14 June 2025, Saturday
KSFE Galaxy Chits Banner 2

ജനാധിപത്യത്തില്‍ മാധ്യമ വിലക്കോ?

Janayugom Webdesk
May 13, 2025 5:00 am

ന്ത്യ — പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ഏര്‍പ്പെടുത്തിയ മാധ്യമ സെന്‍സര്‍ഷിപ്പില്‍ ദുരൂഹത. മുന്നറിയിപ്പില്ലാതെയാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മോഡി സര്‍ക്കാരിന്റെ വികലനയങ്ങളെ വിമര്‍ശിക്കുകയും, മറച്ചുവച്ച വ്യാജങ്ങള്‍ പലപ്പോഴും പുറത്തുകൊണ്ടുവരികയും ചെയ്ത മാധ്യമങ്ങളാണ് നടപടിക്കിരയായത് എന്നത് പിന്‍വാതിലിലൂടെ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണെന്ന ധാരണയ്ക്ക് ശക്തിപകരുകയാണ്. ഏറ്റവുമൊടുവില്‍ ഔട്ട്‌ലുക്ക് മാഗസിനും ബിബിസി ഉർദുവിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്വതന്ത്ര ഓണ്‍ലെെന്‍ മാധ്യമമായ ദി വയര്‍ വെബ്സൈറ്റിനും കഴിഞ്ഞദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. മഖ്തൂബ്, ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീര്‍ ഇന്ത്യ, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി മുസ്ലിം എന്നിവയുടെ എക്സ് അക്കൗണ്ടുകളും വിലക്കിയിരുന്നു. വിവിധ മാധ്യമങ്ങളുടെ 8,000 എക്സ് അക്കൗണ്ടുകളാണ് ഈ ദിവസങ്ങളില്‍ നിരോധിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ എക്സ് അക്കൗണ്ട് വഴിയുള്ള വാര്‍ത്തകള്‍ നിരോധിച്ച മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചതായി എക്സ് അധികൃതരും വ്യക്തമാക്കുന്നു. ജനാധിപത്യവിരുദ്ധ നടപടിയാണെങ്കിലും നിയമവ്യവസ്ഥയെ മാനിക്കുന്നതുകൊണ്ട് നിര്‍ദേശം പാലിക്കേണ്ടി വന്നുവെന്നും, സര്‍ക്കാര്‍ നിലപാട് കോടതിയില്‍ ചോദ്യം ചെയ്യുമെന്നുമാണ് എക്സ് വെളിപ്പെടുത്തിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തകള്‍ വസ്തുതാ പരിശോധന നടത്തി പുറത്തുവിട്ട സമാന്തരമാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകളാണ് സര്‍ക്കാര്‍ വിലക്കിയത്. കോര്‍പറേറ്റ് മാധ്യമങ്ങളുടെ വ്യാജവും സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുതകുന്നതുമായ വാര്‍ത്തകളെ തുറന്നുകാട്ടിയവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാധ്യമ അടിന്തരാവസ്ഥയ്ക്ക് തുല്യമായി കണക്കാക്കണം.

രാജ്യത്തെ ഒടിടി, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പാകിസ്ഥാനിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഈ മാസം എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് സെന്‍സര്‍ഷിപ്പും 2015ലെ ശ്രേയ സിംഗാള്‍ കേസിലെയും 2020ലെ അനുരാധ ഭാസിന്‍ കേസിലെയും സുപ്രീം കോടതി നിലപാടുകളുടെ ലംഘനവുമാണെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഔട്ട്‍ലുക്ക് ഇന്ത്യയുടെ എക്സ് അക്കൗണ്ട് മുന്നറിയിപ്പില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതെന്നും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എക്സിനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കത്തെഴുതിയിട്ടുണ്ടെന്നും മാധ്യമ മേധാവികള്‍ പറഞ്ഞു. റഫാല്‍ ജെറ്റ് ഇടപാടിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ദ വയറിന് വിലക്കേര്‍പ്പെടുത്തിയത്. പ്രസ്തുത വാര്‍ത്ത ഒഴിവാക്കിയതിന് പിന്നാലെ വിലക്ക് നീക്കി. റഫാലിനെതിരായ വാര്‍ത്ത നീക്കം ചെയ്ത ശേഷം മന്ത്രാലയത്തെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഒഴിവാക്കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്നും ദ വയര്‍ പിന്നീട് വെളിപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യം, ആവിഷ്കാരസ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയുടെ ലംഘനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ ഈ നീക്കമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. വിശദീകരണം പോലും തേടാതെയുള്ള നടപടി കൊളോണിയല്‍ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ സ്വീകരിച്ചിരുന്ന സെന്‍സര്‍ഷിപ്പിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും സിപിഐ പറഞ്ഞു.

ഏതൊക്കെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണമെന്നും നീക്കം ചെയ്യണമെന്നും മാധ്യമങ്ങളോട് പറയുന്നത് കോടതിയുടെ ജോലിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതും ഇതേദിവസങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. വാര്‍ത്താ ഏജൻസിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ) വി/എസ് വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്ന തലക്കെട്ടിലുള്ള വിക്കിപീഡിയ പേജ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ സ്ഥാനം സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നതിങ്ങനെ: ‘പൊതുസ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ പൊതുജനങ്ങളുടെ നിരീക്ഷണത്തിനും സംവാദത്തിനും തുറന്നിരിക്കണം. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ പോലും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ചർച്ച ചെയ്യാം. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളാണ് ജുഡീഷ്യറിയും മാധ്യമങ്ങളും. ലിബറൽ ജനാധിപത്യം അഭിവൃദ്ധിപ്പെടണമെങ്കിൽ, രണ്ടും പരസ്പരപൂരകമാകണം.’ ജൂഡീഷ്യറി പോലും മാധ്യമ സ്വാതന്ത്ര്യത്തെ ഇത്രയേറെ വിലമതിക്കുന്ന രാജ്യത്തിന്റെ ഭരണകൂടം അവയെ ഭയപ്പെടുകയോ, ഭയപ്പെടുത്തി നിശബ്ദമാക്കുകയോ ചെയ്യുന്നത് ഫാസിസമല്ലെങ്കില്‍ മറ്റെന്താണ്. സ്വതന്ത്രമാധ്യമങ്ങളോടും വിമര്‍ശനങ്ങളോടും കാണിക്കുന്ന രാഷ്ട്രീയ പക്ഷപാതവും അസഹിഷ്ണുതയും വെടിഞ്ഞ് ജനാധിപത്യം ശക്തിപ്പെടുത്താനുള്ള യാേജിച്ച നീക്കമാണ് ആര്‍ജവമുള്ള ഭരണകൂടത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.