6 December 2024, Friday
KSFE Galaxy Chits Banner 2

ജലവിമാന പദ്ധതിയും വിനോദസഞ്ചാര വെല്ലുവിളികളും

Janayugom Webdesk
November 13, 2024 5:00 am

കേരളത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര ലക്ഷ്യങ്ങളിലേക്ക് നാല് വിമാനത്താവളങ്ങൾ കേന്ദ്രമാക്കി ജലവിമാന സേവനം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നീക്കം സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ജലവിമാന സേവനം ലഭ്യമാക്കുന്നത് വിനോദസഞ്ചാര മേഖല കൂടുതൽ ആകർഷകവും ഉയർന്ന വരുമാനലഭ്യതയും ഉറപ്പാക്കുമെന്ന കണക്കുകൂട്ടലിലാണിത്. അത് വിദേശീയ ആഡംബര വിനോദസഞ്ചാരികളെ‌ക്കാളേറെ കൗതുകത്തിന്റെ പേരിൽ ഒരിക്കലെങ്കിലും ഈ അനുഭവം ആസ്വദിക്കണമെന്ന് കരുതുന്ന തദ്ദേശീയ സഞ്ചാരികളെ ഏറെ ആകർഷിച്ചേക്കാം. പക്ഷെ പുതിയ സംവിധാനത്തിന്റെ ആകർഷണീയതയും അതുവഴി ഉണ്ടായേക്കാവുന്ന വരുമാന വർധനവും മാത്രം കണക്കിലെടുത്ത് ഈ സംരംഭത്തെ ഇരുകയ്യുംനീട്ടി കേരളസമൂഹവും വിനോദസഞ്ചാരികള്‍ ഒന്നാകെയും സ്വീകരിക്കുമെന്ന് കരുതാനാവില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജലവിമാന സേവനം ആരംഭിക്കാൻ നടത്തിയ ശ്രമത്തിനെതിരെ അതിന്റെ പ്രത്യാഘാതങ്ങൾക്ക് ഇരകളാകുമെന്ന് ബോധ്യപ്പെട്ട മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലിലും ഏർപ്പെട്ടിരുന്ന തൊഴിലാളികളും അവരുടെ സംഘടനകളും ശക്തമായ പ്രതിരോധം ഉയർത്തുകയുണ്ടായി. ജലവിമാന പദ്ധതി സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികവും ജൈവവൈവിധ്യപരവുമായ പ്രശ്നങ്ങളും അക്കാലത്ത് കേരള സമൂഹത്തിൽ സജീവ ചർച്ചാവിഷയമായി മാറിയിരുന്നു. ആ പദ്ധതിയിൽനിന്നും പിന്മാറാൻ യുഡിഎഫ് സർക്കാരിനെ നിർബന്ധിതമാക്കിയത് പ്രതിഷേധവും പ്രതിരോധ സമരങ്ങളുമായിരുന്നു. അന്ന് കേരള സമൂഹത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങളെ വേണ്ടവിധം അഭിസംബോധന ചെയ്തും പ്രതിവിധികൾ നിർദേശിച്ചും പദ്ധതിയുടെ കെടുതികളിൽ ആശങ്കാകുലരായ ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുമാണോ പൊടുന്നനെ ഇപ്പോഴത്തെ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതെന്ന കാര്യത്തിൽ സംശയവും ആശങ്കയുമുണ്ട്. 

കഴിഞ്ഞ ദിവസം ജലവിമാനത്തിന്റെ മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണ പറക്കലിനുവേണ്ടി കൊച്ചി, ബോൾഗാട്ടിയിലെ മത്സ്യബന്ധനം, യാത്രാ ബോട്ടുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തൽക്കാലത്തേക്കെങ്കിലും ഏതാനും സമയത്തേക്ക് നിർത്തിവയ്ക്കേണ്ടിവന്നു. ജലവിമാന സേവനം സ്ഥിരം പ്രക്രിയ ആകുമ്പോൾ പതിവ് രീതികൾക്ക് ഉണ്ടായേക്കാവുന്ന ഭംഗവും അതിന്റെ സാമൂഹിക ആഘാതവും വിലയിരുത്തപ്പെടേണ്ടതാണ്. മാട്ടുപ്പെട്ടി ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജലവിമാന സേവനം നിരന്തരമാകുമ്പോൾ അവിടുത്തെ കാട്ടാനകളടക്കം വന്യജീവികൾക്കും ജൈവവൈവിധ്യത്തിനും സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെ അഭിസംബോധനചെയ്യാതെ പരിഹാസപൂർവം നിസാരവൽക്കരിക്കുന്നത് അനഭിലഷണീയവും അപലപനീയവുമാണ്. ന്യൂയോർക്കിലെ ജെഎഫ്‌കെ, ഓസ്ട്രേലിയയിലെ മെൽബൺ എന്നീ വൻ വിമാനത്താവളങ്ങൾ പോലും പാരിസ്ഥിതികവും പക്ഷികളുടെ ആവാസവ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് അവയുടെ വികസനതന്ത്രങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രദേശവാസികൾ നേരിടുന്ന ശബ്ദശല്യം കണക്കിലെടുത്ത് ലോകത്തിലെ പല പ്രമുഖ വിമാനത്താവളങ്ങളും രാത്രി ലാൻഡിങ് അവസാനിപ്പിച്ച ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. കൊച്ചിയിൽനിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ പ്രതിദിനം മുന്നൂറില്പരം ഇന്നോവ ടാക്സികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടാക്സി സേവന ദാതാക്കൾ ഉൾപ്പെടെ സഞ്ചാരപാതയിൽ നിലവിലുള്ള സാമ്പത്തിക സംവിധാനത്തിന് സംഭവിച്ചേക്കാവുന്ന ഭംഗവും ജലവിമാന പദ്ധതി നടപ്പാക്കുമ്പോൾ അവഗണിക്കപ്പെട്ടുകൂടാ. 2006ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാരാണ് ‘ഉത്തരവാദിത്ത വിനോദസഞ്ചാരം’ എന്ന ആശയത്തിന്റെ കേരളത്തിലെ ഉപജ്ഞാതാക്കൾ. വിനോദസഞ്ചാരം കേവലം സർക്കാരിന്റെ കണക്ക് പുസ്തകത്തിലെ വരവുചെലവുകളുടെ ആകെത്തുകയല്ല. മറിച്ച്, അത് സമൂഹത്തിന്റെ ക്ഷേമത്തിനുകൂടി സംഭാവന ചെയ്യുന്ന സംരംഭമായി മാറണമെന്ന കാഴ്ചപ്പാടാണ് ആ ആശയം മുന്നോട്ടുവയ്ക്കുന്നത്. ഒരു നൂതന വിനോദസഞ്ചാര പദ്ധതി ആ രംഗത്തെ ആശ്രയിച്ച് ഉപജീവനം നിർവഹിക്കുന്നവരുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയിൽ വളർച്ചയ്ക്കുപകരം തടസമാണ് സൃഷ്ടിക്കുന്നതെങ്കിൽ അതിനെ പുരോഗതിയായി വിലയിരുത്താനാവില്ല. 

നദികൾ, കായലുകൾ, ഡാമുകൾ ഉൾപ്പെടെ കേരളത്തിലെ ജലാശയങ്ങളെ വിനോദസഞ്ചാര വ്യവസായത്തിന് ഭാവനാപൂർവം ഉപയോഗപ്പെടുത്തുക എന്നത് ഒട്ടും പുതിയ ആശയമല്ല. എന്നാൽ, ആ ജലഗാത്രങ്ങളെ പാരിസ്ഥിതികവും ജൈവികവുമായ എല്ലാ സവിശേഷതകളോടും സംരക്ഷിക്കാതെ അവയെ ജലമൃതഗാത്രങ്ങളാക്കി മാറ്റിയാൽ അവ സഞ്ചാരികൾക്കുവേണ്ടി എന്ത് മാനസികോല്ലാസവും കൗതുകവുമായിരിക്കും കാത്തുസൂക്ഷിക്കുക. ആനക്കൂട്ടങ്ങൾ സ്വതന്ത്രമായി വിഹരിക്കാത്ത, അവയെ മഷിയിട്ട് നോക്കിയാൽപ്പോലും കാണാത്ത മാട്ടുപ്പെട്ടി അത്തരമൊരു മൃതഗാത്രമായി മാറുമെന്നതിൽ ആർക്കും സംശയം വേണ്ട. ആനകളെ, പ്രത്യേകിച്ചും സ്വതന്ത്രമായി വിഹരിക്കുന്ന കാട്ടാനകളെ, ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങളിൽനിന്നും എത്തുന്ന സഞ്ചാരികളിൽ അത്തരമൊരു മാട്ടുപ്പെട്ടി എന്ത് ജിജ്ഞാസയാണ് ജനിപ്പിക്കുക. വിമാന, ജലവിമാന യാത്ര ആസ്വദിക്കാൻ മാത്രമായി സഞ്ചാരികൾക്ക് കേരളത്തിലേക്ക് വരേണ്ടതില്ല. അവർ കേരളത്തിലേക്ക് വരുന്നത് ഈ ഭൂപ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും, ജൈവവൈവിധ്യവും, അനന്യമായ സാംസ്കാരികത്തനിമയും മലയാളി ആതിഥ്യമര്യാദയുമടക്കം ആസ്വദിക്കാനാണ്. അതുകൊണ്ടാണ് ലോകവിഖ്യാത ടൈം മാഗസിൻ കേരളത്തെ, ‘അനിവാര്യമായും സന്ദർശിച്ചിരിക്കേണ്ട വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായി’ തിരഞ്ഞെടുത്ത് അവതരിപ്പിക്കാൻ നിർബന്ധിതമായത്. വേമ്പനാടും അഷ്ടമുടിയുമടക്കം നമ്മുടെ കായലുകൾ നാശോന്മുഖമാണെന്ന് പഠനങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പുനൽകുന്നു. ഭാവി തലമുറകൾക്കുവേണ്ടി അവയെ സംരക്ഷിക്കാനുള്ള നടപടികൾക്കാണ് അടിയന്തര പ്രാധാന്യം. അനേകായിരങ്ങളുടെ ജീവനും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിന്റെ സുപ്രധാന ജലഗാത്രങ്ങളാണ് അവ. ജലവിമാന വിനോദസഞ്ചാര പദ്ധതിയിൽ അവയെ ഉൾപ്പെടുത്തുംമുമ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ചുമാത്രമേ തീരുമാനത്തിലെത്തു എന്ന വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഗ്ദാനം ആശ്വാസകരവും പ്രതീക്ഷയ്ക്ക് വകനൽകുന്നതുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.