22 July 2024, Monday
KSFE Galaxy Chits Banner 2

ഭാവി അനിശ്ചിതമാക്കുന്ന യോഗ്യതാ പരീക്ഷകള്‍

Janayugom Webdesk
June 21, 2024 5:00 am

ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലവസരവും പ്രതീക്ഷിക്കുന്ന പഠിതാക്കളുടെയും ഉദ്യോഗാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തുകയും, അവരുടെ കഠിനാധ്വാനത്തെയും അതിനവർ ചെലവഴിച്ച സമയത്തെയും പണത്തെയും പാഴ്‌വേലയും ഫലശൂന്യവുമാക്കുന്ന പ്രക്രിയയായി മാറ്റിയിരിക്കുന്നു ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിവരുന്ന യോഗ്യതാ പരീക്ഷകൾ. മെഡിക്കൽ ബിരുദപഠനത്തിനുള്ള യോഗ്യതാപരീക്ഷ (എൻഇഇടി-യുജി) ഉയർത്തിയ വൻ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ അസിസ്റ്റന്റ് പ്രൊഫസർ നിയമനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, പിഎച്ച്ഡി പഠനം എന്നിവയ്ക്കുള്ള ദേശീയ യോഗ്യതാ പരീക്ഷയായ എൻഇടി-യുജിസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ച കണ്ടെത്തിയതോടെ ഒമ്പത് ലക്ഷത്തോളം പേർ പങ്കെടുത്ത പരീക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നു. ഇരു പരീക്ഷകളിലും കഠിനമായ തയ്യാറെടുപ്പുകളോടെ മാറ്റുരച്ച ഏതാണ്ട് 33ലക്ഷം വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവിയാണ് കേന്ദ്ര സർക്കാരിന്റെയും എൻടിഎയുടെയും കെടുകാര്യസ്ഥതയിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇരു പരീക്ഷകളുടെയും നടത്തിപ്പിൽ ചോദ്യപ്പേപ്പർ ചോർച്ച ആരോപിക്കപ്പെട്ടിട്ടുണ്ട്. എൻഇഇടി-യുജിയിൽ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പുറമെ ഗ്രേസ് മാർക്ക് നൽകിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി എൻടിഎ തന്നെ സമ്മതിച്ചിട്ടുണ്ട്. ആ പരീക്ഷയുടെ നടത്തിപ്പിൽ ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ പലതരത്തിലുമുള്ള ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. അവയെപ്പറ്റി നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്. എൻടിഎയോ, അവരെ നിയമിച്ചിരിക്കുന്ന കേന്ദ്രസർക്കാരോ നിയോഗിക്കുന്ന ഏജൻസിയോ നടത്തുന്ന അന്വേഷണത്തിൽ പരീക്ഷാർത്ഥികൾക്കോ അവരുടെ കുടുംബങ്ങൾക്കോ പൊതുസമൂഹത്തിനോ വിശ്വാസമില്ലെന്ന് വ്യക്തമാണ്. കള്ളന്മാരെന്ന് പൊതുവിൽ കരുതപ്പെടുന്നവരെ താക്കോലേല്പിക്കാൻ സമൂഹം തയ്യാറാവുമെന്ന് കരുതുന്നത് ശുദ്ധ മൗഢ്യമാണ്. 

എൻഇടി-യുജിസി പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച കണ്ടെത്തിയിട്ടുള്ളത് ബിഹാറിലാണ്. അതേപ്പറ്റിയുള്ള അന്വേഷണം സിബിഐയെ ചുമതലപ്പെടുത്തിയതായും വാർത്തയുണ്ട്. ചോദ്യപ്പേപ്പർ ചോർച്ചയെ ആർജെഡി നേതാവ് തേജസ്വി യാദവുമായി ബന്ധപ്പെടുത്തി ബിഹാർ ഉപമുഖ്യമന്ത്രി വിജയകുമാർ സിൻഹ രംഗത്തുവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് പരീക്ഷാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന് ഉത്തരവാദികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അത് പരസ്യ‑മാധ്യമ വിചാരണകളിലൂടെ ആവരുത്. നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ്, നെറ്റ്-യുജിസി ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കി അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, രാഷ്ട്രീയ പ്രതിയോഗിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത് അസ്വാഭാവികവും അനുചിതവുമാണ്. അന്വേഷണത്തെ തങ്ങൾക്കനുകൂലമായി സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അതിനെക്കണ്ടാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. വിശിഷ്യ, രാജ്യത്തെ പരമോന്നത കോടതി ‘കൂട്ടിലടച്ച തത്ത’ എന്ന് വിശേഷിപ്പിച്ചതും കഴിഞ്ഞ 10 വർഷമായി ബിജെപിയുടെയും മോഡിയുടെയും ചട്ടുകമായി സ്വയം തെളിയിച്ചതുമായ സിബിഐയെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണച്ചുമതല ഏല്പിച്ചിരിക്കുന്നത്. ഇവിടെയും അന്വേഷണത്തിന്റെ നിഷ്പക്ഷതയും അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയുമാണ് മുഖ്യപ്രശ്നം. രാജ്യത്തിന്റെ സജീവ ചർച്ചയ്ക്കും വിദ്യാർത്ഥികളെ കോടതികളിലേക്കും തെരുവിലേക്കും വലിച്ചിഴച്ച വിവാദ വിഷയത്തിൽ നടക്കുന്ന ഏതന്വേഷണവും പ്രശ്നത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തി അവ ആവർത്തിക്കാൻ ഇടവരാത്തവിധം ശാശ്വതപരിഹാരം ഉറപ്പുവരുത്തുക എന്നതായിരിക്കണം. നീറ്റ്-യുജി ക്രമക്കേടിൽ എന്നതുപോലെ ഈ വിഷയത്തിലും പരമോന്നത കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമായിരിക്കും അഭികാമ്യം. 33 ലക്ഷം കുട്ടികളും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട നിർണായക പ്രാധാന്യമുള്ള വിഷയമാണ് പൊടുന്നനെ രാജ്യത്തിന്റെ മുന്നിൽ ഉയർന്നുവന്നിരിക്കുന്നത്. 

എൻടിഎ രാജ്യത്തെ ഏറ്റവും മികച്ച പഠിതാക്കളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. അത് കെടുകാര്യസ്ഥതയുടെയും ക്രമക്കേടുകളുടെയും കുംഭകോണങ്ങളുടെയും കേന്ദ്രമായി മാറാൻ അനുവദിച്ചുകൂടാ. അത് നിഷ്പക്ഷവും നിർമ്മമവും നീതിപൂർവവും സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന ഒന്നായിരിക്കണം. അതിനെ നയിക്കുന്നവർ ഭരണകക്ഷിയുടെ ഏറാന്മൂളികളും അവരുടെ ഇംഗിതങ്ങൾക്കുമുന്നിൽ നട്ടെല്ല് വളയ്ക്കുന്നവരും ആയിക്കൂടാ. രാജ്യത്തെ വലിയൊരുവിഭാഗം ചെറുപ്പക്കാരുടെ ഭാവി നിർണയിക്കുന്ന ചുമതലകളിൽ നിയോഗിക്കപ്പെടുന്നവരുടെ തിരഞ്ഞെടുപ്പിൽ തത്വാധിഷ്ഠിത മാനദണ്ഡങ്ങളും രീതികളും പാലിക്കപ്പെടണം. എൻടിഎ പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചകളും പരിശോധിക്കുന്ന സുപ്രീം കോടതി നമ്മുടെ യുവതയുടെ ഭാവിയെ കരുതി ഇത്തരം വിഷയങ്ങൾകൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വിഷയങ്ങളിൽ ഉചിതമായ അന്വേഷണവും തുടർനടപടികളും ഉറപ്പുവരുത്താൻ പൂർവാധികം കരുത്തോടെ തിരിച്ചുവരവ് നടത്തിയ പ്രതിപക്ഷം ലഭ്യമായ പാർലമെന്ററി വേദികളും പൊതുഇടങ്ങളും ഒരുപോലെ പ്രയോജനപ്പെടുത്തുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.