16 February 2025, Sunday
KSFE Galaxy Chits Banner 2

യഥാർത്ഥ സ്വാതന്ത്ര്യമെന്ന പുതിയ പുരാവൃത്തം

Janayugom Webdesk
February 3, 2025 5:00 am

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നിർവഹിച്ച ദിവസമാണ് രാജ്യത്ത് യഥാർത്ഥ സ്വാതന്ത്ര്യം സ്ഥാപിതമായതെന്ന് ആർഎസ് എസ് മേധാവി മോഹൻ ഭാഗവത് ആവർത്തിക്കുന്നു. ആർഎസ്എസ് രാജ്യത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു പുരാവൃത്തം! ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ 1857ൽ ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യസമരം മുതൽ നൂറു വർഷത്തെ പോരാട്ടത്തിനുശേഷം, 1947 ഓഗസ്റ്റ് 15ന് രാഷ്ട്രം സ്വതന്ത്രമായി. പോരാട്ടം സാർത്ഥകമാകാൻ ഒട്ടേറെ ജീവനുകൾ ബലിയർപ്പിക്കപ്പെട്ടു. വർഷങ്ങൾ ജയിലിൽ ചെലവഴിച്ചവർ എത്രയോ അധികം. രക്തത്തിലും മണ്ണിലും കുതിർന്നതായിരുന്നു ഭാരതത്തിന്റെ സ്വാതന്ത്ര്യം. പിന്നീട് രാജ്യം അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി ഒന്നായി മുന്നോട്ടുനീങ്ങി. മുഖ്യധാരയിലേക്കുള്ള യാത്രയിൽ ഓരോ ഭാരതീയനും പങ്കുണ്ടെന്ന് കാണാം; സ്വാതന്ത്ര്യ പോരാട്ടപ്രക്രിയയിൽ നിസംഗത പാലിച്ചവർക്കൊഴികെ. രാജ്യത്തിനും ജനങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പോരാട്ടങ്ങളിൽ ഹിന്ദുത്വ ശക്തികൾക്ക് യാതൊരു പങ്കുമില്ലായിരുന്നു. അവർ സാമ്രാജ്യത്വത്തെ സേവിച്ചു. ചൂഷണാത്മക ഭരണത്തിൽ വിശ്വസിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. സാമ്രാജ്യത്വത്തെ സേവിക്കാനുള്ള ആഗ്രഹത്തിൽ, സമൂഹം മുഴുവൻ അടിമകളായി തുടരണമെന്ന് ഹിന്ദുത്വ ശക്തികൾ ആഗ്രഹിച്ചു. സ്വാതന്ത്ര്യം അടിമത്തത്തിലാണെന്നും വിട്ടുവീഴ്ചയാണ് ഏറ്റവും നല്ല തന്ത്രമെന്നും എല്ലാവരും വിശ്വസിക്കണമെന്നുള്ള ഇച്ഛയോടെ അവർ പ്രയത്നിച്ചു.

1947 ഓഗസ്റ്റ് 15 യഥാർത്ഥ സ്വാതന്ത്ര്യദിനമല്ല, അത് 2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിനമെന്ന് പറയുന്ന മോഹൻ ഭാഗവത് രാജ്യത്തെ ദിവ്യാധിപത്യ സങ്കല്പങ്ങളിലേക്ക് കൊണ്ടുപോകാൻ പരിശ്രമിക്കുകയാണ്. അതിനായി വർഗീയത പ്രോത്സാഹിപ്പിക്കുന്നു. ‘മറ്റുള്ളവർക്ക്’ സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഭരണഘടനാ ആമുഖത്തെത്തന്നെ ധിക്കരിക്കുന്നു, തമസ്കരിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന് പരാമർശിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ അടിത്തൂണുകളെ നിരാകരിക്കുന്നു. സ്വാതന്ത്ര്യാനന്തര ആർഎസ്എസ് രചനകൾ, സംഘടനയുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ചരിത്രത്തെക്കുറിച്ച് എന്തുതന്നെ അവകാശപ്പെട്ടാലും, പഴയകാല രേഖകൾ വ്യക്തമാക്കുന്നത് ആ സംഘടനയുടെ അടിസ്ഥാന ലക്ഷ്യം ഹിന്ദുക്കളുടെ ബ്രിട്ടീഷ് വിരുദ്ധ സമീപനങ്ങളെ മുസ്ലിം ജനതയോടുള്ള എതിർപ്പായി മാറ്റുക എന്നതായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങളാണ് ഇന്ത്യൻ മുസ്ലിങ്ങളുടെ താല്പര്യങ്ങളെക്കാൾ കൂടുതൽ പൊരുത്തപ്പെടുന്നതെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്താനും പരിശ്രമിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ, ഈ ലക്ഷ്യം മുൻനിർത്തി ആർഎസ്എസ് പ്രയത്നിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം നടപ്പിലാക്കാനും ഇന്ത്യയുടെ മേലുള്ള നിയന്ത്രണം നിലനിർത്താനും ബ്രിട്ടീഷുകാർ ആഗ്രഹിച്ചത് ഇതിലൂടെയാണ്. ആർഎസ്എസ് കാണുന്ന ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രത്തിന്റെ ആകെത്തുകയും ഇതായിരുന്നു. ഈ പ്രത്യയശാസ്ത്ര ലക്ഷ്യമാണ് 1925ൽ രൂപം കൊണ്ട ആർഎസ്എസ് എന്ന ഹിന്ദുത്വ സംഘത്തിനു പിന്നിൽ.

ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ഹിന്ദു-മുസ്ലിം ഐക്യം എന്ന ആശയത്തെയും വെറുക്കുകയും സ്വാതന്ത്ര്യസമരത്തിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്ത ഹിന്ദു പുരുഷന്മാരുടെ വർഗീയ സ്വകാര്യ സൈന്യമാണ് ആർഎസ്എസ്. ആഭ്യന്തര ശത്രുക്കൾ എന്ന് വിളിക്കപ്പെടുന്ന മുസ്ലിങ്ങൾക്കെതിരായ പോരാട്ടത്തിനായി അംഗങ്ങളെ പരിശീലിപ്പിക്കുമെന്ന് അതിന്റെ നേതാക്കൾ അവകാശപ്പെട്ടു. ഭരണഘടനയില്ലാതെ രൂപപ്പെട്ട ആർഎസ്എസ് അതിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും പരസ്യമായി നിർവചിച്ചില്ല. എന്നിരുന്നാലും, ബ്രിട്ടീഷുകാരുടെ പിൻവാങ്ങലിനുശേഷം ഇന്ത്യയിൽ പേഷ്വാ ഭരണം സ്ഥാപിക്കാൻ സ്വപ്നം കണ്ട മഹാരാഷ്ട്ര ബ്രാഹ്മണരുടെ സംഘടനയായി ആർഎസ്എസ് കണക്കാക്കപ്പെട്ടു. മുൻ പേഷ്വമാരുടെ ഭഗവ (കാവി) പതാക ആർ എസ്എസ് സ്വീകരിച്ചത് അവരുടെ രഹസ്യ ആഗ്രഹത്തിന്റെ സൂചനയായി. ആർഎസ്എസ് ആഭിമുഖ്യം സവർണ വർഗീയ മുഖമായി. മുസ്ലിം സമുദായത്തിനെതിരായ അക്രമത്തിൽ ആർഎസ്എസിന്റെ സാന്നിധ്യവും ദേശീയ പ്രസ്ഥാനത്തിൽ അതിന്റെ പങ്കാളിത്തമില്ലായ്മയും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസമുണ്ടായിരുന്നു. 1930ൽ മഹാത്മാഗാന്ധി ഉപ്പ് സത്യഗ്രഹവും സിവിൽ നിയമലംഘന പ്രസ്ഥാനവും ആരംഭിച്ചപ്പോൾ, ആർഎസ്എസിലെ ഏതാനും യുവാക്കൾ പ്രസ്ഥാനത്തിന് ഒപ്പം ചേരാൻ ആഗ്രഹിച്ചത് അവര്‍ക്കുള്ളില്‍ സംഘട്ടനത്തിന് വഴിയായി. ബ്രിട്ടീഷുകാരുടെ നല്ല പിള്ളകളായി തുടരാനുള്ള പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്ക് വ്യക്തിപരമായി സത്യഗ്രഹത്തിൽ ചേരാമെന്നും എന്നാൽ ഒരു സംഘടന എന്ന നിലയിൽ ആർഎസ്എസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഹെഡ്ഗേവാർ ആർഎസ്എസ് ശാഖകൾക്ക് എഴുതി. എന്നാല്‍ മുസ്ലിങ്ങൾക്കെതിരായ അക്രമത്തിൽ ആർഎസ്എസിന്റെ സംഘടനാ സാന്നിധ്യം ഭ്രാന്തമായ ആവേശത്തിൽ തന്നെ പ്രകടമായിരുന്നു. 1935 ഒക്ടോബറിൽ ആർഎസ്എസിന്റെ 10-ാം വാർഷികത്തിൽ ഹെഡ്ഗേവാർ, ബ്രിട്ടീഷ് ഭരണം ‘ഈശ്വരപരിപാലനത്തിന്റെ പ്രവൃത്തി‘യാണെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ സംഘടനയുടെ അടിസ്ഥാന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു. വിശദാംശങ്ങൾ ആ ദിനങ്ങളിൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1942ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴും, ആർഎസ്എസ് ബ്രിട്ടീഷ് അനുകൂല നിലപാട് നിലനിർത്തി. സാമ്രാജ്യത്വ ശക്തിയുമായി അടുത്ത ബന്ധം തുടർന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഇന്ത്യയിലെമ്പാടും വേഗത്തിൽ വ്യാപിച്ചു. ക്വിറ്റ് ഇന്ത്യാ ഹർത്താലുകള്‍ പലതും സർക്കാർ വിരുദ്ധ കലാപങ്ങളായി മാറി. സുരക്ഷാ സേന ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചു. ഇത് കൂട്ടക്കുരുതികൾക്ക് കാരണമായി. കോൺഗ്രസ് നേതാക്കളുടെ തടവ്, രാഷ്ട്രീയത്തിൽ ശൂന്യത സൃഷ്ടിച്ചു. മുസ്ലിം വിഘടനവാദികൾക്കും ഹിന്ദു മേധാവിത്വ സംഘടനകൾക്കും രാഷ്ട്രീയത്തിൽ അതിക്രമിച്ച് കടക്കാൻ അവസരമൊരുങ്ങി. ഹിന്ദുത്വതീവ്രതയുടെ മറവിൽ മുസ്ലിങ്ങളെ അന്യരാക്കുന്ന ഇംഗ്ലീഷ് താല്പര്യം അനുയോജ്യമല്ലെന്ന് ജിന്ന പ്രഖ്യാപിച്ചു. അതിനാൽ, പാകിസ്ഥാൻ എന്ന ആവശ്യം അംഗീകരിക്കുവോളം ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിലനിർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിന്ദു മഹാസഭ ബ്രിട്ടീഷ് സർക്കാരുമായുള്ള സഹകരണത്തിൽ ഉറച്ചുനിന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ ‘ജയിൽ തേടിയുള്ള പരിഹാസ്യമായ പരിപാടി’ എന്ന് സവർക്കർ വിശേഷിപ്പിക്കുകയും ഹിന്ദുക്കളോട് അത് ബഹിഷ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആർഎസ്എസ് ഹിന്ദു മഹാസഭയുടെ നിലപാട് പിന്തുടര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.