ബാങ്ക് ലയനം: സാമ്പത്തിക ഭീകരതയുടെ പുത്തന്‍പതിപ്പ്

Web Desk
Posted on September 01, 2019, 10:44 pm

സമ്പദ്ഘടനയെയും ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും തകര്‍ക്കുന്ന ഹിമാലയന്‍ വിഡ്ഢിത്വ പരമ്പരകളുടെ ഏറ്റവും പുതിയ പതിപ്പാണ് ആറ് പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടിക്കൊണ്ടുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനം. സ്വകാര്യ മൂലധന ശക്തികളുടെ കയ്യില്‍ നിന്നും നിയമാനുസൃതം പിടിച്ചെടുത്ത് പൊതുമേഖലയിലാക്കിയ ബാങ്കുകളാണ് യാതൊരു സാമ്പത്തിക യുക്തിക്കും നിരക്കാത്ത കാരണങ്ങളുടെ പേരില്‍ നിയമവ്യവസ്ഥകളെയും മാനദണ്ഡങ്ങളെയും കാറ്റില്‍പറത്തി അടച്ചുപൂട്ടിയിരിക്കുന്നത്. ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് ബാങ്കിംഗ് സേവനം ദശാബ്ദങ്ങളായി നല്‍കിപ്പോന്ന പത്ത് പൊതുമേഖലാ ബാങ്കുകളാണ് കേന്ദ്രഭരണകൂടം തന്നിഷ്ടപ്രകാരം നാല് ബാങ്കുകളായി സംയോജിപ്പിച്ചിരിക്കുന്നത്. അതുവഴി ആഗോളതലത്തില്‍ വിഭവശേഷിയും മത്സരക്ഷമതയുമുള്ള ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് എന്ന അവകാശവാദമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തെ പൊതുസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകൊള്ളക്കാര്‍ക്കും അടിയറവയ്ക്കുന്ന, പഴയ സ്‌കൂള്‍ പാഠപുസ്തകത്തിലെ മൂത്തകുരങ്ങന്‍ അപ്പം മുഴുവന്‍ കൈക്കലാക്കുന്ന, കുരുട്ടുബുദ്ധിയാണ് അരങ്ങേറുന്നത്. ഈ നടപടി 2008‑ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിവച്ച യുഎസ് ബാങ്കിംഗ് വ്യവസായ തകര്‍ച്ചയ്ക്ക് സമാനമായ സ്ഥിതിവിശേഷം ഇന്ത്യയിലും സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയാണ് വിവേകശാലികളായ സാമ്പത്തിക വിദഗ്ധര്‍പോലും പങ്കുവയ്ക്കുന്നത്. നോട്ടുനിരോധനവും അനവസരത്തില്‍ നടപ്പാക്കിയ ചരക്കുസേവന നികുതിയും സൃഷ്ടിച്ചതിലും ഭീകര സാമ്പത്തിക ദുരന്തത്തെ അവര്‍ ഭയപ്പെടുന്നു. മോഡി സര്‍ക്കാരും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നടത്തുന്ന പരസ്യ പ്രഖ്യാപനങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ഉന്നത ലക്ഷ്യപ്രഖ്യാപനങ്ങള്‍ക്കും അപ്പുറം തകര്‍ന്നടിയുന്ന സമ്പദ്ഘടനയുടെ യഥാര്‍ഥ ചിത്രം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുടെകൂടി ഭാഗമാണ് ലയന നടപടി.

ആഗോളതലത്തില്‍ സ്വകാര്യ ബാങ്കിംഗ്-ധനകാര്യ മേഖലകളില്‍ ലയനങ്ങളും ഏറ്റെടുക്കലുകളും അസാധാരണമല്ല. എന്നാല്‍ മൂലധന‑ലാഭ താല്‍പര്യങ്ങള്‍ക്ക് ഉപരി രാഷ്ട്ര‑പൊതു താല്‍പര്യ സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങളെ രാഷ്ട്രീയ അധികാരം ഉപയോഗിപ്പിച്ച് നിഗ്രഹിക്കുന്നതിന്റെ ലക്ഷ്യവും യുക്തിഭദ്രതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2008ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായത് പൊതുമേഖലാ ബാങ്കുകളുടെ കരുത്തുകൊണ്ടാണെന്നത് ലോകം അംഗീകരിച്ച അനിഷേധ്യ യാഥാര്‍ഥ്യമാണ്. ആ വസ്തുത മറച്ചുവച്ച് ആഗോളതലത്തില്‍ മൂലധന കരുത്തും മത്സര ശേഷിയുമുള്ള ബാങ്കുകളുടെ സൃഷ്ടിയാണ് ലക്ഷ്യമെന്ന് പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. ആഗോള ബാങ്കിംഗ് രംഗത്ത് ചൈനയുടെ പൊതുമേഖലാ ബാങ്കുകള്‍ കരുത്താര്‍ജിച്ചത് ഇത്തരം ചെപ്പടിവിദ്യകള്‍കൊണ്ടല്ല. മറിച്ച്, ചൈനീസ് സമ്പദ്ഘടന കൈവരിച്ച വളര്‍ച്ചയും കരുത്തും തന്നെയാണ് അതിന്റെ അടിസ്ഥാനം. ഇന്ത്യയിലാവട്ടെ കഴിഞ്ഞ ആറ് വര്‍ഷക്കാലത്തെ മോഡി ഭരണം സമ്പദ്ഘടനയുടെ അടിത്തറ തോണ്ടുകയാണ് ചെയ്തത്. അതിനെ മറികടക്കാന്‍ ബാങ്കുകളുടെ ലയനമോ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് കയ്യിട്ടുവാരുന്നതോ പരിഹാരമാവില്ല. ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും അവരുടെ ക്രയശേഷി പടിപടിയായി ഉയര്‍ത്തുകയും വഴിയെ സമ്പദ്ഘടനയെ ചലനാത്മകമായി മുന്നോട്ട് നയിക്കാനാവു. എന്നാല്‍ നോട്ടുനിരോധനവും ജിഎസ്ടിയും വിദേശനിക്ഷേപത്തെ അമിതമായി ആശ്രയിച്ചുള്ള വളര്‍ച്ചയെക്കുറിച്ചുള്ള ദിവാസ്വപ്‌നങ്ങളും ഇന്ത്യന്‍ സമ്പദ്ഘടനയെ തളര്‍ത്തുകയും തകര്‍ക്കുകയുമാണ്. ആവശ്യമായ തിരുത്തലുകളിലൂടെ സമ്പദ്ഘടനയെ നിലനിര്‍ത്താന്‍ ശ്രമിക്കാതെ ‘വിത്തുകുത്തി കഞ്ഞിവയ്ക്കുന്ന’ മോഡി സര്‍ക്കാര്‍ നയം വിനാശകരമായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുക.

പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി ജനിപ്പിച്ചാണ് ബാങ്ക് ലയനമെന്ന സാഹസത്തിന് മോഡി സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നത്. 2018–19 സാമ്പത്തികവര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം 1,50,000 കോടി രൂപയിലധികമാണ്. മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണക്കാരായ ഇടപാടുകാരില്‍ നിന്നും പിടിച്ചുപറിച്ച ആയിരക്കണക്കിന് കോടി രൂപയടക്കമാണ് ആ ലാഭം. അതെ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2,16,000 കോടി കവിഞ്ഞിരുന്നു. സാധാരണക്കാരായ ഇടപാടുകാരെ കൊള്ളയടിക്കുന്ന ബാങ്കിംഗ് നയം കിട്ടാക്കടം വഴി രാഷ്ട്രസമ്പത്ത് കവര്‍ന്നെടുക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് തട്ടിപ്പ് സംഘങ്ങളെ സംരക്ഷിക്കുകയും അവരെ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. അത്തരം കോര്‍പ്പറേറ്റ് കൊള്ളകള്‍ക്ക് കുടപിടിക്കുന്ന നടപടിയാണ് പൊതുമേഖലാ ബാങ്ക് ലയനങ്ങളിലൂടെ കരുത്താര്‍ജിക്കുന്നത്. അതിന്റെ ഇരകളായി മാറുന്നതാവട്ടെ രാഷ്ട്ര സമ്പദ്ഘടനയും സാമാന്യ ജനങ്ങളും ബാങ്ക് ജീവനക്കാരുമായിരിക്കും. കള്ളപ്പണ നിര്‍മാര്‍ജനം, ഡിജിറ്റല്‍ ഇടപാടുകള്‍, സുതാര്യത തുടങ്ങി ബാങ്കിംഗ്- ധനകാര്യ രംഗത്ത് വാഗ്ദാനം ചെയ്ത ലക്ഷ്യങ്ങള്‍ ഒന്നും കൈവരിക്കാനാകാതെ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മോഡി സര്‍ക്കാരിന്റെ സാമ്പത്തിക ഭീകരതയാണ് പുറത്തുവരുന്നത്.