November 30, 2023 Thursday

സപ്ലൈകോ പ്രതിസന്ധി സത്വര ഇടപെടല്‍ അനിവാര്യം

Janayugom Webdesk
November 10, 2023 5:00 am

വിലക്കയറ്റത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത്തിന്റെയും കാലത്ത് കേരളത്തിലെ പാവപ്പെട്ടവരും തുച്ഛവരുമാനക്കാരുമായ സാമാന്യജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്പ്ലൈകോ എന്നറിയപ്പെടുന്ന സിവിൽ സപ്ലെെസ് കോർപറേഷൻ. 1974ൽ സ്ഥാപിതമായ ഈ പൊതുമേഖലാ കമ്പനിയുടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന 1600 ലേറെ ചില്ലറ വില്പനശാലകൾ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായാണ് നാടെങ്ങും പ്രവർത്തിച്ചുവരുന്നത്. എന്നാൽ, സംസ്ഥാനം നേരിടുന്ന അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോയുടെ പ്രവർത്തനത്തെ അപ്പാടെ തളർത്തുക മാത്രമല്ല കാര്യക്ഷമമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ സംജാതമാക്കുകയും ചെയ്തിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍, അതിന് നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനപ്രകാരം 2016 ഏപ്രിൽ മുതൽ അന്ന് നിശ്ചയിച്ച വിലയ്ക്കാണ് 13 അവശ്യസാധനങ്ങൾ വിറ്റുവരുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങളിലായി വർധിപ്പിക്കാത്ത അവയുടെ ഇപ്പോഴത്തെ വില പൊതുവിപണിയിലെ വിലയിൽനിന്നും ഏതാണ്ട് 50 ശതമാനംകണ്ട് കുറവാണ്. സപ്പ്ലൈകോയ്ക്ക് പ്രതിമാസം 62.70 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സഹിക്കേണ്ടി വരുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ഏറെ സഹായകരമായ ഈ പദ്ധതി തുടർന്ന് പോകണമെങ്കിൽ നഷ്ടം നികത്തിക്കൊണ്ടുള്ള സർക്കാരിന്റെ അടിയന്തര ഇടപെടൽ കൂടിയേതീരൂ. ഈ അവശ്യസാധനങ്ങൾ സപ്ലെെകോയ്ക്ക് നൽകിവരുന്ന വിതരണക്കാർക്ക് നൽകേണ്ട ഭീമമായ കുടിശിക കൊടുത്തുതീർക്കാതെ ചില്ലറ വില്പനശാലകളിൽ അവയുടെ ലഭ്യത ഉറപ്പുവരുത്താനുമാവില്ല.

 

 


ഇതുകൂടി വായിക്കൂ; അന്ധമായ നിലപാടുകളില്‍ നട്ടം തിരിയുന്ന യുഡിഎഫ്


 

2016–21 കാലയളവിൽ വിപണി ഇടപെടലിനായി ചെലവഴിച്ച 1179.31 കോടി രൂപയിൽ സർക്കാരിൽനിന്നും ലഭിച്ച 575 കോടി രൂപ കഴിച്ച് 604.31 കോടി രൂപ കുടിശികയാണ്. 2021–23ൽ 625.03 കോടി രൂപ വിപണിയിടപെടലിനായി ചെലവഴിച്ചപ്പോൾ സർക്കാർ അനുവദിച്ചത് 145 കോടി മാത്രം. 2010 മുതൽ 23വരെ 1,525.34 കോടി രൂപ സർക്കാരിൽനിന്നും കുടിശികയിനത്തിൽ സപ്പ്ലൈകോയ്ക്ക് ലഭിക്കാനുണ്ട്. വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചുനിർത്തുകയെന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനത്തിന് ഇത്രയും ഭാരിച്ച സാമ്പത്തിക ബാധ്യതയുമായി ഒരിഞ്ച് മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സപ്പ്ലൈകോ നിർവഹിക്കുന്നത് സാമൂഹിക ദൗത്യമാണെങ്കിലും അതിന്റെ ദൈനംദിന പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് വിപണിയുടെ യുക്തിയാണ്. ആ മത്സരത്തിൽ പിടിച്ചുനിൽക്കാനും ജനങ്ങൾക്ക് ആശ്വാസകരമായ വിപണിയിടപെടലിനും പണം കൂടിയേ തീരൂ. സർക്കാരിനാൽ സ്ഥാപിതമായതും സർക്കാരിന്റെ ദൗത്യനിർവഹണത്തിൽ ഏർപ്പെട്ടിട്ടുള്ളതുമായ സപ്ലെെകോയുടെ നിലനില്പ് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണ്. അത് സത്വരം നിർവഹിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഒരു കാരണവശാലും അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തുകൂടാ. ഇതിനെല്ലാം പുറമെയാണ് നെല്ല് സംഭരണം സിവിൽ സപ്ലൈസ് കോർപറേഷന് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി.

 


ഇതുകൂടി വായിക്കൂ; ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സുപ്രീം കോടതി വിധി


കേരളത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഏക ഏജൻസിയാണ് സപ്ലെെകോ. 2017 മുതൽ 23 വരെ സംഭരിച്ച നെല്ലിന് കേന്ദ്രസർക്കാർ നൽകേണ്ട മൊത്തം തുകയായ 6,635.66 കോടിയിൽ 644.02 കോടി രൂപ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് തടഞ്ഞുവച്ചിരിക്കുകയാണ്. ഈ തടസവാദം 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്. ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളം 1965 മുതൽ, രാജ്യത്ത് ആദ്യമായി നിയമാധിഷ്ഠിത റേഷൻ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നതോടെ 57 ശതമാനം കാർഡുടമകൾക്കും അത് നിഷേധിക്കപ്പെടുന്ന നിലവന്നു. അതിൽത്തന്നെ അർഹരായ ദുർബല വിഭാഗങ്ങൾക്ക് റേഷൻ നൽകുന്ന കേരളത്തിന്റെ നിലപാടാണ് സംസ്ഥാനത്തെ നെല്ലുസംഭരണത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം തടഞ്ഞുവയ്ക്കാൻ കാരണം. വിവിധ ഇനങ്ങളിലായി നെല്ല് സംഭരിച്ച വകയിൽ 971.41 കോടി രൂപ സംസ്ഥാന സർക്കാരും സപ്ലെെകോയ്ക്ക് നൽകേണ്ടതായുണ്ട്. ഈ ഭാരിച്ച ബാധ്യതകളാണ് സപ്ലെെകോയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ നിത്യജീവിതത്തിൽ വ്യാപക സ്വാധീനം ചെലുത്തുന്ന ഈ സ്ഥാപനത്തിന്റെ പ്രതിസന്ധി കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രതികരണം സർക്കാരും ഭരണമുന്നണിയും അവഗണിച്ചുകൂടാ. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരത്തിന് സത്വര നടപടികൾക്ക് സംസ്ഥാന സർക്കാർ സന്നദ്ധമാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.