August 18, 2022 Thursday

രാജ്യത്തെവിടെയും ഷഹീന്‍ ബാഗുകള്‍

Janayugom Webdesk
February 2, 2020 5:00 am

കഴിഞ്ഞയാഴ്ച നമ്മുടെ റിപ്പബ്ലിക് ദിനം കഴിഞ്ഞു. ഒരു പരമാധികാരം റിപ്പബ്ലിക് ആകുന്നതിന്റെ ഭാഗമായി ഭരണഘടന 1950 ജനുവരി 26ന് നിലവില്‍ വന്നു. ഇതിനുശേഷം ആദ്യമായി വി ദ പീപ്പിള്‍ എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ പൗരന്മാരാണ് തങ്ങളെന്ന മുദ്രാവാക്യമാണ് രാജ്യമെങ്ങും മുഴങ്ങികേട്ടത്. മാനവരാശിയുടെ സമാധാനം, സ്നേഹം എന്നീ കാര്യങ്ങളിലൂന്നിയുള്ള ഒരു സംയുക്ത സംസ്കാരമാണ് സ്വാതന്ത്ര്യം നേടുന്നതിലൂടെ ലക്ഷ്യമിട്ടത്. സ്വാതന്ത്ര്യലബ്ദിയോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം രൂപീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

ഭരണഘടന നിലവില്‍ വന്ന 1950 ജനുവരി 26നാണ് ഇതിനുള്ള പാത ഒരുക്കിയതും പ്രാഥമിക നടപടികള്‍ ആരംഭിച്ചതും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആ പ്രക്രിയ അത്ര എളുപ്പമായിരുന്നില്ല. തികച്ചും തടസങ്ങള്‍ നിറഞ്ഞതായിരുന്നു അത്. ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമായി. കോളനിവാഴ്ചയുടെ രീതികള്‍ അവസാനിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമായി മാറി. ജാതി, മതം, വര്‍ഗം, ലിംഗം എന്നിവയിലുപരിയായി ഒരു സമത്വ സമൂഹം വാര്‍ത്തെടുക്കുക എന്നത് ഒരു ഭഗീരഥപ്രയത്നമായി. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിനുവേണ്ടിയുള്ള പ്രയാണം ഏറെ ദുര്‍ഘടമായിരുന്നു. നിയമത്തിനു മുന്നില്‍ എല്ലാപേരും തുല്യരാണ്, എല്ലാവര്‍ക്കും വോട്ടവകാശം തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. ജീവിക്കാനുള്ള അവകാശം, തൊഴിലെടുക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുന്നതും ഏറെ പ്രയാസകരമായ കാര്യമായി. ഈ ഘട്ടത്തിലാണ് ദേശീയോദ്ഗ്രഥനമെന്ന ആശയം ഉരുത്തിരിയുന്നത്. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി വൈവിധ്യമായ സാംസ്കാരിക പാരമ്പര്യമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ വൈവിധ്യത്തില്‍ ഒരു പൊതുസ്വഭാവം നിലനിര്‍ത്തുന്ന പ്രക്രിയ ആരംഭിച്ചു. ഒന്നാം സ്വാതന്ത്ര്യസമരം ജനങ്ങളുടെ മനസില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു ബോധം സൃഷ്ടിച്ചു. തുടര്‍ന്നുള്ള ദേശീയ പ്രസ്ഥാനങ്ങളില്‍ ഈ ഐക്യം കൂടുതല്‍ ശക്തമായി.

ഇതിലൂടെയാണ് ഒരു പൊതുശത്രുവിനെതിരെ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയത്. ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്ത് തന്നെയുള്ള ശത്രുക്കള്‍ക്കെതിരെയും പോരാടേണ്ടതായിട്ടുവന്നു. സംഘപരിവാറിന്റെ വളര്‍ച്ചയോട് വലതുപക്ഷ ശക്തികളും കരുത്താര്‍ജിച്ചു. ഇവിടെയാണ് ഭൂരിപക്ഷവാദവും വെല്ലുവിളികളും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്നത്. ഈ വ്യതിയാനം നമ്മുടെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പൈതൃകത്തിന് യോജിച്ചതല്ല. ഈ വിഘടനവാദം തികച്ചും വര്‍ഗീയമാകുകയും രാഷ്ട്രീയമായി ഇതിന് ഫാസിസ്റ്റ് സ്വഭാവം ഉണ്ടാവുകയും ചെയ്തു. ഈ പ്രവണതകള്‍ ജനാധിപത്യ മൂല്യങ്ങള്‍, മതേതരത്വം എന്നിവയ്ക്ക് എതിരാണ്. എന്നാല്‍ ഇവര്‍ക്ക് സമൂഹത്തില്‍ വ്യക്തമായൊരു സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. എഴുപതുകളുടെ അവസാനത്തിലാണ് ഹിന്ദുത്വവാദം കൂടുതല്‍ ശ­ക്തിയാര്‍ജ്ജിക്കുന്നത്. എന്നാല്‍, ഈ പ്രവണത അധികകാലം നീണ്ടുനിന്നില്ല. ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ രാജ്യത്തെ ഭരിക്കാന്‍ പോന്നവിധം ഈ വലതുപക്ഷ ശക്തികള്‍ ശക്തിയാര്‍ജ്ജിച്ചു. രണ്ടാം തവണയും ഇവര്‍ അധികാരത്തില്‍ എത്തി. ആഗോള സാമ്പത്തിക കുത്തകകളാണ് ഈ വിജയം ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഇതോടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ താറുമാറായി. ഓരോ വര്‍ഷവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നാശത്തിലേക്ക് കൂപ്പുകുത്തുന്നു. 2016–17 ല്‍ വിനാശകരമായ നോട്ടു പിന്‍വലിക്കല്‍ നടപ്പാക്കി. ഇതിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവും നടന്നില്ല. 2017–18 ല്‍ വൈകല്യങ്ങള്‍‍ നിറഞ്ഞ ചരക്കുസേവന നികുതി സംവിധാനം നടപ്പാക്കി. 2018–19 ല്‍ രാജ്യത്തിന്റെ പതനം ആരംഭിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ജിഎസ് ടി വരുമാനം കുറഞ്ഞുകൊണ്ടിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനത്തിലെത്തി. ഇതു പരാമര്‍ശിക്കുന്ന നാസോ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവച്ചു. ഈ റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ തെറ്റെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് അന്തിമമല്ലെന്നും കേവലം കരട് മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി വര്‍ധിക്കുന്നതായി ദി പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്സ് സര്‍വേയും സൂചിപ്പിക്കുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നു. തൊഴില്‍ ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. തൊഴിലുണ്ടെങ്കിലും ദാരിദ്ര്യത്തില്‍ ജീവിക്കേണ്ട അവസ്ഥ. ഇതിന്റെ ഭാഗമായി ഉപഭോഗം ഗണ്യമായി കുറഞ്ഞു. റവന്യു വരുമാനം കുത്തനെ ഇടിഞ്ഞു. റവന്യു കമ്മി പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ഇന്നലെ പ്രഖ്യാപിച്ച ബജറ്റില്‍ ഇല്ല. വളര്‍ച്ച നിരക്കിലെ കുറവും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പരിതാപകരമായി അവസ്ഥയില്‍ എത്തിക്കുന്നു. അരാജകത്വം മാത്രമാണ് പ്രതീക്ഷിക്കാന്‍ കഴിയുന്നത്. നിലവിലുള്ള സാമ്പത്തികാവസ്ഥയില്‍ ഒരു ഇരുണ്ട ഭാവി മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്നത്. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ഫണ്ടുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന സ്വപ്നസുന്ദരമായ ആശയമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഈ സാമൂഹ്യ സാമ്പത്തിക ദുരവസ്ഥയില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നീ വിഷയങ്ങള്‍ കൊണ്ടുവന്നു. ഇതിനെതിരെ ഷഹിന്‍ബാഗ് മാതൃകയില്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ഈ നിയമങ്ങള്‍ കൊണ്ടുവരുന്നതിനു പിന്നില്‍ ഡല്‍ഹി തെരഞ്ഞെടുപ്പും ബിജെപിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റി. മോഡി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യത്തെ സാധാരണ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി. ഈ പ്രതിഷേധം രാജ്യത്തിന്റെ ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യുമെന്ന് ഉറപ്പ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ട സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.