June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

പ്രവാസികൾക്കുള്ള നികുതി മനുഷ്യത്വരഹിതം

By Janayugom Webdesk
February 4, 2020

പ്രവാസികൾ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് നല്കുന്ന സംഭാവന വളരെ വലുതാണ്. ഒരുവർഷം മുമ്പ് ലോകബാങ്ക് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് പ്രവാസികൾ സ്വന്തം നാട്ടിലേയ്ക്ക് പണം അയക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് രണ്ടാമത്. അഞ്ചുലക്ഷം കോടിയിലധികം രൂപയാണ് വിദേശ രാജ്യങ്ങളിൽ വിവിധ തൊഴിലുകൾ തേടി പോകുന്നവർ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. 2017 ൽ പ്രവാസി മലയാളികൾ ഇവിടേയ്ക്ക് അയച്ചത് 1.6 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ജനസംഖ്യയിലെ ഏകദേശം രണ്ടുശതമാനത്തോളം പേർ വിദേശങ്ങളിൽ തൊഴിൽ തേടിപോയ രാജ്യമാണ് ഇന്ത്യ. ഗൾഫ് നാടുകളിൽ മാത്രം ഒന്നേമുക്കാൽ കോടി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികൾ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെയുള്ള ജനവിഭാഗത്തിന്റെ ഉന്നമനത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനും പദ്ധതികൾ വേണമെന്ന ആവശ്യം വളരെക്കാലമായി ഉന്നയിക്കപ്പെടുന്നുണ്ട്. വിവിധ കാലയളവുകളിൽ അധികാരത്തിലിരുന്ന കേന്ദ്രസർക്കാരുകൾ നിസംഗസമീപനമാണ് ഈ ആവശ്യങ്ങളോട് സ്വീകരിച്ചതെങ്കിലും കേരളം ഇക്കാര്യത്തിൽ വളരെയധികം മുന്നോട്ടുപോയിട്ടുമുണ്ട്. മുൻ എൽഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും പ്രവാസിക്ഷേമത്തിനായും കേരളത്തിന്റെ വികസന — വ്യവസായ പ്രക്രിയയിൽ അവരെ ഉൾച്ചേർക്കുന്നതിനും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുമുണ്ട്.

രണ്ടു ഘട്ടമായി സംഘടിപ്പിച്ച ലോക കേരളസഭ അതിൽ പ്രധാന ചുവടുവയ്പായിരുന്നു. ഇത്രയധികം പ്രാധാന്യമർഹിക്കുന്ന വിഭാഗമെന്ന നിലയിൽ ആവശ്യപ്പെടുന്ന ക്ഷേമ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിലും അടുത്ത സാമ്പത്തികവർഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അവരെയും സർക്കാരിന്റെ വരുമാനമാർഗ്ഗമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് കേന്ദ്രസർക്കാർ. പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം അതാണ് സൂചിപ്പിക്കുന്നത്. കോർപ്പറേറ്റുകളുടെ നികുതി 30ൽ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും പുതിയ കോർപ്പറേറ്റ് സംരംഭങ്ങളുടെ നികുതി 15 ശ­തമാനമായി നിജപ്പെടുത്തുകയും ചെയ്ത കേന്ദ്രസർക്കാരാണ് ഈ നിർദ്ദേശം അ­വതരിപ്പിച്ചിരിക്കുന്നത്. പ്ര­ഖ്യാപനം വലിയ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിൽ ചില വിശദീകരണങ്ങളുമായി സർക്കാരും ധനമന്ത്രി നിർമ്മലാ സീതാരാമനും രംഗത്തെത്തിയിട്ടുണ്ട്. പ്രസ്തുത വിശദീകരണം അംഗീകരിച്ചാൽ പോലും പ്രവാസികളിലെ പകുതിയോളം പേർ പുതിയ നികുതിവലയിൽ ഉൾപ്പെടുമെന്നാണ് പ്രവാസിസംഘടനകൾ പറയുന്നത്. ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ, ഇന്ത്യയിലെ വരുമാനനികുതിയുടെ പരിധിയില്‍ കൊണ്ട് വരുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

ഇതിന് പുറമേ പ്രവാസികളെന്ന നിർവചനത്തിലും സർക്കാർ മാറ്റം വരുത്തുകയാണ്. 182 ദിവസം വിദേശത്ത് താമസിക്കുന്ന വ്യക്തിയെയാണ് പ്രവാസി ഇന്ത്യക്കാരനെന്ന നിലയില്‍ പരിഗണിച്ചിരുന്നത്. അത് ഒരു വര്‍ഷം 240 ദിവസമെങ്കിലും വിദേശത്ത് താമസിച്ചവരെ മാത്രമെന്നാക്കി മാറ്റുന്നതിനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നാട്ടിൽ അവധിക്കുപോയി മൂന്നുമാസത്തിലധികം താമസിക്കുന്ന ഏതൊരാളും ഇനിമുതൽ പ്രവാസി എന്ന പരിഗണനയുടെ പുറത്തായിരിക്കുമെന്നർത്ഥം. എണ്ണപ്പാടങ്ങളിലും മറ്റും അത്യധ്വാനം ആവശ്യമുള്ളവർക്ക് ആരോഗ്യസുരക്ഷിതത്വം കൂടി പരിഗണിച്ച് പകുതിയോളം കാലം നാട്ടിൽ വന്നു പോകുന്നതിന് പല ഗൾഫ് രാജ്യങ്ങളിലെയും തൊഴിൽ നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. അതനുസരിച്ച് ഇടയ്ക്കിടെ നാട്ടിൽ വന്നുപോകേണ്ടിവരുന്ന തൊഴിലാളികൾക്ക് പോലും പ്രവാസി ഇന്ത്യക്കാരനെന്ന പരിഗണന കിട്ടില്ല. അതുകൊണ്ടുതന്നെ അവരും നികുതിവലയിൽ ഉൾപ്പെടും. പ്രതിഷേധമുയർന്നതിനെ തുടർന്ന് പ്രവാസികൾക്ക് ഇന്ത്യയിലുണ്ടാകുന്ന വരുമാനത്തിനാണ് നികുതിയെന്നാണ് വിശദീകരണമുണ്ടായിരിക്കുന്നത്. അതും ദ്രോഹകരം തന്നെയാണ്. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്ത് ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ചെലവഴിക്കുന്നവരാണ് പ്രവാസികൾ. കേരളത്തിൽ അവർക്കായി പെൻഷൻ ഉൾപ്പെടെ വിവിധ ക്ഷേമപദ്ധതികൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. ജീവിത സായാഹ്നത്തിൽ തിരികെയെത്തുമ്പോൾ ഒരു സാമൂഹ്യസുരക്ഷാപദ്ധതിയിലും ഉൾപ്പെടാനിടയില്ലാത്തവർ അക്കാലത്തേയ്ക്കായി സ്വരുക്കൂട്ടുന്ന എല്ലാം നികുതി പരിധിയിൽ വരുമെന്നാണ് നിലവിലുള്ള വിശദീകരണത്തിൽ നിന്ന് മനസിലാക്കേണ്ടത്. നോട്ടുനിരോധനമുൾപ്പെടെയുള്ള പിന്തിരിപ്പൻ തീരുമാനങ്ങളിലൂടെ ജനങ്ങളെ തീരാദുരിതത്തിലാക്കിയവരാണ് രാജ്യത്തെ ഭരണാധികാരികൾ. തെറ്റായ സാമ്പത്തിക നയത്തെ തുടർന്ന് കഷ്ടപ്പെടുന്ന വലിയ ശതമാനം ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിലുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ദ്രോഹിക്കുന്ന സമീപനങ്ങളാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അതിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് പ്രവാസി ഇന്ത്യക്കാർക്ക് നികുതി ചുമത്താനുള്ള തീരുമാനം. ഇവിടെ തൊഴിലവസരങ്ങളില്ലാത്തതിനാലാണ് പലരും ഉറ്റവരെയും നാടിനെയും ഉപേക്ഷിച്ച് വിദേശങ്ങളിലേയ്ക്ക് പോയത്. അവരെയും ചൂഷണം ചെയ്യാനുള്ള കേന്ദ്ര തീരുമാനം പ്രതിഷേധാർഹമാണെന്ന് മാത്രമല്ല മനുഷ്യത്വരഹിതം കൂടിയാണ്.

Eng­lish Sum­ma­ry: Tax on NRI is affect Indi­an economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.