7 December 2024, Saturday
KSFE Galaxy Chits Banner 2

ഉറുഗ്വേ നല്‍കുന്ന പ്രതീക്ഷ

Janayugom Webdesk
November 28, 2024 5:00 am

തീവ്ര വലതുപക്ഷ നയങ്ങളുടെ കാര്‍മ്മികനും അരാജകത്വത്തിന്റെ ഉപജ്ഞാതാവുമായ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി വിജയിച്ചതിന്റെ ആശങ്കയില്‍ നില്‍ക്കേയാണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയമുണ്ടായിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഭരണ സഖ്യത്തെ പരാജയപ്പെടുത്തിയാണ് വിശാല സഖ്യം സ്ഥാനാര്‍ത്ഥി യമാൻഡൂ ഒർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുൻ ചരിത്രാധ്യാപകനും വിശാലസഖ്യത്തിന്റെ പേരിൽ രണ്ട് തവണ മേയറുമായി പ്രവർത്തിച്ച നേതാവാണ് ഒർസി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തന്നെ ജനപ്രിയനായി മാറിയ ഒർസി അന്തിമ ഘട്ടത്തിൽ 49.77 ശതമാനം വോട്ടാണ് നേടിയത്. മുഖ്യ എതിരാളി അൽവാരോ ഡെൽഗാഡോക്ക് 45.94 ശതമാനമാണ് ലഭിച്ചത്. ഒക്ടോബറിൽ നടന്ന ആദ്യഘട്ടത്തിൽ ഒർസിക്ക് 44 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ എതിരാളി ഡെൽഗാഡോയ്ക്ക് 27 ശതമാനവും. മറ്റൊരു യാഥാസ്ഥിതിക പാർട്ടിയായ കൊളറാഡോ പാർട്ടി 20 ശതമാനം വോട്ട് നേടിയതാണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നയിച്ചത്. 2004 മുതൽ 2014വരെ മൂന്ന് തവണയായി ഉറുഗ്വേയുടെ പ്രസിഡന്റ് പദവി അലങ്കരിച്ച സഖ്യമാണ് ബ്രോഡ് ഫ്രണ്ട് എന്നറിയപ്പെടുന്ന വിശാല സഖ്യം. 2004ലും 14ലും തബരേ വാക്വീസും 2009ൽ ജോസ് മുജിക്കയും സഖ്യത്തിന്‌ വേണ്ടി രാജ്യത്തിന്റെ പ്രസിഡന്റായി. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ നാഷണൽ പാർട്ടിയുടെ ലുയീസ് ലകാൽപോ പ്രസിഡന്റായി. വിശാല സഖ്യത്തിന്റെ ഡാനിയേൽ മാർട്ടിനെസിനെതിരെ 50.79 ശതമാനം വോട്ടുകൾ നേടിയാണ് ലകാൽപോ പ്ര­സിഡന്റ് പദത്തിലെത്തിയത്. പക്ഷേ ഒരു തവണയുള്ള ഭരണംകൊണ്ടുതന്നെ നാഷണൽ പാർട്ടിയെ ജനം വെറുത്തുവെന്നാണ് ഇത്തവണത്തെ ഫലം വ്യക്തമാക്കുന്നത്. 

അഞ്ചുവര്‍ഷത്തെ ഭരണത്തിനിടെ നിലവിലെ പ്രസിഡന്റ് ലകാൽ പോ നടപ്പിലാക്കിയ ചില പരിഷ്കരണങ്ങള്‍ പടിഞ്ഞാറന്‍ സാമ്പത്തിക വിദഗ്ധരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. പെന്‍ഷന്‍, വിരമിക്കല്‍, വിദ്യാഭ്യാസ രംഗം എന്നിവയിലായിരുന്നു പ്രസ്തുത പരിഷ്കാരങ്ങള്‍. പക്ഷേ ജനകീയ പ്രശ്നങ്ങളും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയുടെ പരാജയത്തിന് കാരണമായത്. പ്രമുഖ നഗര മേഖലകളില്‍ നേരിട്ട ജലക്ഷാമവും തൊഴില്‍ മേഖലയിലെ പ്രതിസന്ധികളും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളും ജീവിതച്ചെലവിലെ വര്‍ധനയുമെല്ലാം ചര്‍ച്ചാ വിഷയമായി. അസമത്വവും കുറ്റകൃത്യങ്ങളും ഉറുഗ്വേക്കാരുടെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പ്രചരണ വിഷയമായ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍, അഞ്ച് വര്‍ഷം മുമ്പ് വരെ 15 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റ് പദമലങ്കരിച്ച വിശാല സഖ്യത്തിന്റെ പ്രതിനിധിയെ ജയിപ്പിക്കുകയായിരുന്നു. ചക്രവാളം തെളിച്ചമുള്ളതാണെന്നാണ് തന്റെ വിജയത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ഓർസി പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം വേണമെന്ന ജനാഭിലാഷമാണ് ഒരിക്കൽക്കൂടി വിജയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. 

ലോകത്താകെയുള്ള പുരോഗമന — ഇടതുപക്ഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്നതാണ് ഉറുഗ്വേയിലെ വിജയം. ലാറ്റിനമേരിക്കന്‍ ഇടതുഭരണത്തിന്റെ എണ്ണം കുറയുന്നുവെന്ന വലതുപക്ഷ കണക്കുകളില്‍ 2019ല്‍ ഉറുഗ്വേയിലെ വിശാല സഖ്യത്തിന്റെ പരാജയവുമുണ്ടായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് ആ ജനത തങ്ങളുടെ തെറ്റ് തിരുത്തിയിരിക്കുന്നു. എണ്ണം കുറവാണെങ്കിലും ലാറ്റിനമേരിക്കയിലെ ഇടതുസഖ്യം യുഎസ് സാമ്രാജ്യത്തിന്റെ കണ്ണിലെ കരടായി എക്കാലവും നിലയുറപ്പിക്കാറുണ്ട്. സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ ബ്രസീലും ക്യൂബയുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്വത്തില്‍ ആ രാജ്യങ്ങള്‍ മുതലാളിത്തത്തില്‍ നിന്ന് വേറിട്ട പാത സ്വീകരിച്ചിട്ടുണ്ട്. ആ പട്ടികയില്‍ ഉറുഗ്വേ വീണ്ടും ചേരുകയാണ്. പക്ഷേ വെറിയും വിദ്വേഷവും പൂണ്ട യുഎസും സഖ്യ രാഷ്ട്രങ്ങളും ലാറ്റിനമേരിക്കയിലെ ഈ സര്‍ക്കാരുകളെ നിരന്തരം അലോസരപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഒരുപോലെ ആവശ്യപ്പെട്ടിട്ടും ക്യൂബയ്ക്കെതിരായ ഉപരോധമുള്‍പ്പെടെ ഒന്നിലും മാറ്റം വരുത്തുവാന്‍ അവര്‍ തയ്യാറാകുന്നില്ല. പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ പലവിധത്തിലുള്ള ദ്രോഹ നടപടികളും ഭീഷണികളും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ ഉറുഗ്വേയുടെ ഇടതാഭിമുഖ്യം ആ രാജ്യത്തിനെതിരായ നടപടികള്‍ക്ക് അമേരിക്കയെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഒര്‍സിയുടെ നേതൃത്വത്തിലുള്ള ഉറുഗ്വേയ്ക്ക് ലോകത്താകയുള്ള ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.