മണിപ്പൂർ മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള എൻ ബിരേൻ സിങ്ങിന്റെ ഞായറാഴ്ചയിലെ രാജി സ്വന്തം തടി രക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അറ്റകൈ പ്രയോഗമാണെന്നത് രാഷ്ട്രീയവൃത്തങ്ങൾ പരക്കെ അംഗീകരിക്കുന്ന വസ്തുതയാണ്. ബിരേൻ സിങ്ങിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ കഴിയില്ലെന്ന ഉത്തമബോധ്യവും മണിപ്പൂരിലെ വംശീയ കലാപത്തിലും കൂട്ടക്കൊലയിലും മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം സുപ്രീം കോടതിയിൽ അനിഷേധ്യമായി തെളിയിക്കപ്പെടുമെന്ന വസ്തുതയുമാണ് രാജി നിർബന്ധിതമാക്കിയത്. രാജി ഗവർണർ സ്വീകരിക്കുകയും നിയമസഭയുടെ ബജറ്റ് സമ്മേളനം അനിശ്ചിതമായി മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ ബിജെപിയുടെ അധികാരത്തുടർച്ചയ്ക്കായുള്ള ശ്രമങ്ങൾ തുടരുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 2023 മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച വംശീയ കലാപത്തിന് ഇനിയും ശമനമായിട്ടില്ലെന്നാണ് ബിരേന്റെ രാജിക്കുശേഷവും റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങൾ സൂചിപ്പിക്കുന്നത്. കലാപം അവസാനിപ്പിക്കാൻ അതിന്റെ മുഖ്യ കാരണഭൂതനായ മുഖ്യമന്ത്രിയെ മാറ്റണമെന്നത് പ്രതിപക്ഷപാർട്ടികളുടെ മാത്രം ആവശ്യമായിരുന്നില്ല. ഭരണകക്ഷി അംഗങ്ങളിൽ ഗണ്യമായ ഒരു വിഭാഗവും ബിജെപി നേതൃത്വത്തോട് നിരന്തരം ഈ ആവശ്യം ഉന്നയിച്ചുപോന്നിരുന്നു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഉയർന്ന ഇത്തരം ആവശ്യങ്ങളോട് പ്രതികരിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. കുക്കി-സോ വിഭാഗങ്ങളും ബിരേൻ സിങ് നേതൃത്വം നൽകുന്ന മെയ്‌തി വിഭാഗവും തമ്മിലുള്ള വംശീയ കലാപത്തെ ദുർബലമായ അതിർത്തി സംസ്ഥാനത്ത് ബിജെപി ഭരണം നിലനിർത്താനുള്ള ഉപായമായും ബിരേൻ സിങ്ങിനെ ആ ദൗത്യനിർവഹണത്തിനുള്ള ആയുധമായുമാണ് മോഡി ഭരണം ഉപയോഗിച്ചുപോന്നത്. ഇനിയും ബിരേനെ മുൻനിർത്തിയുള്ള തീക്കളി തുടരാനാവില്ല എന്ന സന്ദിഗ്ധാവസ്ഥയാണ് രാജി നാടകത്തിലൂടെ ബിജെപി ഭരണത്തുടർച്ചയ്ക്കായുള്ള പുതിയ ചൂതാട്ടത്തിന് മോഡി-ഷാ ദ്വയങ്ങളെ പ്രേരിപ്പിക്കുന്നത്.
ഏതാണ്ട് 19 മാസം നീണ്ടതും, ഇനിയും അവസാനിച്ചിട്ടില്ലാത്തതുമായ വംശീയ കലാപത്തിൽ 300ഒാളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. എഴുപതിനായിരത്തില്പരം പേർ സ്വന്തം രാജ്യത്ത് അഭയാർത്ഥികളാക്കപ്പെട്ടു. ആയിരക്കണക്കിന് വസതികളും നൂറുകണക്കിന് മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും തകർക്കപ്പെട്ടു. ജനജീവിതം അരക്ഷിതമാവുകയും നിയമവാഴ്ച സമ്പൂർണമായി തകരുകയും ചെയ്തു. സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെടുകയും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നത് നിത്യസംഭവങ്ങളായി. പൊലീസ്, സൈനിക വിഭാഗങ്ങൾ, മറ്റ് സുരക്ഷാ സേനകൾ എന്നിവയുടെ ക്യാമ്പുകളും ആയുധപ്പുരകളും ആക്രമങ്ങൾക്കും കൊള്ളകൾക്കും വിധേയമായി. കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വാഹനങ്ങളും കലാപത്തിൽ യഥേഷ്ടം ഉപയോഗിക്കപ്പെട്ടു. അവ തിരിച്ചുപിടിക്കാനോ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ നിയന്ത്രിക്കാനോ ഭരണകൂടത്തിനും സുരക്ഷാ സന്നാഹങ്ങൾക്കും കഴിഞ്ഞില്ല. ഇത് സംസ്ഥാനം ഭരിച്ചിരുന്ന ബിരേൻ സർക്കാരിന്റെ പരാജയം മാത്രമായിരുന്നില്ല. കലാപം പൊട്ടിപ്പുറപ്പെടുംമുമ്പും തുടർന്നും കേന്ദ്രസേനകളുടെ സജീവ സാന്നിധ്യവും വിന്യാസവുമുള്ള, ഏറെ ദുർബലമായ ഈ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനത്തെ അവസ്ഥയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മോഡിഭരണകൂടവും ഉത്തരവാദികളാണ്. അവരുടെ അറിവോടും ഒത്താശയോടുമാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ ഇപ്പോഴത്തെ നിലയിൽ വഷളായതെന്നതിൽ സംശയമില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിനും സമാധാനപൂർണമായ ജീവിതത്തിനും വിലകല്പിക്കുന്ന ഏതൊരു ഭരണാധികാരിയും ഒഴിവാക്കാൻ പാടില്ലാത്ത കലാപബാധിത പ്രദേശം സന്ദർശിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്തം നിർവഹിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നത് നരേന്ദ്ര മോഡിയുടെ ഉദ്ദേശശുദ്ധിയെ തന്നെയാണ് ചോദ്യംചെയ്യുന്നത്. അധികാരത്തിലേക്കുള്ള ജൈത്രയാത്രയിൽ കലാപങ്ങൾക്കും വംശീയവും വർഗീയവുമായ വിദ്വേഷവ്യാപനത്തിനും കൂട്ടക്കൊലകൾക്കുമുള്ള പങ്കിന്റെ പ്രാധാന്യം നന്നായി തിരിച്ചറിഞ്ഞ് അത് ആസ്വദിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരുപറ്റം ഫാസിസ്റ്റുകളാണ് രാജ്യഭരണം കയ്യാളുന്നതെന്ന് മണിപ്പൂർ എന്ന ജീവിക്കുന്ന ദേശീയ ദുരന്തം സാക്ഷ്യപ്പെടുത്തുന്നു.
പണമൊഴുക്കി എംഎൽഎമാരെ വിലയ്ക്കെടുത്തും ഗവർണറുടെ പദവിയടക്കം ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തും ബിജെപിയുടെ കിരാതഭരണം മണിപ്പൂരിൽ തുടർന്നുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് മോഡി-ഷാ ദ്വയങ്ങൾ അവലംബിക്കുന്നത്. മണിപ്പൂർ കലാപത്തെപ്പറ്റി അന്വേഷണം നടത്തുന്ന ജസ്റ്റിസ് അജയ് ലാംബാ കമ്മിഷനിൽ സമർപ്പിക്കപ്പെട്ട ബിരേൻ സിങ്ങിന്റെ സംഭാഷണം ഉൾപ്പെട്ട ടേപ്പുകളാണ് അയാളുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളിൽ ഒന്ന്. ഏറെ വിശ്വാസ്യതയാർജിച്ച ‘ട്രൂത് ലാബി‘ന്റെ പരിശോധനയിൽ 93 ശതമാനം ആ സംഭാഷണങ്ങൾ ബിരേന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരം അത് വീണ്ടും കേന്ദ്ര ഫോറൻസിക് ലാബിന്റെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആ പരിശോധനയിൽ വംശീയവിദ്വേഷം വമിപ്പിക്കുന്ന സംഭാഷണം ബിരേന്റേതാണെന്ന് തെളിഞ്ഞാൽ നിയമത്തിന്റെ പിടിയിൽനിന്നും അയാൾ രക്ഷപ്പെടുക ക്ലേശകരമായിരിക്കും. പക്ഷേ നിയമത്തിന്റെ ഏത് കുരുക്കിൽനിന്നും, കൊലപാതകമടക്കം ഏത് ഹീനമാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടാനുള്ള കൗശലം സ്വന്തമാക്കിയ, എന്ത് അധാർമ്മികതയ്ക്കും മടിക്കാത്ത സംഘമാണ് രാഷ്ട്രഭരണം കയ്യാളുന്നത്. അതിനെ മറികടക്കാനുള്ള കരുത്ത് നമ്മുടെ നീതിന്യായസംവിധാനത്തിനും അതിന്റെ അടിത്തറയായ ഇന്ത്യൻ ഭരണഘടനയ്ക്കും ഉണ്ടെന്ന വിശ്വാസമാണ് ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.