11 October 2024, Friday
KSFE Galaxy Chits Banner 2

മതനിരപേക്ഷ സിവിൽ കോഡ്: വിനാശകരമായ തീക്കളി

Janayugom Webdesk
August 19, 2024 5:00 am

ഏകീകൃത സിവിൽ കോഡ് എന്ന തന്റെയും ബിജെപി-സംഘ്പരിവാർ പ്രതിലോമകതയുടെയും അജണ്ടയ്ക്ക് പുതിയ വ്യാഖ്യാനവും കപട പരിവേഷവും നൽകാനുള്ള ശ്രമമാണ് ‘മതനിരപേക്ഷ സിവിൽ കോഡ്’ നാമകരണത്തിലൂടെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത്. യൂണിഫോം സിവിൽ കോഡി (യുസിസി) നെതിരായ എൻഡിഎ സഖ്യകക്ഷികളുടെ വൈമനസ്യത്തെയും പ്രതിപക്ഷപാർട്ടികളുടെ ശക്തമായ എതിർപ്പിനെയും വാക്കുകൾകൊണ്ടുള്ള ഇന്ദ്രജാലത്തിലൂടെ മറികടക്കാമെന്നാണ് മോഡിയുടെയും ‘ഫാസിസ്റ്റ് ഫാൻസ്’ ജനക്കൂട്ടത്തിന്റെയും കണക്കുകൂട്ടലെന്ന് ഇതിനോടകം അവർ നടത്തിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ‘മതനിരപേക്ഷത’ എന്ന അറ്റകൈ പ്രയോഗത്തിലൂടെ എതിർപ്പിന്റെ കാറ്റഴിച്ചുവിട്ടെന്ന് അവർ ആശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടന, ലോകത്തെ ഏറ്റവും ബൃഹത്തും വൈവിധ്യവുമാർന്ന, ബഹുമത, ബഹുസംസ്കാര, ജനസഞ്ചയത്തിന് ഉറപ്പുനൽകുന്ന അടിസ്ഥാന ജനാധിപത്യ മുന്നുറപ്പാണ് മതനിരപേക്ഷത. ആ രാഷ്ട്രമീമാംസാ സങ്കല്പത്തെയാണ് തങ്ങളുടെ ദുരുപദിഷ്ട, സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മോഡിയും പരിവാറും തകർക്കാൻ ശ്രമിക്കുന്നത്. വ്യത്യസ്ത മതവിശ്വാസങ്ങളും ആചാരക്രമങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന ഒരു ബൃഹദ്സമൂഹത്തിന്റെ രാഷ്ട്രീയ, ഭരണ പ്രക്രിയകളിൽനിന്നും മതത്തെ വ്യക്തികളുടെ സ്വകാര്യ വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും ഭാഗമാക്കി മാറ്റിനിർത്തുന്നതിനെയാണ് മതനിരപേക്ഷത എന്ന ആശയം പ്രതിനിധാനം ചെയ്യുന്നത്. ആ ഭരണഘടനാവ്യവസ്ഥ ഭരണകൂടത്തിന് മാത്രമല്ല, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ രാഷ്ട്രീയപാർട്ടികൾക്കും ബാധകമാണ്. അതുകൊണ്ടുതന്നെയാണ് പ്രചരണത്തിൽ മതത്തെയും മതപ്രതീകങ്ങളെയും ഉപയോഗിക്കുന്നതുപോലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രഖ്യാപിച്ച് നിയമനടപടികൾക്ക് വിധേയമാക്കുന്നത്. അത്തരമൊരു രാജ്യത്ത് മതനിരപേക്ഷതയുടെ മറവിൽ വർഗീയത വളർത്തി ആ ആശയത്തെത്തന്നെ അട്ടിമറിക്കാനും, അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരരാഷ്ട്രീയ മുതലെടുപ്പിനും, മോഡിയും ബിജെപിയും സംഘ്പരിവാറും നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധവും രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതുമാണ്. 

മതേതര സിവിൽ കോഡ് എന്ന മാരീചവേഷം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ബിജെപിയുടെ പതിവ് കപടതന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച്, മത‑സാമുദായിക വിദ്വേഷം ആളിക്കത്തിച്ചും കലാപങ്ങൾക്ക് തിരികൊളുത്തിയും അധികാരം കയ്യാളാൻ ദശാബ്ദങ്ങളായി ബിജെപി നടത്തിവരുന്ന കുത്സിത രാഷ്ട്രീയത്തിന്റെ ഭാഗമാണ് സെക്യുലർ സിവിൽ കോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഏകീകൃത സിവിൽ കോഡ്. വാജ്പേയ് ഭരണത്തിലും അതിനുമുമ്പും ഉയർത്തപ്പെട്ടിരുന്ന ബിജെപിയുടെയും പരിവാറിന്റെയും മുഖ്യ രാഷ്ട്രീയലക്ഷ്യങ്ങളിൽ ഒന്നായിരുന്നു യുസിസി. അത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നടത്തിയ പൊതു തെരഞ്ഞെടുപ്പുകളിലെല്ലാം പ്രകടനപത്രികയിൽ പ്രമുഖസ്ഥാനം നേടിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുക, അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്നിടത്ത് രാമക്ഷേത്രം നിർമ്മിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളും ഇതിനകം കൈവരിച്ചുകഴിഞ്ഞു. അതിന്റെ പ്രയോജനം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിലും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് വർഗീയ വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ തങ്ങൾക്ക് രാഷ്ട്രീയ നിലനില്പില്ലെന്ന് മോഡിയും ബിജെപിയും പരിവാറും കണക്കുകൂട്ടുന്നു. ആ ലക്ഷ്യസാക്ഷാത്കാരത്തിനാണ് എൻഡിഎയിലെ സഖ്യകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാതെ സ്വാതന്ത്ര്യദിനത്തിൽ മോഡി നടത്തിയ പ്രഖ്യാപനം. അതിനാണ് കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി രാജ്യത്ത്, വിവിധ ഹിന്ദു മതവിഭാഗങ്ങളടക്കം പിന്തുടർന്നുപോന്ന, വിവാഹം, പിന്തുടർച്ചാവകാശം മുതലായവ ഉൾപ്പെടുന്ന വ്യക്തിനിയമങ്ങളെ ഏകീകൃത നിയമമാക്കി മാറ്റാനുള്ള തത്രപ്പാട്. നിലവിലുള്ള മതാധിഷ്ഠിത സിവിൽ നിയമങ്ങൾ വർഗീയവും വിവേചനപരവുമാണെന്ന് പ്രധാനമന്ത്രി വ്യാഖ്യാനിക്കുന്നു. മതനിരപേക്ഷതയുടെ പേരിലുള്ള ആ വ്യാഖ്യാനമാകട്ടെ ഏതെങ്കിലും മൂർത്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതല്ല. അത് മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിം ജനതയെയാണ്. ബിജെപി-പരിവാർ രാഷ്ട്രീയത്തെ പരിപോഷിപ്പിക്കുന്നതിന്റെ മുഖ്യഘടകം മുസ്ലിം വിദ്വേഷമാണെന്നത് രഹസ്യമല്ലല്ലോ. 

ഏകീകൃത സിവിൽ കോഡ് എന്നത് ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങളിലും സുപ്രീം കോടതിയുടെ പരാമർശങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ആ നിർദേശക തത്വങ്ങളിലെ ഇനിയും സാക്ഷാത്ക്കരിക്കപ്പെടാത്തതും അടിയന്തര പ്രാധാന്യമർഹിക്കുന്നതുമായ മറ്റെല്ലാ വിഷയങ്ങളും മാറ്റിവച്ച് സിവിൽ കോഡിൽ പ്രകടിപ്പിക്കുന്ന തിടുക്കം വിദ്വേഷരാഷ്ട്രീയം ബിജെപിയുടെ പ്രാണവായുവാണെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. അതിനെതിരെ 2018ൽ 21-ാം നിയമ കമ്മിഷൻ നൽകിയ മുന്നറിയിപ്പും അവഗണിച്ചാണ് മോഡി സർക്കാർ വിനാശകരമായ സാഹസത്തിന് മുതിരുന്നത്. വിദ്വേഷ രാഷ്ട്രീയത്തെ ആളിക്കത്തിക്കാതെ ഇക്കൊല്ലവും തുടർന്നും നടക്കാൻപോകുന്ന തെരഞ്ഞെടുപ്പുകളിൽ കനത്ത വെല്ലുവിളിയായിരിക്കും തങ്ങൾക്ക് നേരിടേണ്ടിവരിക എന്നത് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് മോഡിയും ബിജെപി-ആർഎസ്എസ്-പരിവാർ നേതൃത്വവുമാണ്. അഭൂതപൂർവമായ തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും വ്യാവസായിക രംഗത്തെ ഗ്രസിച്ചിരിക്കുന്ന മ്ലാനതയും ജനങ്ങളുടെ ജീവിതദുരിതങ്ങളും അപ്പാടെ അവഗണിച്ചാണ് സ്വെെര രാഷ്ട്രജീവിതത്തെയും ജനങ്ങളുടെ ഐക്യത്തെയും തകർക്കാൻ ബോധപൂർവം ലക്ഷ്യംവച്ചുള്ള സെക്യുലർ സിവിൽ കോഡെന്ന ഭിന്നതയുടെ അജണ്ട നരേന്ദ്ര മോഡി മുന്നോട്ടുവച്ചിരിക്കുന്നത്. ഈ തീക്കളി അനുവദിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചുവരുത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.