഇപ്പോഴത്തെ വിജയം സാധ്യമായത്. സംയോജിപ്പിച്ച ഉപഗ്രഹങ്ങളിലെ റോബോട്ടിക് സംവിധാനങ്ങളുടെ പ്രവർത്തനത്തിന് അനിവാര്യമായ പരസ്പര വൈദ്യുതിപ്രവാഹം ഉറപ്പുവരുത്തുക, ഉപഗ്രഹ സംയുക്തകത്തിന്റെ നിയന്ത്രണം, ഉപഗ്രഹങ്ങൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതിനെത്തുടർന്ന് നിർദിഷ്ട പദ്ധതിക്കനുസരിച്ചുള്ള തുടർപ്രവർത്തനം ഉറപ്പുവരുത്തുക എന്നിവയുടെ കാര്യക്ഷമതയെ ആശ്രയിച്ചായിരിക്കും പരീക്ഷണത്തിന്റെ ആത്യന്തിക വിജയ, പരാജയങ്ങൾ വിലയിരുത്തപ്പെടുക. എന്നിരിക്കിലും ഇതുവരെ കൈവരിച്ച പരീക്ഷണ വിജയം ശുഭോദർക്കവും ഏറെ പ്രതീക്ഷയ്ക്ക് വകനൽകുന്നതുമെന്ന് നിസംശയം പറയാം.
ഇപ്പോൾ സംയോജിക്കപ്പെട്ട സ്പേഡക്സ് ഉപഗ്രഹങ്ങളുടെ പരസ്പര വൈദ്യുതിപ്രവാഹം ഉൾപ്പടെയുള്ള പരീക്ഷണങ്ങൾ പൂർത്തീകരിച്ച് അവയെ വിയോജിപ്പിച്ചു കഴിഞ്ഞാൽ ഇരു ഉപഗ്രഹങ്ങളും പുനർഡിജിറ്റൈസ് ചെയ്ത് രണ്ടുവർഷക്കാലം ഇതര പരീക്ഷണങ്ങൾക്കായി ബഹിരാകാശത്ത് സജീവമായി തുടരുമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ ദൗത്യം സമാന പരീക്ഷണങ്ങളുടെ വരാനിരിക്കുന്ന ഒരു പരമ്പരയുടെ ആദ്യഘട്ടമാണ്. നിർദിഷ്ട ചന്ദ്രയാൻ നാലിന്റെയും തുടർന്ന് 2035ൽ വിക്ഷേപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണനിലയമായ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’(ബിഎഎസ്)യും മനുഷ്യരെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പദ്ധതിയുടെയും വിജയത്തിന് ഈ പരീക്ഷണ പരമ്പരകളുടെ വിജയം നിർണായകമാണ്. ഐഎസ്ആർഒയുടെ ഭാവി പരീക്ഷണങ്ങളുടെയും പദ്ധതികളുടെയും വിജയത്തിന് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കുന്ന ദൗത്യം അങ്ങേയറ്റം സൂക്ഷ്മതയോടെയും കാര്യക്ഷമതയോടെയും നിർവഹിക്കാനുള്ള പ്രാവീണ്യം ആർജിക്കേണ്ടതുണ്ട്. ഭാവി പദ്ധതികൾക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിക്കുക അസാധ്യമാണ്. ഉദാഹരണത്തിന്, നിർദിഷ്ട ഭാരതീയ അന്തരീക്ഷ സ്റ്റേഷന് അഞ്ച് ഘടകങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കേണ്ടതുണ്ട്. ചന്ദ്രനിൽനിന്നും മണ്ണിന്റെ സാമ്പിൾ ഭൂമിയിലെ പരീക്ഷണശാലയിൽ എത്തിക്കുന്നതിനും ബഹിരാകാശത്ത് ഇന്ത്യയുടെ സ്ഥിര സാന്നിധ്യം ഉറപ്പിക്കുന്നതിനും ഉപഗ്രഹ സംയോജന വിദ്യ സമ്പൂർണമായി വികസിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ സംയോജിപ്പിച്ച ഉപഗ്രഹങ്ങൾതന്നെ ഭൂമിയുടെ ഉപരിതലത്തിൽനിന്നും 475 കിലോമീറ്ററിലധികം ഉയരത്തിൽ മണിക്കൂറിൽ 28,000 കിലോമീറ്ററിലധികം വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. അവയെ ഭൂമിയിലുള്ള നിയന്ത്രണകേന്ദ്രത്തിൽനിന്നും നയിച്ച്, നിയന്ത്രിച്ച്, സംയോജിപ്പിക്കുക എന്ന ദൗത്യമാണ് നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും വിജയകരമായി നിർവഹിച്ചത്. ഏഴ് പതിറ്റാണ്ടിലേറെയായി നമ്മുടെ ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ തലമുറകൾ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത തപസ്യയുടെ വിജയത്തിനാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ അഭിമാനപൂർവം സാക്ഷ്യം വഹിക്കുന്നത്.
ഇവിടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും ശാസ്ത്ര, സാങ്കേതിക രംഗത്തും വ്യാവസായിക, സാമ്പത്തിക രംഗത്തും രാഷ്ട്രം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയുമുള്ള പുത്തൻ ആഖ്യാനങ്ങൾ നമ്മെ അസ്വസ്ഥമാക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് രാഷ്ട്രത്തിന്റെ അന്തസുയർത്തിയ സ്പേഡക്സ് പരീക്ഷണ വിജയത്തിന്റെ അതേ കാലത്തുതന്നെയാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സർസംഘചാലക് മോഹൻ ഭാഗവത് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടെയാണെന്ന അപഹാസ്യമായ അവകാശവാദവുമായി രംഗത്തുവന്നത്. ഇന്ത്യ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങള്‍ക്കും പരീക്ഷണങ്ങൾക്കും അടിത്തറപാകിയ ദശകങ്ങളെ അപ്പാടെ തമസ്കരിക്കാനും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്ര ഹിന്ദുത്വ ദശകത്തെ മഹത്വവൽക്കരിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിലോമ രാഷ്ട്രീയ പക്ഷത്തുനിന്നും ഉയരുന്നത്. സ്പേഡക്സ് പരീക്ഷണവിജയമടക്കം ശാസ്ത്ര, സാങ്കേതിക രംഗത്ത് രാഷ്ട്രം കൈവരിച്ച നേട്ടങ്ങളുടെ പൈതൃകം പ്രതിലോമ രാഷ്ട്രീയത്തിന് അവകാശപ്പെട്ടതല്ല. അത് സാമ്രാജ്യത്വവിരുദ്ധ, മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ പടുത്തുയർത്തിയ യുക്തിചിന്തയുടെയും ശാസ്ത്രാവബോധത്തിന്റെയും മുന്നേറ്റത്തെയും വിജയത്തെയുമാണ് അടയാളപ്പെടുത്തുന്നത്. മാനവികവും സർവത്രികവുമായ ആ കാഴ്ചപ്പാടുതന്നെയായിരിക്കും രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാഗധേയം നിർണയിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.