9 July 2025, Wednesday
KSFE Galaxy Chits Banner 2

കേരള സർവകലാശാല വിസി സമൂഹത്തിന് നാണക്കേട്

Janayugom Webdesk
July 4, 2025 5:00 am

ർവകലാശാലകൾ നാളത്തെ തലമുറകളെ വാർത്തെടുക്കുന്നതിനുള്ള കേന്ദ്രങ്ങളാണ്. വൈജ്ഞാനിക വിഷയങ്ങൾ മാത്രമല്ല, സാംസ്കാരികാവബോധവും ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും അവിടെ നിന്നാണ് പഠിക്കേണ്ടത്. അതുകൊണ്ടുതന്നെ സർവകലാശാലകൾക്ക് സാമൂഹ്യ ജീവിതത്തിൽ ഉന്നത സ്ഥാനമുണ്ട്. എന്നാൽ രാജ്യത്ത് ആർഎസ്എസ് — ബിജെപി ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തിയതോടെ അവ ജീർണതയുടെ തൊഴുത്തായി മാറുന്നത് നാം കാണുകയാണ്. ജവഹർലാൽ നെഹ്രു സർവകലാശാല പോലെ ലോകോത്തര സ്ഥാപനങ്ങൾ പോലും വിവാദ കേന്ദ്രങ്ങളായി. കാമ്പസുകൾ സംഘ്പരിവാറിന്റെ പിന്തിരിപ്പൻ ആശയങ്ങളുടെ പരീക്ഷണശാലകളും പ്രാകൃതവീക്ഷണങ്ങൾ അടിച്ചേല്പിക്കുന്ന കേന്ദ്രങ്ങളുമായതോടെയാണ് ഈ അധഃപതനം സംഭവിച്ചത്. സർവകലാശാലകളുടെ കേന്ദ്രഭരണ സംവിധാനമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ഈ ദുർനടപ്പിൽ നിന്ന് മാറിനിന്നില്ല. എന്നാൽ അതിൽ നിന്ന് വിഭിന്നമായി നിലകൊള്ളാൻ കേരളത്തിലെ സർവകലാശാലകൾക്ക് സാധിച്ചിരുന്നു. അതിനെ തകിടംമറിക്കുന്ന നടപടികൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികത്വം കൊണ്ടുമാത്രം സർവകലാശാലാ ചാൻസലർ പദവി കയ്യിൽവന്ന ഗവർണർമാരുടെ പദവി ദുരുപയോഗം ചെയ്തുള്ള ഇടപെടലാണ് ഇത്തരമൊരു ദുരവസ്ഥ സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായതുമുതൽ അതിന് വേഗം കൂടി. പുതിയ ഗവർണറായി രാജേന്ദ്ര അർലേക്കർ ചുമതലയേറ്റതോടെ അത് കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇതൊന്നും അക്കാദമിക വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നതാണ് അതിന്റെ പ്രത്യേകത. അധികാര ദുർവിനിയോഗവും ദുരഭിമാനബോധവും സംഘ്പരിവാർ ആശയങ്ങളും നടപടിക്രമങ്ങളും അടിച്ചേല്പിക്കുവാനുള്ള വഴിവിട്ട നീക്കങ്ങളാണ് പ്രശ്നങ്ങളുടെ കാതൽ. 

അതിന്റെ തുടർച്ചയാണ് രാജ്ഭവന്റെ ചരടുവലിക്കൊപ്പം പാവ കളിക്കുന്ന കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ. കെ എസ്‍ അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി. എന്തെങ്കിലും കഴമ്പുള്ള വിഷയമുന്നയിച്ചല്ല നടപടിയെന്നതാണ് സംഭവങ്ങളെ ശ്ര­ദ്ധേയമാക്കുന്നത്. സർവകലാശാലകളിൽ പാലിക്കേണ്ട മര്യാദകൾ ഓർമ്മിപ്പിച്ചതാണ് അനിൽകുമാറിന്റെ സസ്പെൻഷന് കാരണമായിട്ടുള്ളത്. തിരുവനന്തപുരത്തെ സെനറ്റ് ഹാൾ പൊതുപരിപാടികൾക്ക് വിട്ടുകൊടുക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതിലൊന്നാണ് ചടങ്ങിൽ മതചിഹ്നങ്ങളോ മതപ്രഭാഷണങ്ങളോ പാടില്ലെന്നത്. പേ­രിൽതന്നെ മതസംഘടനയെന്ന് മനസിലാക്കാവുന്ന ഒരു സംഘടന പരിപാടിക്ക് ഹാൾ ആവശ്യപ്പെട്ട് എത്തുകയും വിസിയുടെ സമ്മർദത്തെ തുടർന്ന് രജിസ്ട്രാർക്ക് അനുവദിക്കേണ്ടി വന്നുവെന്നുമാണ് വ്യക്തമായിട്ടുള്ളത്. മാത്രവുമല്ല നിബന്ധനകളുടെ ലംഘനമുണ്ടാകില്ലെന്ന് സംഘാടകർ ഉറപ്പുനൽകിയിരുന്നതുമാണ്. എന്നിട്ടും ആർഎസ്എസിന്റെ ഭാരതാംബയെ പ്രതിഷ്ഠിക്കുകയും പൂജയ്ക്ക് ശ്രമവുമുണ്ടെന്ന് മനസിലാക്കുകയും ചെയ്തപ്പോഴാണ് രജിസ്ട്രാർ ഇടപെട്ടത്. അത് തീർച്ചയായും കരാർ ലംഘനമാണ്. മതേതരത്വമെന്നത് ഭരണഘടനാ വ്യവസ്ഥയാണ്. ആ നിലയിൽ നോക്കുമ്പോൾ കരാർ ലംഘനത്തിനുമാത്രമല്ല, ഭരണഘടനാ ലംഘനത്തിനെതിരെയുമാണ് രജിസ്ട്രാർ ഇടപെട്ടത്. ഗവർണർ പങ്കെടുക്കുന്ന പരിപാടി ആയാൽ പോലും ആ ലംഘനം ചൂണ്ടിക്കാട്ടേണ്ട ബാധ്യത രജിസ്ട്രാർക്കുണ്ട്. മാത്രമല്ല, അദ്ദേഹത്തിനെതിരെയുള്ള സസ്പെൻഷൻ നടപടി ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് അവധിക്കുപോകുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് ഇത്തരമൊരു നടപടി വിസിയിൽ നിന്നുണ്ടായത് എന്നുറപ്പാണ്. 

ഇവിടെ വിസി കാട്ടിയിരിക്കുന്നത് അധികാര ദുർവിനിയോഗവും അതേസമയം ഒളിച്ചോട്ടവുമാണ്. രാജ്ഭവനിൽ കയറിക്കൂടിയിരിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ പാവയായി സ്വയം മാറുകയാണ് അദ്ദേഹം ചെയ്യുന്നത്. പ്രത്യേക സ്റ്റാറ്റ്യൂട്ടിന്റെ അടിസ്ഥാനത്തിലും സിൻഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളുടെ മേൽനോട്ടത്തിലുമാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ അവഗണിച്ചും ചട്ടങ്ങൾ പാലിക്കാതെയുമാണ് വിസിയുടെ നടപടിയുണ്ടായത്. അതിനാൽ ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനവുമാണിത്. ഡെപ്യൂട്ടി രജിസ്ട്രാർക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെ ഏത് വിധത്തിലുള്ള നടപടിയെടുക്കണമെങ്കിലും അധികാരം സിൻഡിക്കേറ്റിനാണെന്നാണ് സർവകലാശാല ഒന്നാം സ്റ്റാറ്റ്യൂട്ട് 1977ലെ നാലാം അധ്യായം സ്റ്റാറ്റ്യൂട്ട് 27 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളത്. മാത്രവുമല്ല മോഹനൻ കുന്നുമ്മലാകട്ടെ താൽക്കാലിക ചുമതലയുള്ള വിസിയുമാണ്. അങ്ങനെയൊരാൾക്ക് സാധാരണ വിസിയുടെ എല്ലാ ചുമതലകളും നിർവഹിക്കുന്നതിനുപോലും പരിമിതികളുണ്ടെന്നിരിക്കെയാണ് ഇത്തരമൊരു നടപടിയുണ്ടായത്. നേരത്തെയും ഗവർണറുടെ രാഷ്ട്രീയ തിട്ടൂരങ്ങൾക്കനുസരിച്ച് സംസ്ഥാന സർക്കാരിനെതിരെയും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുമുള്ള പ്രവൃത്തികൾ വിസിയിൽ നിന്നുണ്ടായിരുന്നു. തന്റെ സ്ഥാനം നിലനിർത്തുന്നതിന് ചാൻസലറായ ഗവർണറെ പ്രീണിപ്പിക്കുന്നതിനുള്ള വൃത്തികെട്ട ദാസ്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. വൈസ് ചാൻസലറെന്ന ഉന്നത സ്ഥാനീയനായ വ്യക്തിയിൽ നിന്ന് ഇത്തരം നടപടികളുണ്ടാകുന്നത് അക്കാദമിക സമൂഹത്തിന് മാത്രമല്ല പ്രബുദ്ധ ജനങ്ങൾക്കാകെയും നാണക്കേടുണ്ടാക്കുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.