19 April 2024, Friday

നീതി തേടുന്ന ഇരകള്‍

Janayugom Webdesk
August 19, 2022 5:00 am

സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാക്കി മാറ്റിയ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയും പീഡനക്കേസില്‍ ഇരയായ സ്ത്രീക്കെതിരെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ് കൃഷ്ണകുമാര്‍ നടത്തിയ വ്യക്തിഹത്യാ പരാമര്‍ശവും വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ക്ഷണിച്ചുവരുത്തുന്നവയാണ്. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങളാല്‍ വിട്ടയച്ചവര്‍ വെറും ബലാത്സംഗക്കേസിലെ പ്രതികള്‍ മാത്രമായിരുന്നില്ല. ഗര്‍ഭിണിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളായ ഒരു ഡസനോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത കൊടും കുറ്റവാളികളായിരുന്നു. നരേന്ദ്രമോഡിക്ക് ഗുജറാത്തിലെ അധികാരമുറപ്പിക്കുന്നതിനും പിന്നീട് കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിനും വഴിപാകിയ നിരവധി കലാപക്കേസുകളില്‍ ഒന്നായിരുന്നു ബില്‍ക്കീസ് ബാനു കേസ്. 2002ല്‍ നടന്ന വ്യാപക കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരുടെ ചോരയും മാംസവും കൊണ്ടാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ അടിത്തറ ഉറപ്പിച്ചത്. 2002 ഫെബ്രുവരിയില്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് ദുരൂഹ സാഹചര്യത്തില്‍ തീവച്ചുകൊണ്ട് ആരംഭിച്ച കലാപ പരമ്പരയുടെ ഭാഗമായാണ് ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗത്തിനിരയാകുന്നത്.

സംസ്ഥാന വ്യാപകമായി ഹിന്ദുത്വ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന കലാപങ്ങളുടെ തുടര്‍ച്ചയായി 2002 മാര്‍ച്ച് മൂന്നിനാണ് അഹമ്മദാബാദിനടുത്ത് രംധിക്പുര്‍ ഗ്രാമത്തില്‍ വടിവാളുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമിക്കൂട്ടം ഗര്‍ഭിണിയായ ബാനുവിനെ കാമാര്‍ത്തരായി പിച്ചിച്ചീന്തിയത്. ഇരയുടെ പരിവേഷം ഉപേക്ഷിച്ച് അതിജീവിതയായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കാെപ്പം ബില്‍ക്കീസ് ബാനു നടത്തിയ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികളില്‍ ചിലരെങ്കിലും ശിക്ഷിക്കപ്പെടുന്നത്. ബാനു നല്കിയ പരാതി ഒരു വര്‍ഷത്തിനു ശേഷം തെളിവുകളില്ലെന്ന് പറഞ്ഞ് ഗുജറാത്ത് പൊലീസ് തള്ളിയതായിരുന്നു. തുടര്‍ന്ന് ബാനുവും മനുഷ്യാവകാശ സംഘടനകളും പരമോന്നത കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിനുള്ള വിധി സമ്പാദിക്കുകയായിരുന്നു. സംഭവം നടന്ന് ഒന്നേമുക്കാല്‍ വര്‍ഷത്തിനുശേഷം പരാതിയില്‍ പറഞ്ഞ പ്രതികളെ തെളിവുകള്‍ സമാഹരിച്ച ശേഷം 2004 ജനുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയില്ലെന്നതിനാലാണ് സിബിഐയെ സ്വാധീനിക്കുവാന്‍ സാധിക്കാതെ പോയതും പ്രതികള്‍ പിടിയിലാകുന്നതും. എങ്കിലും ജഡ്ജിമാരെ സ്വാധീനിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരമോന്നത കോടതിയുടെ നിര്‍ദ്ദേശാനുസരണം വിചാരണ മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടും നിയമ പോരാട്ടം തുടര്‍ന്ന് 2017 ഡിസംബറിലാണ് പ്രതി കളുടെ ജീവപര്യന്തം തടവ് ശരിവച്ചുകൊണ്ടുള്ള അന്തിമ വിധി ബോംബെ ഹൈക്കോടതി പുറപ്പെടുവിക്കുന്നത്.

 


ഇതുകൂടി വായിക്കു; ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കാം | Janayugom Editorial


സമകാലിക ഭാരത ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരമായ ബലാത്സംഗവും കൊലപാതകവുമായിരുന്നു ഈ കേസിലുണ്ടായത്. പ്രസ്തുത പ്രതികളെയാണ് സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പേരില്‍ വിട്ടയച്ചിരിക്കുന്നത്. നഷ്ടപരിഹാരമുള്‍പ്പെടെ കോടതി വിധിയനുസരിച്ചുള്ള പല കാര്യവും നടപ്പിലാക്കാതെയാണ് പ്രതികളെ നിരുപാധികം വിട്ടയച്ചിരിക്കുന്നതെന്നത് ഗുജറാത്ത് സര്‍ക്കാര്‍ കാട്ടിയ കൊടും ക്രൂരതയാണ്. ബില്‍ക്കീസ് ബാനുവിന്റെ കേസില്‍ നിന്ന് കോഴിക്കോട്ടെ ജഡ്ജിയുടെ പരാമര്‍ശങ്ങളിലേക്ക് എത്തുമ്പോള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയാണ് സാധാരണക്കാര്‍ക്കുണ്ടാകുന്നത്.

ലൈംഗികാകർഷണമുണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചതുവഴി ലൈംഗിക പീഡനമെന്ന പരാതി നിലനില്ക്കില്ലെന്ന വിചിത്രവാദമാണ് കുറ്റാരോപിതന് ജാമ്യം നല്കുന്നതിനുള്ള കാരണമായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ് കൃഷ്ണകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യാ കേസ് നിലനില്ക്കില്ലെന്നുമാണ് ജഡ്ജിയുടെ കണ്ടുപിടിത്തം. ഇരയെ കുറ്റപ്പെടുത്തുകയും വസ്ത്രധാരണം പോലുള്ള വ്യക്തിപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത ജഡ്ജിയുടെ നടപടി ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്നത് കൗതുകകരമായ ചോദ്യമാണ്. കുറ്റാരോപിതനായ സിവിക് ചന്ദ്രന്റെ ശാരീരികാവസ്ഥ വിലയിരുത്തിയ ജഡ്ജി ശാരീരികവും മാനസികവുമായി ഇര നേരിട്ട അവശതകളെ കണ്ടതേയില്ല. ഏതായാലും വ്യാജപരാതി നല്കിയെന്ന കുറ്റം പരാതിക്കാരിക്കെതിരെ ചുമത്താതിരുന്നത് ഭാഗ്യമെന്നു വേണം കരുതുവാന്‍. യഥാര്‍ത്ഥത്തില്‍ ഗുജറാത്തിലെ സര്‍ക്കാരും ഇവിടെയൊരു ജഡ്ജിയും നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുകയാണ് ചെയ്തിരിക്കുന്നത്. നീതിപീഠം ശിക്ഷിച്ച കുറ്റവാളികളെ വെറുതെവിട്ട് ഗുജറാത്തിലെ ബിജെപി സര്‍ക്കാരും വിചാരണ പോലും നടക്കാതെ കുറ്റവിമുക്തനാക്കിയെന്നതുപോലെ ജാമ്യത്തില്‍ വിടുകയും ഇരയെ കുറ്റപ്പെടുത്തുകയും ചെയ്ത കോഴിക്കോട്ടെ ജഡ്ജിയും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.