മേയ് 24ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബിവിആർ സുബ്രഹ്മണ്യം പ്രഖ്യാപിച്ചു: “രാജ്യം നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണിപ്പോൾ. നാല് ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ. എന്നാൽ ഐഎംഎഫ് നൽകിയ കണക്കുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മാത്രമാണ് ഇന്ത്യയേക്കാൾ വലുത്. നമ്മൾ ആസൂത്രണം ചെയ്തതും ചിന്തിക്കുന്നതും പ്രാവർത്തികമാക്കിയാൽ രണ്ടര മൂന്നു വർഷങ്ങൾക്കുള്ളിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരും.” ആയിരക്കണക്കിന് ജനങ്ങളെ ഒരു കെട്ടുകഥ പറഞ്ഞ് വിശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തീർത്ത ആത്മവഞ്ചനയുടെ കലാസൃഷ്ടിയായിരുന്നു ഇത്. വൈകിയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇതേ അവകാശം പിന്തുടർന്നു. “2014 മേയ് 26 ന് ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്ത് 11-ാം സ്ഥാനത്തായിരുന്നു. ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. നമ്മൾ ജപ്പാനെ മറികടന്നു. ആറാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക്. നമ്മൾ ഉയർന്നപ്പോൾ രാജ്യത്തുടനീളം ഉണ്ടായ ആവേശം പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഉണ്ടായത്, ഞാൻ ഇപ്പോഴും ഓർക്കുന്നു. പ്രധാന കാരണം, 250 വർഷം നമ്മളെ ഭരിച്ച ബ്രിട്ടനെ ഇന്ത്യ മറികടന്നു എന്നതാണ്.” മേയ് 27 ന് ഗാന്ധിനഗറിൽ ഒരു പൊതുയോഗത്തിൽ മോഡി പറഞ്ഞു.
അവകാശവാദങ്ങൾ ഏറെയാണ്, പക്ഷെ വസ്തുതകൾ എതിരും. സത്യം തികച്ചും വ്യത്യസ്തവും. നിതി ആയോഗ് സിഇഒയും പ്രധാനമന്ത്രി തന്നെയും ആവർത്തിച്ച അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ ഐഎംഎഫ് കണക്കുകൾ സമഗ്രമായി പഠിച്ച ശേഷം വസ്തുതാ പരിശോധനാ വെബ്സൈറ്റായ ആൾട്ട് ന്യൂസ് കണ്ടെത്തി, അവകാശവാദങ്ങളിൽ സത്യത്തിന്റെ ഒരു കണികപോലുമില്ലെന്ന്. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇതുവരെ ജപ്പാനെ മറികടന്നിട്ടില്ല. “ഐഎംഎഫ് കണക്കുകൾ അടിസ്ഥാനമാക്കുമ്പോൾ ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും നാല് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുമാണെന്ന നിതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്, “ആൾട്ട് ന്യൂസ് (Alt news) ചൂണ്ടിക്കാട്ടുന്നു. “ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ നിലവിൽ അഞ്ചാമത്തെ വലിയ രാജ്യമാണ്.” ജിഡിപി കണക്കുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള അമിതമായ ആത്മവിശ്വാസം അർത്ഥശൂന്യമാണ്. ജിഡിപി കണക്കുകൾ ആഘോഷമാക്കുന്നതോ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അടയാളമായി ജിഡിപി കണക്കുകൾ ഉപയോഗിക്കുന്നതോ മഠയത്തരമെന്ന് ആവർത്തിച്ച് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
വർധിക്കുന്ന ജിഡിപി മൊത്തത്തിലുള്ള ഉയർന്ന പ്രതിശീർഷ വരുമാനത്തെ പ്രതിനിധീകരിക്കുന്നുമില്ല. സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്ന വരുമാന അസമത്വങ്ങളെയും തൊഴിലില്ലായ്മയെയും അടയാളപ്പെടുത്തുന്ന സമഗ്രമായ വസ്തുതകളും കൈമാറുന്നില്ല. രാജ്യം വാർഷികമായി ഉല്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ ആകെത്തുക മാത്രമാണ് ആ രാജ്യത്തിന്റെ ജിഡിപി. സമ്പദ്‌വ്യവസ്ഥയുടെ അളവിനെ സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ജപ്പാന്റെ ജനസംഖ്യ 12.3 കോടിയാണ്. പ്രതിശീർഷ വരുമാനം 33,900 ഡോളറും. ഓരോ വ്യക്തിക്കും ഗണ്യമായ സ്വാധീനവും സാമ്പത്തിക ഉല്പാദനവുമുള്ള വളരെ വികസിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇത്. എന്നാൽ ഇന്ത്യ 146 കോടി ജനങ്ങളുള്ള രാജ്യമാണ്. 2,880 ഡോളറാണ് പ്രതിശീർഷ വരുമാനം. ഇന്ത്യയുടെ ജിഡിപി രണ്ട് സ്ഥാനങ്ങൾ കൂടി ഉയർന്ന് ജപ്പാനെ (നിലവിൽ 4.19 ട്രില്യൺ ഡോളർ ജിഡിപി) മാത്രമല്ല, ജർമ്മനിയെയും (നിലവിൽ 4.74 ട്രില്യൺ ഡോളർ ജിഡിപി) മറികടന്നാലും, ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം മറ്റ് വലിയ സമ്പദ്‌വ്യവസ്ഥകളുടേതിന് തുല്യമാകില്ല. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ, മത്സരിക്കുന്നു എന്ന് ഭരണകൂടം വീമ്പുപറയുന്ന രാജ്യങ്ങളുടെ അയലത്തുപോലും ഇന്ത്യ എത്തിയിട്ടില്ല. 2021 ൽ, മൊത്തം നാമമാത്ര ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ യുണൈറ്റഡ് കിങ്ഡത്തെ മറികടന്നു. നോമിനൽ ജിഡിപി എന്നാൽ നാമമാത്രമൊത്ത ആഭ്യന്തര ഉല്പാദനത്തെ സൂചിപ്പിക്കുന്നു. ഒരു രാജ്യം ഒരു നിശ്ചിത കാലയളവിൽ ഉല്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണിത്. നിലവിലെ വിപണി വിലയിൽ കണക്കാക്കുന്നു. ആ വർഷം, ഇന്ത്യയുടെ നാമമാത്ര പ്രതിശീർഷ വരുമാനം 2,250 ഡോളറും യുകെയുടേത് 46,115 ഡോളറുമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയുടെ നാമമാത്ര ജിഡിപി യുകെയേക്കാൾ കൂടുതലാണ്. 2025 അവസാനത്തോടെ, യുകെയുടെ നാമമാത്ര പ്രതിശീർഷ വരുമാനം 54,949 ഡോളറും ഇന്ത്യയുടെ 2,879 ഡോളറുമെന്നുമാണ് സൂചനകൾ. ഇരു രാജ്യങ്ങളുടെയും മൊത്തം നാമമാത്ര ജിഡിപിയുടെ സ്ഥിതി പരിഗണിക്കാതെ തന്നെ, യുകെയിലെയും ഇന്ത്യയിലെയും പ്രതിശീർഷ വരുമാനത്തിന്റെ വളർച്ചാ നിരക്കുകളിൽ പ്രകടമായ വ്യത്യാസമുണ്ട്. അങ്ങനെ, 2021 നും 2025 നും ഇടയിൽ, യുകെയുടെ പ്രതിശീർഷ വരുമാനം 8,000 ഡോളറിലധികം വർധിച്ചു, ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിൽ 600 ഡോളറിന്റെ ഉയർച്ച മാത്രമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന ഭരണകൂട വാചകമടിക്കൊപ്പം സഞ്ചരിച്ചാൽ തന്നെ സാധാരണ ജനം എന്താണ് അതുകൊണ്ട് അർത്ഥമാക്കേണ്ടത്? അവരുടെ ജീവിത നിലവാരം എങ്ങനെ ഉയർത്തും? അത് ഗാർഹിക ഉപഭോഗം വർധിപ്പിക്കുന്നതിന് കാരണമാകുമോ? അത് ജനങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാക്കും? ഗൗരവമേറിയ ചോദ്യങ്ങൾ ഒട്ടേറെയുണ്ട്.
2022ൽ പുറത്തിറക്കിയ ലോക അസമത്വ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം പേർ രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കയ്യടക്കിയിരിക്കുന്നു. ജനസംഖ്യയിലെ 50 ശതമാനം പേർക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമേ സ്വന്തമായുള്ളൂ. ജനസംഖ്യയുടെ 10 ശതമാനം പേർ ദേശീയ വരുമാനത്തിന്റെ 57 ശതമാനത്തിലധികം സമ്പാദിക്കുന്നു. സമ്പത്തിന്റെ കേന്ദ്രീകരണം ഇങ്ങനെയാകുമ്പോൾ ജിഡിപിയെക്കുറിച്ച് മാത്രം സംസാരിച്ചുള്ള ഏതൊരു കണക്കുകൂട്ടലുകളിലും ഭൂരിഭാഗം ജനങ്ങളും ഒഴിവാക്കപ്പെടുന്നു എന്നതാണ് ഉണ്മ. രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശംവയ്ക്കുന്ന ജനസംഖ്യയുടെ ഒരു ശതമാനത്തെയോ ദേശീയ വരുമാനത്തിന്റെ 57 ശതമാനത്തിലധികം സമ്പാദിക്കുന്ന ഏറ്റവും ഉയർന്ന 10 ശതമാനത്തെയോ മാറ്റി നിർത്തിയാല്‍, ജിഡിപി കുത്തനെ ഇടിയും. ജിഡിപി വളർച്ചാ നിരക്കുകൾ ഉയർച്ചയിലേക്ക് നയിക്കാത്തതിന്റെ അടിസ്ഥാന കാരണവും അന്വേഷിക്കേണ്ടതാണ്. ജിഡിപി വികാസത്തിന് കാരണമാകുന്ന മേഖലകളും ജനസംഖ്യയുടെ ഭൂരിഭാഗവും തൊഴിൽ ചെയ്യുന്ന മേഖലകളും തമ്മിൽ പ്രകടമായ പൊരുത്തക്കേട് നിലനിൽക്കുകയാണ്. ഏകദേശം 50 ശതമാനം ഇന്ത്യക്കാരും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. കാർഷികമേഖലയുടെ സംഭാവന ജിഡിപിയിൽ ഏകദേശം 18 ശതമാനം മാത്രമാണ്. വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ നൽകുന്ന അനൗപചാരിക മേഖലയിലും സ്ഥിതി ഇതുതന്നെയാണ്. ഇത്തരം മേഖലകളിൽ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയില്ല. അവരുടെ വേതനം വർഷങ്ങളായി നിലച്ചിരിക്കുന്നു. ഇന്ത്യക്കാരിൽ ഒരു പ്രധാന വിഭാഗം തൊഴിലില്ലാത്തവരോ മതിയായ തൊഴിലില്ലാത്തവരോ ആണ്. മധ്യവർഗത്തിന്റെ വളർച്ച താഴേക്ക് വഴുതുകയാണ്.
അതേസമയം, ശതകോടീശ്വരന്മാർ തഴച്ചുവളരുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.