നരേന്ദ്രമോഡി സർക്കാരിന്റെ ധനകാര്യ കൈകാര്യകർതൃത്വം രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു മാത്രമല്ല സാമ്പത്തിക അരാജകത്വത്തിലേയ്ക്കും നയിച്ചിരിക്കുന്നു. പല ധനകാര്യ സ്ഥാപനങ്ങളും ഗുരുതരമായ ക്രമക്കേടുകളുടെയും കുംഭകോണങ്ങളുടെയും ഇടമായി മാറിയെന്നതിന് നിരവധി ഉദാഹരണങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. അതിൽ അവസാനത്തേതാണ് സ്വകാര്യ മേഖലയിലെ പ്രമുഖമായ യെസ് ബാങ്കുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന സമീപകാല സംഭവവികാസങ്ങൾ. കേവലം ഒരു സ്വകാര്യ ബാങ്കിന്റെ തകർച്ചയോ റിസർവ്വ് ബാങ്ക് ഏറ്റെടുക്കലോ അല്ല നടന്നിരിക്കുന്നതെന്നാണ് യെസ് ബാങ്കുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വായിച്ചെടുക്കേണ്ടത്. അഞ്ചുവർഷത്തിനിടെ കോർപ്പറേറ്റുകൾ വൻതുകകൾ വായ്പയായി തരപ്പെടുത്തി. ഈ സ്ഥാപനങ്ങളിൽ പലതും നേരത്തേ എടുത്ത ഭീമമായ വായ്പകൾ കുടിശിക വരുത്തിയവരാണ്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ, ഐഎൽ ആന്റ് എഫ്എസ്, വോഡഫോൺ, ദീവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്നിവർ ഈ പട്ടികയിലുണ്ട്. എന്നിട്ടും അവർക്കുതന്നെ വായ്പ നല്കുന്നതിന് പിന്നിൽ ബാങ്ക് മാനേജ്മെന്റിന്റെ കൈകൾ മാത്രമാണുള്ളതെന്ന് വിശ്വസിക്കുക പ്രയാസമാണ്. അഞ്ചുവർഷത്തിനിടെ വായ്പാ നിരക്കിൽ 400 ശതമാനത്തിന്റെ വർധനയാണ് യെസ് ബാങ്കിലുണ്ടായത്. 2014ൽ വായ്പ 55,000 കോടി രൂപയായിരുന്നുവെങ്കിൽ 2019ൽ 2,41,000 കോടി രൂപയായി. 2017 മാർച്ച് 31നും 2019 മാർച്ച് 31 നുമിടയിലുള്ള കാലയളവിൽ 80 ശതമാനമാണ് വായ്പാ തോത് ഉയർന്നത്. നോട്ടുനിരോധനവും ചരക്കുസേവന നികുതിയും നടപ്പിലായ കാലയളവായിരുന്നു ഇത്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഈ രണ്ടു സാമ്പത്തിക നടപടികളുടെയും പ്രത്യാഘാതത്തിൽ നിന്ന് രക്ഷ നേടുന്നതിന് പൊതു — സ്വകാര്യ ബാങ്കുകൾ ഉപയോഗിക്കപ്പെട്ടുവെന്ന് വേണം അനുമാനിക്കേണ്ടത്. ഇത് ബാങ്ക് മേധാവികളുടെയോ ജീവനക്കാരുടെയോ മാത്രം താൽപര്യപ്രകാരമാണെന്ന് കരുതാനുമാവില്ല. നിക്ഷേപത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടും വായ്പ അനുവദിക്കണമെങ്കിൽ റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. അത്തരം നടപടിക്രമങ്ങൾ ബാങ്കുകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം നിർവ്വഹിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
മറ്റൊരു പ്രധാനവിഷയം സെപ്റ്റംബറിൽ തന്നെ ഗുരുതരമായൊരു തകർച്ചയിലേയ്ക്ക് പോകുന്നുവെന്ന് റിസർവ് ബാങ്കിന് സൂചനകൾ ലഭിച്ചിരുന്നുവെന്നതാണ്. മതിയായ നടപടികളെടുക്കാൻ ശ്രമിക്കുന്നതിന് പകരം വേണ്ടപ്പെട്ടവരുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ അവസരം നല്കുകയാണ് ചെയ്തത്. ബാങ്കിന്റെ തകർച്ച മുൻകൂട്ടി വിവരം കിട്ടിയ ചില സ്ഥാപനങ്ങൾ വൻ നിക്ഷേപങ്ങൾ പിൻവലിക്കുകയും മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റി സുരക്ഷിതമാക്കുകയും ചെയ്തു. പ്രസ്തുത സ്ഥാപനങ്ങൾ ബിജെപി — ആർഎസ്എസ് എന്നിവയുമായി ബന്ധപ്പെട്ടവയാണെന്നത് യാദൃച്ഛികമല്ല. ഇവിടെയാണ് യെസ് ബാങ്ക് കുംഭകോണം കേന്ദ്രത്തോളം നീളുന്നുവെന്ന സംശയം ഉയർത്തുന്നത്. കേന്ദ്ര നടപടികളെ സംശയാസ്പദമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. ധൃതി പിടിച്ച് റിസർവ്വ് ബാങ്കിനെക്കൊണ്ട് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതും ഏറ്റെടുക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളായ എസ്ബിഐ, എൽഐസി എന്നിവയെ സന്നദ്ധമാക്കിയതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. നഷ്ടത്തിലാണെന്ന് പറഞ്ഞ് പൊതുമേഖലാ സംരംഭങ്ങൾ വിൽപനയ്ക്കുവച്ച കേന്ദ്രസർക്കാരാണ് പൊളിഞ്ഞുപോകുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ രംഗത്തിറങ്ങുന്നതെന്നതിൽ വൈരുദ്ധ്യവുമുണ്ട്.
ഒന്നര വർഷം മുമ്പാണ് യെസ് ബാങ്കിന് സമാനമായി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്റ് എഫ്‌എസ്) എന്ന സ്ഥാപനം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേന്ദ്ര പൊതുമേഖലയില്‍ സ്ഥാപിതമായതും പിന്നീട് ഓഹരികള്‍ വിദേശ — ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതുമായ ധനകാര്യ സംരംഭമായിരുന്നു ഇത്. ഈ സ്ഥാപനം 91,000 കോടി രൂപയുടെ കടബാധ്യതയുള്ളതായിരുന്നു. ഇപ്പോഴും ആ സ്ഥാപനത്തെ നേരെയാക്കാൻ കേന്ദ്രത്തിനോ അന്ന് നിയോഗിക്കപ്പെട്ട ഭരണസമിതിക്കോ സാധ്യമായിട്ടില്ല. സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ വളരെ ആഴത്തിലുള്ളതാണെന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ ആരെയൊക്കെയോ രക്ഷിക്കാനും ആരുടെയൊക്കെയോ നിക്ഷേപങ്ങൾ സംരക്ഷിക്കാനുമായിരുന്നു ഐഎല്‍ ആന്‍ഡ് എഫ്‌എസ് ഏറ്റെടുക്കലെന്ന ആരോപണം അംഗീകരിക്കപ്പെടുകയാണ്. ഇതിന് സമാനമായി തന്നെയാണ് യെസ് ബാങ്കിന്റെ ഏറ്റെടുക്കലുമുണ്ടായിരിക്കുന്നത്.
നോട്ടുനിരോധനവും ധൃതി പിടിച്ചുള്ള ചരക്കു സേവന നികുതി നടപ്പിലാക്കലും നികുതി പിരിവിലെ അലംഭാവവുമെല്ലാം കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെ തെളിവുകളായി നമ്മുടെ മുന്നിൽ നിൽക്കുന്നുണ്ട്. ഇതെല്ലാം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ സൃഷ്ടിയായാണ് സാമ്പത്തിക അരാജകത്വവും വ്യാപകമായത്. അതിനാൽ ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുമുള്ളതാണ്. കൂടാതെ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഫലമായി സ്വകാര്യമേഖലാ ബാങ്കുകൾ ആരംഭിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും ഈ സംഭവവികാസങ്ങൾ അടിവരയിടുന്നുണ്ട്.
English SUmmary:janayugom editorial-economic anarchy is the creation of the Modi government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.