ഇന്ത്യൻ പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ നടക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. പാർലമെന്റ് സമ്മേളിക്കുന്നതിന് ഏതാനും ദിവസം മുമ്പേ സമ്മേളന തീയതി പ്രഖ്യാപിക്കുന്ന പതിവിൽ നിന്നും വ്യത്യസ്തമായി 47 ദിവസങ്ങൾക്ക് മുന്നേയാണ് സമ്മേളന അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ — പാകിസ്ഥാൻ സംഘർഷവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോഡി സർക്കാരിന്റെ നീക്കം എന്നത് വ്യക്തമാണ്. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ 16 പാർട്ടികൾ ചൊവ്വാഴ്ച യോഗം ചേർന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നൽകിയിരുന്നു. അതിന് മറുപടി നൽകുന്നതിന് പകരമാണ് തിടുക്കത്തിൽ, പതിവിന് വ്യത്യസ്തമായി വളരെ മുൻകൂട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിനോടും പാർലമെന്ററി ജനാധിപത്യ സംവിധാനത്തോടുമുള്ള മോഡിയുടെയും ബിജെപിയുടെയും അനാദരവും അവഗണനയുമാണ് ഈ നടപടിയിലൂടെ തുറന്നുകാട്ടപ്പെടുന്നത്. പഹൽഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച അതീവ ഗുരുതരമായ സുരക്ഷാവീഴ്ച, തുടർന്നുണ്ടായ ഇന്ത്യ‑പാകിസ്ഥാൻ സംഘർഷം, വെടിനിർത്തലിലേക്ക് നയിച്ച സംഭവവികാസങ്ങൾ എന്നിവ സംബന്ധിച്ച അവ്യക്തത ദൂരീകരിക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്നത് ജനങ്ങളുടെ ആവശ്യവും ജനാധിപത്യപരമായ അവകാശവുമാണ്. ഓപ്പറേഷൻ സിന്ദൂറിനെ ബിജെപിയും സംഘ്പരിവാറും മോഡി സർക്കാരും തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങൾക്കും മുതലെടുപ്പിനുമായി ദുരുപയോഗം ചെയ്യുന്നതിന് അറുതിവരുത്താൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സത്വരം വിളിച്ചുചേർക്കേണ്ടതുണ്ട്. താരതമ്യേന ജനാധിപത്യ പ്രക്രിയ തുലോം ദുർബലമായ പാകിസ്ഥാൻ ഇന്ത്യയുമായി സംഘർഷം നിലനിൽക്കെ അവരുടെ നാഷണൽ അസംബ്ലി വിളിച്ചുചേര്‍ക്കുകയും സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയുമുണ്ടായി.
മോഡി ഭരണകൂടം തങ്ങളുടെ വീഴ്ചകൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതിൽ പ്രകടിപ്പിക്കുന്ന വിമുഖത.പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ സൈന്യത്തിന്റെയും സർക്കാരിന്റെയും നടപടിക്ക് പ്രതിപക്ഷ പാർട്ടികളും ഇന്ത്യൻ ജനതയും നിരുപാധിക പിന്തുണ നൽകുകയുണ്ടായി. എന്നാൽ അത്തരം ഒരു ദാരുണസംഭവത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ച രാജ്യം വിലയിരുത്തേണ്ടതുണ്ട്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റുന്നതിൽ സർക്കാരിനുണ്ടായ വീഴ്ച വിലയിരുത്തപ്പെടേണ്ടത് അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അനിവാര്യമാണ്. ഭീകരവാദത്തിനെതിരെ നമ്മുടെ സേന നടത്തിയ ധീരമായ തിരിച്ചടിയെ പൂർണമായി പിന്തുണയ്ക്കുമ്പോഴും സൈനിക നടപടിയിൽ ഇന്ത്യക്കുണ്ടായ നഷ്ടങ്ങൾ എന്തെന്ന് അറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. ആ അവകാശം നിഷേധിക്കുന്ന നടപടിയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനമെന്ന ആവശ്യം നിഷേധിക്കുകവഴി മോഡി സർക്കാർ ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടിയെപ്പറ്റി ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ പർലമെന്ററി പ്രതിനിധിസംഘങ്ങളെ നിയോഗിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെയും പർലമെന്റിന്റെയും അവകാശം നിഷേധിക്കുന്ന സമീപനം പ്രതിഷേധാർഹവും അപലപനീയവുമാണ്.
സൈനിക നടപടിയിൽ ഇന്ത്യക്കുണ്ടായ നഷ്ടത്തെപ്പറ്റി സംയുക്തസേനാ മേധാവിയടക്കം സൂചനകൾ നൽകിയിട്ടും വസ്തുതകൾ പാർലമെന്റിനോടും ജനങ്ങളോടും വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്തതും ദുരൂഹവുമാണ്. വെടിനിർത്തലിലേക്ക് നയിച്ച ഇടപെടൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തെപ്പറ്റി പ്രതികരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനിയും തയ്യാറാവാത്തതും ദുരൂഹമാണ്. ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരത്തെ തുറുപ്പുചീട്ടാക്കി പ്രയോഗിച്ചാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന അവകാശവാദം ട്രംപ് ഭരണകൂടം രേഖാമൂലം യുഎസ് കോടതിയിൽ നൽകിയിട്ടും വസ്തുത എന്തെന്ന് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത് പാർലമെന്റിന്റെയും ജനങ്ങളുടെയും അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണ്.
ഇന്ത്യ — പാകിസ്ഥാൻ സംഘർഷം പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോഴും ഇന്ത്യ നൽകിയിട്ടുള്ളത്. അതായത്, ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷത്തിന്റേതായ അന്തരീക്ഷം തുടരുന്നുവെന്നുവേണം വിലയിരുത്താൻ. അത്തരം ഒരു അന്തരീക്ഷം പ്രത്യേക സമ്മേളനം എന്ന പ്രതിപക്ഷ ആവശ്യത്തിന് അടിവരയിടുന്നു. പതിവ് പാർലമെന്റ് സമ്മേളനങ്ങൾ വ്യക്തമായ നിയമനിർമ്മാണ അജണ്ടകളുമായിട്ടായിരിക്കും സമ്മേളിക്കുക. അത്തരം അജണ്ടകളുമായി ചേരുന്ന സമ്മേളനത്തിൽ ഭീകരവാദം, രാജ്യസുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ആവശ്യമായ ചർച്ചകൾക്കോ വിലയിരുത്തലുകൾക്കോ സമയം അനുവദിക്കുമെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ പതിവ് വർഷകാല സമ്മേളനത്തിൽ ഭീകരവാദം, ഓപ്പറേഷൻ സിന്ദൂർ എന്നിവ ചർച്ച ചെയ്യാമെന്ന മോഡി സർക്കാരിന്റെ വാദം അവ സംബന്ധിച്ച വസ്തുതകൾ പാർലമെന്റിൽനിന്നും ജനങ്ങളിൽനിന്നും മറച്ചുവയ്ക്കാനും കാര്യക്ഷമമായ ചർച്ചകൾ ഒഴിവാക്കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക പാർലമെന്റ് സമ്മേളനം എന്ന പ്രതിപക്ഷ ആവശ്യം പ്രസക്തമായി തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.