Thursday
21 Feb 2019

ആള്‍ക്കൂട്ടനീതി: മോഡിഭരണം നല്‍കിയ ഭസ്മാസുര വരത്തിന്‍റെ ഉപോല്‍പന്നം

By: Web Desk | Wednesday 4 July 2018 10:19 PM IST

ഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ തുടര്‍ന്ന് ‘വാട്‌സാപ്’ സേവനദാതാക്കളോട് അവരുടെ സാമൂഹ്യമാധ്യമം വഴി നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ‘അത്തരം പ്രചാരണങ്ങളെ നേരിടാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനും ഗവണ്‍മെന്റും പൊതുസമൂഹവും സാങ്കേതികദാതാക്കളായ കമ്പനികളും കൈകോര്‍ക്കണ’മെന്ന മറുപടിയും സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞു. വാട്‌സാപ് സേവനദാതാക്കളായ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ കമ്പനിയുടെ ആ മാധ്യമത്തിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഫെയ്‌സ്ബുക്ക് ഡാറ്റകള്‍ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സുക്കര്‍ബര്‍ഗിനെതിരെ ഫലത്തില്‍ യാതൊന്നും ചെയ്യാന്‍ അതിശക്തരെന്ന് അവകാശപ്പെടുന്ന യുഎസ് ഭരണകൂടത്തിനോ യൂറോപ്യന്‍ സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞിട്ടില്ല. ഇന്ത്യയെപോലെ വലിയൊരു വിപണി കൈയൊഴിയാന്‍ തയാറല്ലാത്ത സുക്കര്‍ബര്‍ഗിന്റെ കമ്പനി വാട്‌സാപ്പിന്റെ ദുരുപയോഗത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമുണ്ടെന്ന് തങ്ങളുടെ മറുപടിയിലൂടെ ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുകയാണ്. തങ്ങളുടെ മേഖലയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും വാട്‌സാപ് ദുരുപയോഗം തടയുന്നതിന് ചില്ലറ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുമുണ്ട്. വാട്‌സാപ് പോലെ ഇരുപതു കോടിയിലധികം ഉപയോക്താക്കളുള്ള ഒരു മാധ്യമത്തെ നിയന്ത്രിക്കുക അസാധ്യമായതു കൊണ്ടുതന്നെ അവയുടെ ഉപയോഗത്തെപറ്റി ചില്ലറ ബോധവല്‍ക്കരണ പദ്ധതികള്‍ക്കും കമ്പനി സന്നദ്ധമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടന്ന ഇരുപതോളം ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പതിനഞ്ചെണ്ണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ പേരില്‍ പ്രചരിച്ച വ്യാജ വാട്‌സാപ് സന്ദേശങ്ങളെ തുടര്‍ന്നാണ്. നാലെണ്ണം ‘ഗോസംരക്ഷണ’ത്തിന്റെ പേരിലും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഡസന്‍ കണക്കിന് അക്രമസംഭവങ്ങളുമാണ് വാട്‌സാപ് കമ്പനിയുടെ മേല്‍ പഴിചാരാന്‍ കേന്ദ്രസര്‍ക്കാരിന് അവസരമൊരുക്കിയത്.
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമായി മാറിയത് ഇപ്പോഴല്ല. മോഡി അധികാരത്തിലേറി ഇതുവരെ മുപ്പതിലധികം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്നിട്ടുണ്ട്. ഏതാണ്ട് എഴുപതോളം അക്രമസംഭവങ്ങളിലായി നൂറ്റിഅമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അത്തരം സംഭവങ്ങളിലെ ഇരകളെല്ലാം തന്നെ മുസ്‌ലിം മതന്യൂനപക്ഷാംഗങ്ങളോ ദളിതരോ ആയിരുന്നു. അവയിലെല്ലാം ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നീ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. അവയൊന്നും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അവസരമായോ കാരണമായോ നരേന്ദ്രമോഡി സര്‍ക്കാര്‍ കണ്ടിരുന്നില്ല. അതിന്റെ പേരില്‍ ആരുടെയെങ്കിലും നേരെ നടപടി സ്വീകരിച്ചതായും അറിവില്ല. ഫലത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പിനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ നേട്ടത്തിന് സാമൂഹ്യമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് മോഡി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് യുക്തിഭദ്രമായി ആര്‍ക്കും വിലയിരുത്താം. മറുവശത്ത് രാഷ്ട്രീയവും ആശയപരവുമായ ഭിന്നതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരപ്പിച്ചുവെന്നതിന്റെ പേരില്‍ രാജദ്രോഹക്കുറ്റമടക്കം പൗരന്‍മാരുടെമേല്‍ ചുമത്തിയ സംഭവങ്ങള്‍ എത്ര വേണമെങ്കിലും നിരത്താനും കഴിയും. ഭരണകൂട ഒത്താശയോടെ നടന്നുവരുന്ന സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗമാണ് ആള്‍ക്കൂട്ടനീതിയുടെയും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വളക്കൂറുള്ള മണ്ണായി ഇന്ത്യയെ മാറ്റിയത്. ഇപ്പോള്‍ സമൂഹത്തിന്റെയാകെ ഉറക്കം കെടുത്തുന്നതും രാജ്യത്തിനാകെ അപമാനകരവുമായ സംഭവങ്ങള്‍ പുതിയ മേഖലകളിലേക്ക് കടക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കു നേരെ കുരച്ചു ചാടുന്നത് ഭാരതീയ ഐതിഹ്യങ്ങളിലെ ‘ഭസ്മാസുര’നെയാണ് അനുസ്മരിപ്പിക്കുന്നത്.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലകളില്‍ ഒന്നില്‍ പോലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ആ കുറ്റവാളികള്‍ ഫലത്തില്‍ സംരക്ഷിക്കപ്പെടുകയാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട നീതിയെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മോഡി സര്‍ക്കാരും സംഘ്പരിവാറും തീവ്രഹിന്ദുത്വ ശക്തികളും ചെയ്യുന്നത്. അത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തങ്ങള്‍ നല്‍കിയ വരം കൈവിട്ടുപോകുന്ന പരിഭ്രാന്തിയാണ് വാട്‌സാപ്പിനെതിരെ തിരിയാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടഞ്ഞേ മതിയാവൂ. അത് തടയാന്‍ ശ്രമിക്കുന്നവര്‍ ‘ധര്‍മം സ്വഭവനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്നര്‍ഥം വരുന്ന ഇംഗ്ലീഷ് ആപ്തവാക്യം ഓര്‍മിക്കുന്നത് നന്നായിരിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജസന്ദേശം ഏറെ പ്രചരിക്കുന്നതും ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഏറ്റവുമധികം അരങ്ങേറുന്നതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.