6 November 2025, Thursday

നിയമസഭയില്‍ ചോരക്കളിക്കുള്ള നീക്കം അപലപനീയം

Janayugom Webdesk
October 10, 2025 5:00 am

ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയും നടപടികള്‍ സ്തംഭിപ്പിക്കാന്‍ ശ്രമിക്കുകയുമെന്ന രീതി തന്നെയാണ് പ്രതിപക്ഷം ഇന്നലെയും നിയമസഭയില്‍ ആവര്‍ത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേ സമീപനം അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച അവര്‍ വനിതകള്‍ ഉള്‍പ്പെടെ വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിക്കുകയും ചീഫ് മാർഷലിന് പരിക്കേല്‍ക്കുന്നതിന് കാരണമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ചീഫ് മാർഷൽ ഓഫിസർ ഷിബുവിനെ പരിക്കേല്പിച്ചതിനും റോജി എം ജോൺ, എം വിൻസന്റ്, സനീഷ് കുമാർ എന്നീ മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെന്‍ഡ് ചെയ്യേണ്ടിവരികയും ചെയ്തു. നേരത്തെയും സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിനും സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ശ്രമങ്ങളുണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ച മുതല്‍ അത് പ്രത്യേക തലത്തിലേക്ക് കടക്കുകയായിരുന്നു. ശബരിമല സ്വർണപ്പാളി വിഷയമുന്നയിച്ചാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിച്ചത്. അതിനാല്‍ സുപ്രധാന വിഷയങ്ങളും നിയമനിര്‍മ്മാണസഭയുടെ അടിസ്ഥാനമായ വിവിധ ബില്ലുകളും വേണ്ടത്ര ചര്‍ച്ച ചെയ്യുന്നതിന് സാധിക്കാതെ പോയി.
സുപ്രധാനമായ നിയമനിര്‍മ്മാണങ്ങള്‍ തീരുമാനിച്ചാണ് ഇത്തവണത്തെ സഭാ സമ്മേളനം നിശ്ചയിച്ചത്. ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഒരു ഡസനിലധികം നിയമനിര്‍മ്മാണങ്ങളാണ് സഭ പരിഗണിച്ചത്. 

വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍, കൈവശത്തിലുള്ള അധിക ഭൂമിയുടെ ക്രമവല്‍ക്കരണം, മലയോര മേഖലയിലെ ലക്ഷക്കണക്കിന് കൈവശഭൂമിക്കാരുടെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം, സ്വന്തം ഭൂമിയില്‍ നിന്ന് ചന്ദന മരം മുറിക്കുന്നതിനുള്ള അവകാശം നല്‍കല്‍ എന്നിങ്ങനെ സുപ്രധാന നിയമങ്ങളാണ് പരിഗണനയ്ക്ക് വന്നത്. സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ഈ വിഷയങ്ങളില്‍ തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതിനുള്ള അവസരം കളഞ്ഞുകുളിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍തന്നെ സഭാധ്യക്ഷന് മുന്നില്‍ അദ്ദേഹത്തെ മറയ്ക്കുന്ന വിധത്തില്‍ ബാനര്‍ ഉയര്‍ത്തുകയും സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടലിന് ശ്രമിക്കുകയുമായിരുന്നു ആദ്യദിനങ്ങളില്‍. അത് എല്ലാ സീമകളെയും ലംഘിക്കുന്നതാണ് ഇന്നലെ കണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്നുവെന്നതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുള്ളതാണെങ്കിലും ശബരിമല വിഷയമുന്നയിച്ചാണ് ഇന്നലെയും സംഘര്‍ഷവും സ്തംഭനവുമുണ്ടാക്കുന്നതിന് ശ്രമവുമു ണ്ടായത്. സ്പീക്കറുടെ ചേംബറിന് മുന്നിലേക്ക് ഓടിക്കയറുക, സുരക്ഷാ വലയം സൃഷ്ടിച്ച വാച്ച് ആന്റ് വാര്‍ഡുമാരെ പ്രകോപിപ്പിക്കുക, കയ്യേറ്റത്തിന്ന് ശ്രമിക്കുക തുടങ്ങിയ നടപടികള്‍ എല്ലാ ദിവസവും അവരുടെ ഭാഗത്തുനിന്നുണ്ടായി. സ്പീക്കര്‍ക്കെതിരെയും മുഖ്യമന്ത്രിക്കുനേരെയും ആക്രോശിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. പ്രകോപനത്തിന് വശംവദരരാകാതെ ഭരണപക്ഷവും സുരക്ഷാ ജീവനക്കാരും സംയമനം പാലിച്ചതിനാലാണ് സഭയില്‍ കൂടുതല്‍ പ്രക്ഷുബ്ധാവസ്ഥയില്ലാതെ പോയത്. 

വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം തീരുമാനിക്കുകയും ദേവസ്വം ബോര്‍ഡ് തങ്ങളുടേതായ രീതിയിലുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കാന്‍ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പകരം ബോധപൂര്‍വം അന്തരീക്ഷം കലുഷിതമാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലുള്ള വിഷയമായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തയ്യാറാകില്ലെന്ന മുന്‍ധാരണ പ്രചരിപ്പിച്ചായിരുന്നു അന്വേഷണ പ്രഖ്യാപനവും നടപടികളും മറച്ചുവച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സഭാനടപടികള്‍ തടസപ്പെടുത്തിയത്. ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടാത്ത പ്രതിപക്ഷത്തെ ഭരണപക്ഷം ചോദ്യം ചെയ്തിട്ടുപോലും അതിനുള്ള നോട്ടീസ് നല്‍കാന്‍ തയ്യാറായില്ല. അസാധാരണമായ സമീപനങ്ങളാണ് അവരുടെടെ ഭാഗത്തുനിന്നുണ്ടായത്. ബഹളത്തിനിടയിലും സഭാനടപടികള്‍ മുന്നോട്ടുപോകുന്നുവെന്ന് വരുമ്പോള്‍ കൂക്കിവളികളും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കലും പോലുമുണ്ടായി. സഭയില്‍ പ്രതിപക്ഷം കാട്ടുന്ന അപഹാസ്യ നാടകങ്ങള്‍ പൊതുജനങ്ങള്‍ കാണുമെന്ന് അധ്യക്ഷ വേദിയില്‍ നിന്ന് ഓര്‍മ്മപ്പെടുത്തിയെങ്കിലും ബഹളവും സംഘര്‍ഷ നീക്കവും അവസാനിപ്പിക്കുവാന്‍ തയ്യാറാകാതെ നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ വേദിക്ക് മുന്നിലെത്തി പ്രകോപനം സൃഷ്ടിച്ചും മുന്നോട്ടുപോകുകയാണ് പ്രതിപക്ഷം ചെയ്തത്. വിഷയത്തെ വൈകാരികമാക്കുകയും സജീവമായി നിലനിര്‍ത്തുകയുമെന്ന ഗൂഢോദ്ദേശ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളത് എന്ന് ബോധ്യപ്പെടുത്തുന്ന സമീപനങ്ങളാണ് സഭയ്ക്കകത്തും പുറത്തും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സഭയ്ക്കകത്ത് ചോര വീഴ്ത്തുകയെന്ന ദുഷ്ടലക്ഷ്യവുമുണ്ടായെന്ന സംശയിക്കാവുന്നതാണ്. ലക്ഷക്കണക്കിന് വിശ്വാസികളുടെ വൈകാരികതയെ ഉത്തേജിപ്പിക്കണമെങ്കില്‍ അതുകൂടി ആവശ്യമാണെന്ന കുറുക്കന്‍ ബുദ്ധി ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതിലും തെറ്റില്ല. അതെന്തായാലും തങ്ങളെ തെരഞ്ഞെടുത്തയച്ച സമ്മതിദായകരോടും ജനാധിപത്യ സംവിധാനത്തോടുമുള്ള അവഹേളനവും ജനകീയ വിഷയങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനവുമാണ് ഇതിലൂടെ പ്രകടമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.