June 9, 2023 Friday

സിലിക്കൺ വാലി ബാങ്ക് ഒരു മുന്നറിയിപ്പാണ്

Janayugom Webdesk
March 14, 2023 5:00 am

ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ സൂചകമായി യുഎസിലെ ധനകാര്യസ്ഥാപനങ്ങളിൽ 16-ാം സ്ഥാനത്തുണ്ടായിരുന്ന സിലിക്കൺ വാലി ബാങ്ക് തകർന്നുവീണിരിക്കുന്നു. 2008ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പരാജയമായി മാറി എസ്‌വിബിയുടെ പതനം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകൾ ക്രമാതീതമായി ഉയർത്തിയതിന്റെ ആദ്യ ഇരയായി എസ്‌വിബി മാറുമ്പോൾ ബാങ്കിങ് രംഗത്ത് അതൊരു മുന്നറിയിപ്പായി മാറുന്നു. ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കേന്ദ്രമായ സിലിക്കൺ വാലിയുടെയും യുഎസിന്റെയും ഉയർച്ചയിൽ നിർണായകമായിരുന്നു 40 വർഷമായി എസ്‌വിബിയുടെ പ്രവർത്തനം. ഒട്ടേറെ കണ്ടുപിടിത്തങ്ങൾക്കും സ്റ്റാർട്ടപ്പ് മേഖലയിലെ താരോദയങ്ങൾക്കും വഴിയൊരുക്കി. കോവിഡ് കാലത്ത് ഐടി മേഖലയിലുണ്ടായ ഉണർവിനൊപ്പം ബാങ്കിന്റെ ആസ്തി കുതിച്ചുയർന്നു. 2020 മാർച്ച് അവസാനത്തോടെ 60 ബില്യൺ ഡോളറായിരുന്ന നിക്ഷേപം 2021 അവസാനത്തോടെ 189 ബില്യൺ ഡോളറായി. അതേസമയം പലിശനിരക്ക് പൂജ്യമായതിനാൽ വായ്പകൾ നൽകുന്നത് ലാഭകരമല്ലാത്തതുകൊണ്ട് ഭൂരിഭാഗം ആസ്തിയും ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. കോവിഡിന് ശേഷം എല്ലാ രാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ കെടുതികൾ അനുഭവിക്കാൻ തുടങ്ങി. ഇതോടെ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ ഉയർത്താൻ ആരംഭിച്ചു.

തുടർച്ചയായ പലിശനിരക്ക് വർധനയോടെ നിക്ഷേപക്കണക്കുകളിലും പുറത്തേക്കുള്ള പണമൊഴുക്കിലുമുണ്ടായ പൊരുത്തക്കേടാണ് എസ്‌വിബിയുടെ പതനത്തിന് കാരണമായതെന്ന് കണ്ടെത്താം. ചുരുങ്ങിയ സമയത്തിനുള്ളിൽ പലിശ നിരക്ക് ഉയരുമ്പോൾ ഒരു ബാങ്കിനും നഷ്ടം ഒഴിവാക്കാനാകില്ല. എന്നാൽ സ്റ്റാർട്ടപ്പ് മേഖലയെ അമിതമായി ആശ്രയിച്ചുള്ള പ്രവർത്തനം എസ്‌വിബിയെ കൂടുതൽ അപകടത്തിലാക്കി. പണപ്പെരുപ്പം നേരിടാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് പൂജ്യത്തിൽ നിന്നും 475 ബേസിസ് പോയിന്റ് വരെ പടിപടിയായി ഉയർത്തി. ഇതോടെ എസ്‌വിബിയുടെ വലിയൊരു ശതമാനം നിക്ഷേപം കേന്ദ്രീകരിച്ചിരിക്കുന്ന ട്രഷറി കടപ്പത്രങ്ങൾക്ക് മൂല്യം ഇടിഞ്ഞു. ഫണ്ടിങ് കുറഞ്ഞതോടെ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നിക്ഷേപങ്ങളും കുറഞ്ഞു, അല്ലെങ്കിൽ പിൻവലിക്കപ്പെട്ടു. വില്പനയ്ക്ക് ലഭ്യമായ ബോണ്ടുകൾ മാത്രമല്ല, ദീർഘകാല ബോണ്ടുകളും പണമാക്കി മാറ്റാൻ എസ്‌വിബി നിർബന്ധിതരായി. മൂലധനം സ്വരൂപിക്കുന്നതിനുള്ള ശ്രമവും പരാജയപ്പെട്ടതോടെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കപ്പെടുകയായിരുന്നു. 42 ബില്യൺ ഡോളറിന്റെ നിക്ഷേപം ഒരു ദിവസംകൊണ്ട് പിൻവലിക്കപ്പെട്ടുവെന്നാണ് കണക്കുകൾ.

 


ഇതുകൂടി വായിക്കു; സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച സ്റ്റാര്‍ട്ടപ്പ് ലോകം ആശങ്കയില്‍; ഇന്ത്യന്‍ കമ്പനികള്‍ക്കും വന്‍ഭീഷണി


ലേമാൻ ബ്രദേഴ്സിന്റെയും വാഷിങ്ടൺ മ്യൂച്വലിന്റെയും തകർച്ചയോടെ ആരംഭിച്ച 2008ലെ സാമ്പത്തികമാന്ദ്യത്തിന്റെ ഓർമ്മകളാണിപ്പോൾ എസ്‌വിബി ഉണർത്തുന്നത്. സിലിക്കൺ വാലി ബാങ്കിന് പുറകേ ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്കും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവയുടെ തകർച്ച ലോകസമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാനാകില്ല. സ്റ്റാർട്ടപ്പ് മേഖല മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെന്നതിനാൽ മറ്റ് മേഖലകളെ ബാധിക്കില്ലെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ അടച്ചുപൂട്ടലുകളും കൂട്ടപ്പിരിച്ചുവിടലും പതിവായ ഏറെ സമ്മർദം നേരിടുന്ന ഐടി സ്റ്റാർട്ടപ്പ് രംഗം പുതിയ സാഹചര്യത്തിൽ വൻ പ്രതിസന്ധിയിലായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നൂറുകണക്കിന് സ്റ്റാർട്ടപ്പുകളുടെ നിക്ഷേപം എസ്‌വിബിയിലുണ്ട്. ഇക്കാരണത്താൽ സ്റ്റാർട്ടപ്പ് മേഖലയിലെ പ്രത്യാഘാതം തടയാൻ അടിയന്തരമായി പണം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങേണ്ടതുണ്ട്. ശക്തമായ പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമിടയിൽ കൂടുതൽ അടിയന്തരമായി എന്താണ് നടപ്പാക്കേണ്ടതെന്ന വിഷയത്തിൽ കേന്ദ്രബാങ്കുകൾക്ക് ഒരു പുനരാലോചന വേണ്ടിവരും. അടുത്തയാഴ്ചയാണ് ഫെഡറൽ റിസർവ് പുതിയ തീരുമാനം പ്രഖ്യാപിക്കുക.

 


ഇതുകൂടി വായിക്കു; സിലിക്കൺ വാലി: ശതകോടീശ്വരന്‍ ബിൽ ആക്‌മാനെ പരിഹസിച്ച് അഡാനി ഗ്രൂപ്പ്


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പലിശ ഉയർത്തലിന്റെ പരമ്പരയാണ് നടത്തിവരുന്നത്. 2022 മേയ് മാസത്തിനുശേഷം 250 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയിട്ടുണ്ട്. ഫെബ്രുവരിയിലെ പണപ്പെരുപ്പവും നിയന്ത്രണാതീതമായി തുടരുന്നതിനാൽ പലിശനിരക്ക് കുറയ്ക്കുക നിലവിലെ സാഹചര്യത്തിൽ ദുഷ്കരമാണെന്നാണ് ആർബിഐയുടെ പൊതുവായ വിലയിരുത്തൽ. ഇന്ത്യയിലെ ബാങ്കുകളുടെ സാഹചര്യം എസ്‌വിബിയിൽ നിന്നും വ്യത്യസ്തമാണെന്നും കണ്ടെത്താം. രാജ്യത്ത് പൊതുമേഖലയിലടക്കം ബാങ്കുകളുടെ നിലനില്പിന് ഭീഷണിയായി മാറിയിരിക്കുന്നത് വർധിച്ചുവരുന്ന നിഷ്ക്രിയ ആസ്തികളാണ്. അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും പരിധിയില്ലാതെ വായ്പകൾ നൽകുകയും ഇവയെല്ലാം നിഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്യുന്ന സാഹചര്യമായിരിക്കും ഇന്ത്യൻ ബാങ്കുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം അഡാനി ഗ്രൂപ്പിൽ നിക്ഷേപിച്ചു നേരിട്ട നഷ്ടം നമുക്ക് മുന്നിലുണ്ട്. കിട്ടാക്കടങ്ങൾക്കൊപ്പം ബാങ്കുകളുടെ നിക്ഷേപ പുസ്തകങ്ങളിലും എസ്‌വിബിയുടെ പതനം സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.