8 December 2024, Sunday
KSFE Galaxy Chits Banner 2

പരിഹാരം ആവശ്യപ്പെടുന്ന റബ്ബർ കർഷക, വിപണി പ്രതിസന്ധി

Janayugom Webdesk
November 1, 2024 5:00 am

കേരളത്തിന്റെ നാണ്യവിളകളിൽ സുപ്രധാനമായ റബ്ബറിന്റെ വിലയിടിവ് ആയിരക്കണക്കായ റബ്ബർ കർഷകരെയും തോട്ടം തൊഴിലാളികളെയും റബ്ബർവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറുതും വലുതുമായ കച്ചവടക്കാരെയും കടുത്ത ആശങ്കയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് റബ്ബർ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇക്കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രമുഖ ടയർ നിർമ്മാതാക്കളടക്കം റബ്ബർ ഉപഭോക്താക്കളുടെ യോഗത്തിൽ പ്രകടമായത്. കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയത്തിന്റെ ഭാഗമായി സ്വാഭാവിക റബ്ബറിന്റെയും കോമ്പൗണ്ട് റബ്ബറിന്റെയും ഇറക്കുമതി യഥേഷ്ടം തുടരുന്നത് കേരളം ഉല്പാദിപ്പിക്കുന്ന ഷീറ്റ് റബ്ബറിന്റെയടക്കം റബ്ബറിന്റെ വില ഇനിയും ഇടിയുന്നതിന് കാരണമാകുമെന്ന് റബ്ബർ ബോര്‍ഡ് തന്നെ മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവിക റബ്ബറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കളായ ടയർ കമ്പനികളടക്കം കോമ്പൗണ്ട് റബ്ബർ ഇറക്കുമതിയിൽനിന്നും പിന്മാറണമെന്നും കേരളമടക്കം ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന റബ്ബർ വാങ്ങാൻ തയ്യാറാകണമെന്നുമാണ് റബ്ബർ ബോര്‍ഡിന്റെ അഭ്യർത്ഥന. അതിനോട് ടയർ കമ്പനികളടക്കം റബ്ബർ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാണ് കേരളത്തിലെ വൻകിട തോട്ടങ്ങളടക്കം റബ്ബർ കർഷകരുടെയും അതിനെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ആയിരങ്ങളുടെയും കേരളത്തിന്റെ സമ്പദ്ഘടനയുടെയും ഭാവി നിർണയിക്കപ്പെടുക. റബ്ബർ കർഷകരടക്കം ഇന്ത്യയിലെ കർഷക ജനതയുടെ വ്യാപകമായ എതിർപ്പും പ്രതിരോധവും വകവയ്ക്കാതെയാണ് കേന്ദ്രസർക്കാർ ആസിയാൻ രാഷ്ട്രങ്ങളടക്കം ലോകരാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറിൽ ഏർപ്പെട്ടത്. അത് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത് കാർഷിക സമ്പദ്ഘടനയിൽ നാണ്യവിളകൾക്ക് നിർണായക പങ്കുള്ള കേരളത്തെയാണ്. കരാർ നിലവിൽവന്നതോടെ റബ്ബർ, കുരുമുളക്, കാപ്പി, ഏലം, നാളികേരം തുടങ്ങി കേരളത്തിന്റെ നാണ്യവിള വിപണിയാകെ നിരന്തരമായ അനിശ്ചിതത്വത്തെയെയും തകർച്ചയെയുമാണ് അഭിമുഖീകരിക്കുന്നത്. 

തായ്‌ലൻഡ്, ഇന്തോനേഷ്യ, ചൈന എന്നിവയ്ക്കുപിന്നിൽ ലോകത്ത് റബ്ബർ ഉല്പാദനത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. റബ്ബർ ഉപഭോഗത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. 2012ലെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ റബ്ബർ ഉല്പാദനത്തിന്റെ 90 ശതമാനവും കൃഷിഭൂമിയുടെ 78 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. അതിൽത്തന്നെ കൃഷിഭൂമിയുടെ 40ഉം ഉല്പാദനത്തിന്റെ 45ഉം ശതമാനവും കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ്. പ്രാഥമികമായ ഈ ക­ണക്കുകൾ റബ്ബർ കൃ­ഷിയുടെ പ്രാധാന്യവും കേരളത്തിന് അതിന്മേലുള്ള സാമ്പത്തിക ആശ്രയത്വവും വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ടയർ നിർമ്മാതാക്കളാണ്. ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഫലമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാരക്കരാറുകളുടെയും ഇറക്കുമതി നയത്തിന്റെയും പ്രധാന ഗുണഭോക്താക്കളുടെ മുൻനിരയിലാണ് ടയർ നിർമ്മാതാക്കൾ. സ്വാഭാവിക റബ്ബർ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള തായ്‌ലൻഡ് അടക്കം രാജ്യങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ പതിനായിരക്കണക്കിന് ടൺ റബ്ബർ ഇറക്കുമതിചെയ്ത് ശേഖരിക്കാൻ ടയർ കമ്പനികൾക്ക് നൽകിയ അനുമതി ആഭ്യന്തര ഉല്പന്നത്തിന്റെ വില ഗണ്യമായി ഇടിയാൻ ഇടയാക്കി. കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി തുടരുന്ന ഈ സ്ഥിതിവിശേഷം ആഭ്യന്തര റബ്ബർ വിപണിയുടെയും കൃഷിയുടെയും തകർച്ചയ്ക്ക് കാരണമായി. ഇറക്കുമതി നിയന്ത്രിക്കാനോ താരിഫ് ഉയർത്താനോ ഉള്ള കർഷകരുടെ ആവശ്യം കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ കേന്ദ്ര സർക്കാരുകളുടെ കർണങ്ങളിൽ വനരോദനമായി മാറി. ഇപ്പോഴാവട്ടെ സ്വാഭാവിക റബ്ബറിന് പകരം രാസവസ്തുക്കൾ കലർത്തിയ കോമ്പൗണ്ട് റബ്ബർകൂടി യഥേഷ്ടം ഇറക്കുമതിചെയ്യാനും കേന്ദ്രസർക്കാർ ടയർ കമ്പനികളെ അനുവദിച്ചിരിക്കുന്നു. കമ്പനികളാകട്ടെ ഇതിനോടകം അതിന്റെ വൻശേഖരം തന്നെ സമാഹരിച്ചിട്ടുണ്ട്. കൊള്ളലാഭത്തിൽ കണ്ണുനട്ട കമ്പനികൾ അവയുടെ ഇറക്കുമതി നിർബാധം തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അത് തടയാനുള്ള ദുർബലമായ ശ്രമമാണ് കഴിഞ്ഞദിവസം റബ്ബർ ബോര്‍ഡ് നടത്തിയത്. റബ്ബർ ഉല്പാദനം, വിപണനം എന്നിവയിൽ നിർണായക അധികാര അവകാശങ്ങൾ ഉണ്ടായിരുന്ന റബ്ബർ ബോര്‍ഡ് ഇന്ന് പല്ലുകൊഴിഞ്ഞ സിംഹം മാത്രമാണെന്നതാണ് വസ്തുത. മോഡി സർക്കാർ 2022ല്‍ ഒരു നിയമനിർമ്മാണത്തിലൂടെ ബോര്‍ഡിന്റെ അവകാശങ്ങൾ കവർന്നെടു‌ക്കാന്‍ ശ്രമം നടത്തിയിരുന്നു. 

എംആർഎഫ്, അപ്പോളോ, ജെകെ, സിയറ്റ്, ബികെടി തുടങ്ങിയ കുത്തകകളാണ് ടയർ നിർമ്മാണത്തിന്റെ മുൻനിരയിൽ. രാജ്യത്തുല്പാദിപ്പിക്കുന്ന റബ്ബറിന്റെ പകുതിയിലേറെയും ടയർ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്. ലോകത്തെ വാഹന ഉല്പാദനത്തിന്റെ പ്രമുഖ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ അതിവേഗം വളരുന്ന വ്യവസായങ്ങളിൽ ഒന്നാണ് അത്. ആഭ്യന്തര റബ്ബർ ഉല്പാദനത്തിന്റെ ചെലവുമായുള്ള താരതമ്യത്തിൽ ഇറക്കുമതി റബ്ബർ ടയർ ഉല്പാദകർക്ക് ഏറെ ലാഭകരമാണ്. കർഷകരുടെയും സമ്പദ്ഘടനയുടെയും താല്പര്യത്തെക്കാൾ മൂലധനത്തിന്റെയും കൊള്ളലാഭത്തിന്റെയും ഒപ്പം നിൽക്കുന്ന കേന്ദ്രസർക്കാർ, ഇറക്കുമതി നിയന്ത്രിക്കാൻ തയ്യാറാവാത്തതാണ് ആഭ്യന്തര റബ്ബർ ഉല്പാദനത്തെയും വിപണിയെയും അതുവഴി ഗണ്യമായ ഒരു ജനവിഭാഗത്തെയും സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നത്. റബ്ബർ കൃഷിയും വിപണിയും നേരിടുന്ന തകർച്ചയുടെ ഏറ്റവും വലിയ ഇരയായി മാറുകയാണ് കേരളം. റബ്ബർ ഇറക്കുമതി നിയന്ത്രിക്കാതെയും ആഭ്യന്തര വിപണിയിൽനിന്നും റബ്ബർ വാങ്ങുകയെന്നത് ടയർ നിർമ്മാതാക്കളടക്കം റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെമേൽ നിയമപരമായ ബാധ്യത ആക്കാതെയും റബ്ബർ കൃഷി, ഉല്പാദനം, വിപണനം എന്നിവയ്ക്കുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ റബ്ബർ ബോര്‍ഡിൽ നിക്ഷിപ്തമാക്കാതെയും ഈരംഗം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി മുറിച്ചുകടക്കുക ദുഷ്കരമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.