25 April 2024, Thursday

ഇന്ത്യക്കാരെ രക്ഷിക്കുക: യുദ്ധത്തിന് അറുതിവരുത്താൻ ഇടപെടുക

Janayugom Webdesk
March 2, 2022 5:00 am

ഉക്രെയ്‌നിലെ യുദ്ധഭൂമിയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത് അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ അടക്കം ഇന്ത്യക്കാരുടെ കുടുംബങ്ങൾ ഞെട്ടലോടെ ആയിരിക്കും ശ്രവിച്ചിട്ടുണ്ടാവുക. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. നാല് കേന്ദ്രമന്ത്രിമാർ അടക്കം വിദേശ മന്ത്രാലയത്തിലെയും ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലെയും ഉദ്യോഗസ്ഥർ ദൗത്യത്തിൽ വ്യാപൃതരാണ്. സമയോചിതമായ ഇടപെടൽ നടത്തിയിരുന്നു എങ്കിൽ രക്ഷപ്പെടുത്താവുന്ന വിലപ്പെട്ട ഒരു ജീവനാണ് രാഷ്ട്രത്തിനും കുടുംബത്തിനും നഷ്ടമായത്. യുദ്ധത്തിന്റെ ഇരുവശത്തുമുള്ളവരുമായി മികച്ച ബന്ധം പുലർത്തിപ്പോരുന്ന രാജ്യം എന്നനിലയിൽ യഥാസമയം യുദ്ധസാധ്യതയെപ്പറ്റി വിവരസമാഹരണം നടത്തുന്നതിലും അവസരോചിതമായി നയതന്ത്ര ഇടപെടൽ നടത്തുന്നതിലും മോഡി ഭരണകൂടത്തിന് വീഴ്ച സംഭവിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനപുനഃസ്ഥാപനത്തിനും ഇനിയും സമയമെടുത്തേക്കും എന്നിരിക്കെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടേണ്ടതുണ്ട്. കർകീവ് അടക്കമുള്ള നഗരങ്ങളിൽ യുദ്ധം തീവ്രതയോടെ തുടരുന്ന സാഹചര്യത്തിൽ റഷ്യവഴിയേ ആ മേഖലയിലുള്ളവരെ ഒഴിപ്പിക്കാനാവൂ. മൂവായിരത്തോളം മലയാളി വിദ്യാർത്ഥികളാണ് ഇപ്പോൾ ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. റഷ്യയുമായി പ്രത്യേക ബന്ധം ഈ അവസരത്തിൽ പ്രയോജനപ്പെടുത്താൻ ഇന്ത്യക്കു കഴിയണം.

 


ഇതുകൂടി വായിക്കാം; കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും


ലോകത്തെ രണ്ടാമത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യം, വളർന്നുവരുന്ന സാമ്പത്തികശക്തി തുടങ്ങിയ നിലകളിൽ ലോകം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഫലപ്രദമായി ഇടപെടൽ നടത്തുന്നതിന് ഇന്ത്യക്ക് എന്തുകൊണ്ട് കഴിയുന്നില്ല. സോവിയറ്റാനന്തര ഏകധ്രുവ ലോകത്തിന്റെ സവിശേഷതകളെ പ്രയോജനപ്പെടുത്തുന്നതിലുണ്ടായ പരാജയത്തിന്റെ അനന്തരഫലമാണ് അത്. ബ്രിക്സ് അടക്കം സാമ്പത്തിക, രാഷ്ട്രീയ കൂട്ടുകെട്ടുകളെ അതിന്റെ യുക്തിഭദ്രമായ തലത്തിലേക്ക് ഉയർത്തുന്നതിൽ നമ്മുടെ ഭരണ‑രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു. വൻശക്തികൾക്കിടയിൽ സന്തുലിത രാഷ്ട്രീയശക്തിയായി ചേരിചേരാ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതിനും നമുക്ക് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിലുടനീളം യുഎസിന്റെ ഇടപാട് കക്ഷി മാത്രമായി മാറുന്നതിനുള്ള വ്യഗ്രതയാണ് ഇന്ത്യ പ്രകടിപ്പിച്ചത്. യുഎസും യുകെയും ഓസ്ട്രേലിയയും ജപ്പാനും ഉൾപ്പെട്ട കൂട്ടുകെട്ടിലേക്കുള്ള ചാഞ്ചാട്ടം ഇന്ത്യ‑റഷ്യ ബന്ധങ്ങളിലും വിള്ളൽ വീഴ്ത്തി. ആയുധക്കച്ചവടത്തിൽ പങ്കാളി എന്നതിൽ അപ്പുറമുള്ള സവിശേഷതയും ഉഭയകക്ഷി ബന്ധത്തിൽ നഷ്ടമായി.


ഇതുകൂടി വായിക്കാം; യുദ്ധ വെറി: ചേരിചേരാനയം സ്വീകരിക്കാം; പക്ഷെ കീഴടങ്ങില്ല


 

ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടിനുപോലും അർഹിക്കുന്ന അംഗീകാരം നേടിയെടുക്കാൻ നമുക്ക് കഴിയാതെപോയി. യുഎസിനെയും റഷ്യയെയും നയിക്കുന്നത് അവരുടെ നിക്ഷിപ്ത മൂലധന, ദേശീയ താല്പര്യങ്ങളാണ്. അത് ലോകത്തെ വിനാശകരമായ ദിശയിലേക്കു നയിക്കാതിരിക്കാനും ഇന്ത്യയുടെ സാമ്പത്തികവും സുരക്ഷാപരവുമായ താല്പര്യങ്ങൾ സംരക്ഷിക്കാനും പുതിയ ലോകാന്തരീക്ഷം നമ്മെ നിർബന്ധിതമാക്കുന്നു. യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കം ഇന്ത്യക്കാരെ സുരക്ഷിതരായി ജന്മനാട്ടിൽ തിരികെ എത്തിക്കുക എന്നതും വിനാശകരമായ യുദ്ധത്തിന് അറുതിവരുത്തുക എന്നതുമാണ് ഒരു രാഷ്ട്രം എന്ന നിലയിൽ അടിയന്തരകടമ. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം സമ്പദ്ഘടനയിൽ ഇപ്പോൾത്തന്നെ ദൃശ്യമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്തുവരുന്നതോടെ ജനങ്ങളെ കാത്തിരിക്കുന്ന ഇന്ധനവിലയടക്കം സാമ്പത്തികഭാരം അചിന്ത്യമാണ്. അതുകൊണ്ടുതന്നെ യുദ്ധത്തിന് അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കുക എന്നതുതന്നെ ആയിരിക്കണം ഭരണകൂടത്തിന്റെയും ജനങ്ങളുടെയും മുന്തിയ പരിഗണന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.