അമേരിക്കൻ ഐക്യനാടുകൾ ഗാസ മുനമ്പ് ഏറ്റെടുത്ത് സ്വന്തമാക്കി, ആ പ്രദേശത്തെ ഒരു കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം അവിശ്വസനീയമായ അമ്പരപ്പോടും ഞെട്ടലോടുമാണ് ലോകം ശ്രവിച്ചത്. വൈറ്റ്ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഗോള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനം പ്രസിഡന്റ് ട്രംപ് നടത്തിയത്. സ്ഥാനമൊഴിയും മുമ്പ്, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സജീവ ഇടപെടലിന്റെ കൂടി ഫലമായി പശ്ചിമേഷ്യയിൽ സാധ്യമായ താല്‍ക്കാലിക വെടിനിർത്തലിനെയും സമാധാനശ്രമങ്ങളെയും അപകടത്തിലാക്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ആ പ്രഖ്യാപനമനുസരിച്ച് യുഎസ് ഗാസയിൽ നേരിട്ട് ഇടപെടുകയെന്നാൽ പലസ്തീൻ ജനതയുടെ സമ്പൂർണ വംശഹത്യയിലേക്കും പശ്ചിമേഷ്യയിൽ സമാധാന സ്ഥാപനം എന്ന ലക്ഷ്യത്തിന്റെ അട്ടിമറിയിലേക്കുമാണ് ലോകത്തെ നയിക്കുക. ട്രംപ് രണ്ടാംതവണ അധികാരമേൽക്കുന്നതിന് മുമ്പും അധികാരമേറ്റ് 15 ദിനങ്ങൾ പിന്നിടുമ്പോഴേക്കും നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും സമാധാനപൂർണമായ ലോകക്രമം എന്ന എല്ലാ സങ്കല്പങ്ങളെയും വെല്ലുവിളിക്കുന്നവയാണ്. പനാമ കനാൽ, ഗ്രീൻലാൻഡ് എന്നിവ യുഎസ് സ്വന്തമാക്കുന്നതിനെപ്പറ്റി നടത്തിയ പ്രഖ്യാപനങ്ങളും ഇപ്പോൾ ഗാസാ മുനമ്പിന്റെ ഉടമസ്ഥതയും നിയന്ത്രണവും ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനവും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യം, പരമാധികാരം തുടങ്ങിയ ആധുനിക അന്താരാഷ്ട്ര സങ്കല്പങ്ങളെ അപ്പാടെ നിരാകരിക്കുന്നതും നിലനിൽക്കുന്ന, ഇപ്പോൾത്തന്നെ ദുർബലമായ ലോകക്രമത്തെ അട്ടിമറിക്കാൻ പര്യാപ്തവുമാണ്. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ — മെഗാ) എന്ന ട്രംപിന്റെ മുദ്രാവാക്യത്തിൽ പതിയിരിക്കുന്നത് യുഎസിന്റെയോ അമേരിക്കൻ ജനതയുടെയോ മഹത്വം മാത്രമല്ല, മറിച്ച് ട്രംപിന്റെ വലതുപക്ഷ ഫാസിസ്റ്റ് സാമ്രാജ്യത്വ അതിമോഹമാണെന്ന് വ്യക്തമാവുകയാണ്.
യുഎസിന്റെയും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെയും പിന്തുണയോടെ ഇസ്രയേൽ കയ്യടക്കി വച്ചിരിക്കുന്ന ഭൂപ്രദേശമാകെ പലസ്തീൻ ജനതയുടെ പിതൃഭൂമിയാണ്. ആ ജനതയെയാണ് നിരന്തരവും മനുഷ്യത്വരഹിതവുമായ അതിക്രമങ്ങളിലൂടെ ഗാസാ മുനമ്പിലേക്കും ഗലീലിയുടെ പശ്ചിമതീരത്തേക്കും ഒതുക്കിയത്. ദശലക്ഷങ്ങളുടെ നിർബന്ധിത പലായനത്തിലൂടെയും പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്തുമാണ് ഇസ്രയേൽ എന്ന ജൂതരാഷ്ട്രം പശ്ചിമേഷ്യയിൽ അടിച്ചേല്പിക്കപ്പെട്ടത്. അവശേഷിക്കുന്ന പലസ്തീൻ ജനതയെക്കൂടി വംശീയ ഉന്മൂലനത്തിലൂടെയോ അവരുടെ പിതൃഭൂമിയിൽനിന്നും ആട്ടിപ്പായിച്ചോ ഇസ്രയേൽ രാഷ്ട്രത്തെ പശ്ചിമേഷ്യയിലെ യുഎസ് സാമ്രാജ്യത്തിന്റെ ഔട്ട് പോസ്റ്റാക്കി നിലനിർത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. പലസ്തീൻ ജനതയെ അയൽ രാജ്യങ്ങളായ സിറിയ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ കുടിയിരുത്തി ഗാസയിൽ സമാധാനം സ്ഥാപിക്കുകയെന്ന ഭ്രാന്തമായ ആശയവും ട്രംപ് ഇതിനോടകം ഉന്നയിക്കുകയുണ്ടായി. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിന്റെ പേരിൽ സൗദി അറേബ്യ, ഇറാൻ, യുഎഇ അടക്കം ഗൾഫ് രാഷ്ട്രങ്ങൾ എന്നിവയുടെമേൽ സമ്മർദം ചെലുത്താനും ട്രംപ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇസ്രയേൽ, പലസ്തീൻ ജനതകളുടെ രണ്ട് പരമാധികാര രാഷ്ട്രങ്ങളുടെ സ്ഥാപനത്തിലൂടെയേ പശ്ചിമേഷ്യയിൽ സമാധാന സ്ഥാപനം സാധ്യമാകൂ എന്ന ഐക്യരാഷ്ട്ര സഭയുടെയും ലോകരാഷ്ട്രങ്ങളുടെയും സുചിന്തിതവും പ്രായോഗികവുമായ നിലപാടുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇസ്രയേലിനെയും നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സയണിസ്റ്റ് രാഷ്ട്രീയത്തെയും സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും വഴിവിട്ടും പിന്തുണയ്ക്കുമ്പോഴും ഐക്യരാഷ്ട്ര സഭയുടെ ദ്വിരാഷ്ട്ര പരിഹാരത്തെ പുറമേയെങ്കിലും പിന്തുണച്ചിരുന്ന മുൻ യുഎസ് ഭരണകൂടങ്ങളുടെ പ്രഖ്യാപിത നിലപാടുകളിൽ നിന്നുമുള്ള പിന്മാറലാണ് ട്രംപ് നടത്തിയിരിക്കുന്നത്.
ഗാസയെ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനം ഒറ്റപ്പെട്ട ഒന്നല്ല. അധികാരമേൽക്കും മുമ്പേ അയൽരാഷ്ട്രമായ കാനഡയെ യുഎസിന്റെ 51-ാമത് സംസ്ഥാനമായി വിശേഷിപ്പിക്കാനും ആ രാജ്യത്തെ യുഎസിന്റെ ഭാഗമായി ഭൂപടത്തിൽ ചിത്രീകരിക്കാനും മുതിർന്ന രാഷ്ട്രീയ അവിവേകത്തിന്റെ ആൾരൂപമാണ് ട്രംപ്. കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള ഇറക്കുമതി, തീരുവ ഗണ്യമായി ഉയർത്തി വ്യാപാരയുദ്ധത്തിന്റെ ആഗോള അന്തരീക്ഷം ട്രംപ് ഭരണകൂടം ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനായിരിക്കും വ്യാപാരയുദ്ധത്തിന്റെ അടുത്ത ലക്ഷ്യമെന്നും ട്രംപ് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യക്കെതിരെയും സമാനമായ ഭീഷണി ഉയർത്തിയിട്ടുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ബ്രിക്സ് കൂട്ടായ്മയ്ക്കും അവർ മുന്നോട്ടുവയ്ക്കുന്ന ബദൽ ആഗോള സാമ്പത്തിക പദ്ധതികൾക്കെതിരെയും ട്രംപ് യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ട്രംപ് പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയം യുഎസിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒരു പ്രവണതയോ പ്രതിഭാസമോ ആയിരിക്കില്ല എന്നാണ് വ്യക്തമാകുന്നത്. ലോകരാഷ്ട്രങ്ങൾ പലതും ട്രംപിന്റെ ഗാസയെ സംബന്ധിച്ച പ്രഖ്യാപനത്തെ അപലപിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. അവയിൽ പലതും യുഎസിന്റെ പ്രഖ്യാപിത സഖ്യശക്തികളാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും വിലമതിക്കുന്ന ഒരു ജനതയുടെ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികരണത്തിനായി ജനങ്ങൾ കാതോർക്കുകയാണ്. ഒരുപക്ഷെ മഹാകുംഭത്തിന്റെയും ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിന്റെയും തിരക്കിനു ശേഷം, തന്റെ ഉറ്റ ചങ്ങാതിയുടെ പ്രഖ്യാപനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.