19 April 2024, Friday

കാര്‍ഷിക ഇന്ത്യയുടെ കണ്ണുനീരും രോഷവും

web desk
March 13, 2023 5:00 am

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വീണ്ടുമൊരു പാര്‍ലമെന്റ് മാര്‍ച്ചിന് കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം നല്കിയിരിക്കുകയാണ്. ഈ മാസം 20നാണ് മാര്‍ച്ച്. ഇതിന് മുന്നോടിയായി ഉത്തരേന്ത്യയിലെ പരമ്പരാഗത കര്‍ഷക മേഖലകളില്‍ കിസാന്‍ പഞ്ചായത്തുകളും നടന്നുവരുന്നുണ്ട്. ഒരുവര്‍ഷത്തിലധികം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നുമാത്രമാണ് നടപ്പിലാക്കപ്പെട്ടത്. അത് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്നതായിരുന്നു. കുറഞ്ഞ താങ്ങുവില, കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകളും വൈദ്യുതി നിയമഭേദഗതിയും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെന്നു മാത്രമല്ല വൈദ്യുതി ഭേദഗതി നിയമവുമായി മുന്നോട്ടുപോയി. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക പ്രക്ഷോഭം വീണ്ടും തുടങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക, വായ്പാശ്വാസ നടപടികള്‍ സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, സമരത്തിലെ രക്തസാക്ഷി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുക, കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിക്കുന്നത്.

ലോകവ്യാപക ശ്രദ്ധയും പിന്തുണയും നേടിയ പ്രക്ഷോഭമായിരുന്നു 2020 ഓഗസ്റ്റില്‍ പഞ്ചാബില്‍ ആരംഭിച്ച്, തുടര്‍ന്ന് ഡല്‍ഹിയിലേക്ക് വ്യാപിച്ച്, 2021 ഡിസംബര്‍ വരെ തുടര്‍ച്ചയായി നടന്ന കര്‍ഷക പ്രക്ഷോഭം. രാജ്യത്തിന്റെ മുഴുവന്‍ ഐക്യദാര്‍ഢ്യമാര്‍ജിച്ച പ്രസ്തുത പ്രക്ഷോഭം അവസാനിച്ച് ഒരു വര്‍ഷത്തിലധികമായിട്ടും പ്രധാനമന്ത്രി നേരിട്ടു നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. എന്നുമാത്രമല്ല ഇന്ത്യയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍, നിലവിലുണ്ടായിരുന്നതിനെക്കാള്‍ രൂക്ഷമാകുകയും ചെയ്തു. പ്രക്ഷോഭനന്തരമുള്ള ഒരുവര്‍ഷത്തിനിടെ അത് കൂടുതല്‍ സങ്കീര്‍ണവും ഗുരുതരവുമായി. 2014ല്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബിജെപിയും നരേന്ദ്ര മോഡിയും നാടുനീളെ നടന്ന് നടത്തിയ പ്രഖ്യാപനത്തിന്റ കാലപരിധി 2022ല്‍ അവസാനിച്ചു. വരുമാനം ഇരട്ടിയായില്ല, ഉള്ള വരുമാനം കുറയുകയും പുതിയ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അടിസ്ഥാന കര്‍ഷക സമൂഹത്തെ സഹായിക്കുന്നതിനു പകരം കോര്‍പറേറ്റുകള്‍ക്ക് ഗുണം ചെയ്യുന്ന കേന്ദ്ര പദ്ധതികള്‍ മാത്രമാണ് ആവിഷ്കരിച്ച് നടപ്പിലാക്കപ്പെട്ടത്. പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്നവിധത്തില്‍ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്ക് അനുമതി നല്കിയതും പാട്ടക്കൃഷി നടപ്പിലാക്കാനുള്ള നിര്‍ദേശവും വന്‍കിട കോര്‍പറേറ്റ് സംരംഭങ്ങള്‍ക്ക് കാര്‍ഷിക മേഖലയുടെ കുത്തക നേടിയെടുക്കുന്നതിന് സഹായകമാകുന്നതാണ്.

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ, നാസിക്ക്, പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മേദിനിപൂര്‍ എന്നിങ്ങനെ കര്‍ഷക ആത്മഹത്യയുടെ പേരില്‍ കുപ്രസിദ്ധമായ പ്രദേശങ്ങള്‍തന്നെ രാജ്യത്തുണ്ട്. പ്രസ്തുത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുന്നുവെന്നാണ് സമീപ ദിവസങ്ങളി‍ല്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ 2021 വരെയുള്ള മൂന്നുവര്‍ഷത്തെ കര്‍ഷക ആത്മഹത്യയുടെ കണക്കുകളാണ് കേന്ദ്രം വെളിപ്പെടുത്തിയത്. അതനുസരിച്ചാണെങ്കില്‍ 2021ല്‍ ശരാശരി 14 കര്‍ഷകര്‍ ഒരു ദിവസം ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ല്‍ 5,957, 2020ല്‍ 5,579, 2021ല്‍ 5,318 വീതം കര്‍ഷകരാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയില്‍ 2022 ജനുവരി ഒന്നിനും ഓഗസ്റ്റിനുമിടയില്‍ 600 കര്‍ഷക ആത്മഹത്യകളുണ്ടായെന്ന കണക്ക് പുറത്തുവരികയുണ്ടായി. ഏഴു മാസത്തിനിടെ സംസ്ഥാനത്ത് 1,203 കർഷകർ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ പ്രധാന വാര്‍ത്തകളിലൊന്ന് ഉള്ളിക്കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടേതാണ്. മതിയായ സംഭരണ സംവിധാനവും ശീതീകരണികളും ഇല്ലാത്തതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങള്‍ ഇടനിലക്കാര്‍ക്ക് വില്ക്കേണ്ടിവരുന്ന സ്ഥിതിയാണ്. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ ഉള്ളി ചാക്കുകളിലാക്കി കൊണ്ടുവന്ന് റോഡരികിലും മറ്റും ഉപേക്ഷിക്കുന്നത് പതിവായിരിക്കുന്നു. ബംഗാളില്‍ നിന്ന് രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇവിടെ ഉരുളക്കിഴങ്ങ് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എല്ലാ ഉല്പന്നങ്ങള്‍ക്കുമെന്നതുപോലെ കുറഞ്ഞ വിലയും സംഭരണ സംവിധാനമില്ലാത്തതും തന്നെയാണ് ഉരുളക്കിഴങ്ങ് ഉല്പാദകരും നേരിടുന്നത്. യുപി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുകാണ് ഇപ്പോഴത്തെ വിള. അവയിലേര്‍പ്പെട്ടവരും ചുരുങ്ങിയ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ടിവരുന്നു. താങ്ങുവില ഉറപ്പാക്കുക, ശീതീകരണിയുള്‍പ്പെടെ സജ്ജീകരിച്ചുള്ള സംഭരണ സംവിധാനം സര്‍ക്കാര്‍ തലത്തിലൊരുക്കുക എന്നതുമാത്രമാണ് ഇതിനുള്ള പോംവഴി. ചെറുകിട കര്‍ഷകര്‍ക്ക് ശീതീകരണി ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനുള്ള സാമ്പത്തിക സാഹചര്യമില്ല. അതുകൊണ്ട് വിളവെടുപ്പ് സമയത്ത് കിട്ടിയ വിലയ്ക്ക് അവര്‍ വില്ക്കുന്നു. സര്‍ക്കാര്‍തല സംഭരണമോ താങ്ങുവിലയോ ഇല്ലാത്തതിനാല്‍ ഇടനിലക്കാരാണ് ലാഭം മുഴുവന്‍ കൊയ്യുന്നത്. ചുളുവിലയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ഉല്പന്നങ്ങള്‍ വന്‍കിട ശീതീകരണികളൊരുക്കി സൂക്ഷിക്കുകയും ഭാവിയില്‍ കൂടിയ വിലയ്ക്ക് വില്പന നടത്തി കൊള്ളലാഭം നേടുകയുമാണ് ഇടനിലക്കാര്‍. ഈ സ്ഥിതി മാറ്റാതെ സാധാരണ കര്‍ഷകരുടെ ദുരിതപര്‍വത്തിന് ഒരവസാനവുമുണ്ടാകില്ല. അതിന് നടപടിയെടുക്കുക എന്നതാണ് കര്‍ഷകരെ രക്ഷിക്കുന്നതിന് കേന്ദ്രം ഏറ്റെടുക്കേണ്ട പ്രധാന ഉത്തരവാദിത്തം.

Eng­lish Sum­ma­ry: Tears and Rage of Agrar­i­an India, janayu­gom editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.