7 December 2024, Saturday
KSFE Galaxy Chits Banner 2

ചരിത്രത്തെ നിസാരവല്‍ക്കരിക്കുന്നു

Janayugom Webdesk
October 27, 2024 5:00 am

ജവഹർലാൽ നെഹ്രു സർവകലാശാല “അഖണ്ഡ ഭാരതത്തിന്റെ ആശയം” പഠിപ്പിക്കാൻ പദ്ധതിയിടുന്നു. ഇത് ഇവിടെ അവസാനിക്കുകയില്ല, തുടര്‍പ്രക്രിയയാണ്. രാജ്യത്തുടനീളം ആർഎസ്എസ് സ്ഥാപനമായ വിദ്യാഭാരതിയുടെ സ്കൂള്‍ ശൃംഖലയിലൂടെ കൂടുതൽ വികലതകൾ അവര്‍ കൊണ്ടുവരും. ഇവിടെ ചോദ്യമുയരുന്നത്, സ്കൂളുകൾക്കും കോളജുകൾക്കും സർവകലാശാലകൾക്കും ചരിത്ര സിലബസിൽ എത്ര മായ്ക്കലുകളാണ് വരുത്തേണ്ടിവരിക എന്നാണ്. ആർഎസ്എസ് നടത്തുന്ന സ്കൂളുകളിൽ അഖണ്ഡ ഭാരത് എന്ന ആശയം നേരത്തെതന്നെ പഠിപ്പിക്കുന്നുണ്ടെന്നത് രഹസ്യമല്ല. ആർഎസ്എസിന്റെ മുഖ്യശില്പിയും സൈദ്ധാന്തികനുമായ എം എസ് ഗോൾവാൾക്കർ തന്റെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിൽ വിവരിച്ച ദക്ഷിണേഷ്യയിലെ പ്രാചീന ഭൗമരാഷ്ട്രീയത്തിന്റെ വികലമായ ചരിത്രമല്ലാതെ മറ്റൊന്നും ഈ ആശയം പ്രദാനം ചെയ്യുന്നില്ലെന്ന് എല്ലാവർക്കുമറിയാം. ഹിന്ദുത്വസാമ്രാജ്യത്വ ലക്ഷ്യത്തിലേക്കുള്ള രഹസ്യഅജണ്ടയ്ക്ക് അനുകൂലമായ വാദമുയർത്തുന്ന അഖണ്ഡ ഭാരതം എന്ന ആശയം ആർഎസ്എസ് സ്കൂളുകളിൽ പഠിപ്പിക്കുക മാത്രമല്ല, സംഘ്പരിവാർ നേതാക്കളും അവരുടെ പ്രസിദ്ധീകരണങ്ങളായ ‘ഓർഗനൈസർ’, ‘പാഞ്ചജന്യ’ എന്നിവയും പരസ്യമായി പ്രശംസിക്കുകയും ചെയ്യുന്നു. വികലമായ ഈ ആശയത്തിന്റെ പേരില്‍ കഴിഞ്ഞ വർഷം അയൽരാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവ ന്യൂഡൽഹിയോട് വിശദീകരണം തേടിയിരുന്നു. അഖണ്ഡഭാരതം എന്ന് വിളിക്കപ്പെടുന്ന ഭൂപടം ചിത്രീകരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിലെ ചുമർചിത്രമാണ് രാജ്യത്തിന് നാണക്കേടായി മാറിയത്. നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിനാൽ, പാർലമെന്റ് മന്ദിരത്തിലെ ഭൂപടത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണം നൽകേണ്ടി വന്നു. 

അഖണ്ഡഭാരതം എന്ന ആശയം പഠിപ്പിക്കാൻ ഒരുങ്ങുമ്പോൾ, ചരിത്രവിദ്യാർത്ഥികളെ മറ്റൊരു മിത്ത് പഠിപ്പിക്കാനാണ് ഡൽഹി സർവകലാശാല നിർബന്ധിതമാകുന്നത്. ഈ മാസം ആദ്യം, ഡൽഹി സർവകലാശാലയുടെ ചരിത്ര സിലബസിൽ, ‘ഡൽഹി ത്രൂ ദ ഏജസ്: ദ മേക്കിങ് ഓഫ് ഇറ്റ് ഏർലി മോഡേൺ ഹിസ്റ്ററി’ എന്ന വിഷയം മാറ്റി ചരിത്രവിരുദ്ധമായ ചില ആശയങ്ങൾ ഉൾപ്പെടുത്താനും പ്രൊഫ. ഇർഫാൻ ഹബീബ് എന്ന പ്രശസ്ത ചരിത്രകാരന്റെ ഒരു പ്രധാന ലേഖനം ഒഴിവാക്കാനും ശ്രമമുണ്ടായി. ചരിത്രത്തെ നിസാരവൽക്കരിക്കുന്ന ഈ മാറ്റങ്ങൾക്കെതിരെ സർവകലാശാലയിലെ അധ്യാപകര്‍ സമരത്തിലാണ്. കഴിഞ്ഞ വർഷം, ഡൽഹി സർവകലാശാല ചരിത്ര പാഠ്യപദ്ധതിയിൽ നിന്ന് “ബ്രാഹ്മണവൽക്കരണം” എന്ന പദം ഒഴിവാക്കുകയും അസമത്വത്തെക്കുറിച്ചുള്ള ഒരു പേപ്പർ പിൻവലിക്കുകയും ചെയ്തിരുന്നു. ഈ അടിച്ചേല്പിക്കലുകൾ അധ്യാപക സമൂഹത്തെ ആഴത്തിൽ വേദനിപ്പിച്ചു. ചരിത്രപരമായ സന്ദർഭങ്ങളെ തുടച്ചുനീക്കുന്നതിനെ പിന്തുണയ്ക്കുന്ന ആർഎസ്എസ് അനുകൂല അധ്യാപകരുടെ വാദങ്ങൾക്കെതിരെ അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും ശക്തമായി രംഗത്തെത്തി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാൻ 2023ൽ എൻസിഇആർടി തീരുമാനിച്ചു. ഈ ഭാഗങ്ങൾ ആർഎസ്എസിന് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ വ്യക്തിത്വം മുതൽ മഹാത്മാഗാന്ധിയെ കൊല്ലാനുള്ള അദ്ദേഹത്തിന്റെ പ്രേരണകളും ക്രൂരമായ പ്രവൃത്തിയോടുള്ള പൊതുവായ പ്രതികരണവും വരെയാണ് ഒഴിവാക്കിയത്. ഇവയ്ക്ക് പകരം ചേര്‍ക്കാൻ ശ്രമിച്ചത് ആർഎസ്എസ് അനുകൂല എഴുത്തുകാർ പതിറ്റാണ്ടുകളായി രഹസ്യമായി നിർമ്മിച്ച നുണകളുടെ പരമ്പരയാണ്. 

ഗോഡ്‌സെയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ‘ബ്രാഹ്മണൻ’ എന്ന പ്രയോഗമാണ് ഇല്ലാതാക്കിയത്. ആർഎസ്എസ് ഉൾപ്പെടെയുള്ള ഹിന്ദുത്വ രാഷ്ട്രീയം ഉടലെടുക്കുകയും വികസിക്കുകയും ചെയ്ത ജാതി ചുറ്റുപാടിലേക്ക് കവാടം തുറക്കുന്നതാണ് ഈ വാക്ക്. ബ്രാഹ്മണ വ്യക്തിത്വം നീക്കംചെയ്താൽ താൻ ഉൾപ്പെട്ട സമുദായത്തെ പ്രതിനിധീകരിക്കാനുള്ള ഗോഡ്‌സെയുടെ താല്പര്യം വെളിപ്പെടില്ലെന്നവര്‍ കരുതുന്നു. ഗാന്ധിവധത്തിന്റെ വിശദീകരണവുമായി ബന്ധപ്പെട്ട് നീക്കംചെയ്ത മറ്റൊരു ഭാഗം ഇങ്ങനെയായിരുന്നു: “പാകിസ്ഥാൻ മുസ്ലിങ്ങൾക്കുള്ളതുപോലെ, ഹിന്ദുക്കൾ പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരോ ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നവരോ (ഗാന്ധി) അദ്ദേഹത്തെ ഇഷ്ടപ്പെട്ടില്ല. മുസ്ലിങ്ങളുടെയും പാകിസ്ഥാന്റെയും താല്പര്യങ്ങൾക്ക് വേണ്ടിയാണ് ഗാന്ധിജി പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇവർ വഴിപിഴച്ചവരാണെന്നാണ് ഗാന്ധിജി കരുതിയത്. ഹിന്ദുക്കളുടെ മാത്രം രാജ്യമാക്കാനുള്ള ഏതൊരു ശ്രമവും ഇന്ത്യയെ നശിപ്പിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള അചഞ്ചലമായ ശ്രമം ഹിന്ദുതീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചു. അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി.” മഹാത്മാഗാന്ധി ഇന്ത്യയെ മതേതര ജനാധിപത്യത്തിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ, ഒരു ഹിന്ദു സവർണ രാഷ്ട്രമോ ഹിന്ദു രാഷ്ട്രമോ സ്ഥാപിക്കാൻ ആർഎസ്എസ് ആഗ്രഹിച്ചിരുന്നുവെന്ന് ആധുനിക ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് ബാേധ്യമുള്ള ആർക്കും അറിയാം. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് മറ്റാരുമല്ല, അന്നത്തെ സർസംഘചാലക് എം എസ് ഗോൾവാൾക്കറാണ്. “നാം അല്ലെങ്കിൽ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെട്ടത്” എന്ന പുസ്തകത്തിൽ. അഹിന്ദുക്കളെ വിദേശികളായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം എഴുതി: “ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ബഹുമാനിക്കാന്‍ പഠിക്കണം. ഹിന്ദു വംശത്തെയും സംസ്കാരത്തെയും മഹത്വവൽക്കരിക്കുന്ന ആശയങ്ങളല്ലാതെ മറ്റൊന്നും ആസ്വദിക്കരുത്. അതായത്, ഹിന്ദു രാഷ്ട്രത്തിന്റെ മഹത്വവൽക്കരണം, ഹിന്ദു വംശത്തിലെ ലയനം എന്നിവയാല്‍ അവരുടെ അസ്തിത്വം നഷ്ടപ്പെടണം. അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണമായും കീഴ്‌പ്പെട്ട് രാജ്യത്ത് തുടരാം, ഒന്നും അവകാശപ്പെടാതെ. ഒരു പ്രത്യേകാവകാശത്തിനും അർഹതയില്ല, സാധാരണ പൗരന്റെ അവകാശങ്ങൾ പോലും.”

ഹിന്ദു രാഷ്ട്രമാക്കാനുള്ള ഏതൊരു ശ്രമവും ഇന്ത്യ എന്ന ആശയത്തെ തകർക്കുമെന്ന് ഗാന്ധിക്കും മറ്റ് ദേശീയവാദികൾക്കും ബോധ്യപ്പെട്ടു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവും രാജ്യത്തെ പരമോന്നത ധാർമ്മിക അധികാരിയും എന്ന നിലയിൽ അദ്ദേഹം ഹിന്ദുത്വ ശക്തികളെ സമഗ്രമായി നേരിടുകയും അവരുടെ ഹിന്ദുരാഷ്ട്ര ആശയത്തെ തിരസ്കരിക്കുകയും ചെയ്തു. ഗാന്ധിയുടെ നിലപാടും ഹിന്ദുത്വ ശക്തികൾക്കെതിരായ അദ്ദേഹത്തിന്റെ സജീവമായ പ്രചരണവും ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര പദ്ധതിക്ക് ഏറ്റവും വലിയ തടസമായി. ഇക്കാരണത്താലാണ് ആർഎസ്എസുകാരനും ഹിന്ദുരാഷ്ട്ര ഭ്രാന്തനുമായ നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. എന്നാൽ ചരിത്രത്തിന്റെ ഈ സുപ്രധാന വശം മറച്ചുവയ്ക്കാനും വിഭജനത്തിന്റെ സാഹചര്യത്തിലുണ്ടായ കൊലപാതകമെന്ന് വരുത്താനും കൊലയാളിയെ ആർഎസ്എസുമായി ഒരു ബന്ധവുമില്ലാത്ത ഒറ്റപ്പെട്ട വ്യക്തിത്വമായി ചിത്രീകരിക്കാനും ആർ
എസ്എസ് എപ്പോഴും ശ്രമിക്കും. ചരിത്രപരമായ വസ്തുതകളുടെ ഇത്തരം നിസാരവൽക്കരണം — എന്‍സിഇആര്‍ടി, ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു എന്നിവയുടെ ചരിത്ര സിലബസുകളിലായാലും — നമ്മുടെ ഭൂതകാലത്തെക്കുറിച്ച് സത്യസന്ധമായി മനസിലാക്കുന്നതിന് വിദ്യാർത്ഥികൾക്ക് തടസം സൃഷ്ടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.