മണിപ്പൂരിൽ കഴിഞ്ഞ രണ്ടുവർഷത്തോളമായി തുടരുന്ന വംശീയവും മതപരവുമായ കലാപാന്തരീക്ഷത്തിന് ശമനമുണ്ടാക്കാൻ കഴിയുന്ന ഏതെങ്കിലും മൂർത്തമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര ബിജെപി സർക്കാരും ആഭ്യന്തര മന്ത്രാലയവും തികഞ്ഞ പരാജയമാണെന്നാണ് സമീപ ദിവസങ്ങളിൽ അവിടെ അരങ്ങേറിയ അക്രമസംഭവങ്ങളും തുടരുന്ന സംഘർഷാന്തരീക്ഷവും വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ രണ്ട് ദേശീയപാതകളിൽ വാഹനങ്ങളുടെ സ്വതന്ത്ര നീക്കം ഉറപ്പുവരുത്തണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശമാണ് കുക്കി-സോ വംശജരുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാങ്പൊക്പിയിൽ ഒരാളുടെ മരണത്തിനും നാല്പതിലധികം പേരുടെ പരിക്കിനും ഇടയാക്കിയ ജനങ്ങളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശങ്ങൾക്കോ നടപടികൾക്കോ പരിഹരിക്കാൻ കഴിയാത്തവിധം വിരുദ്ധ ധ്രുവങ്ങളിലാണ് ജനങ്ങൾ എന്നാണ് സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഫെബ്രുവരി ഒമ്പതിലെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിവഴി, പരിഹരിക്കാൻ പറ്റാത്തവിധം രാഷ്ട്രീയമായും വംശീയമായും മതപരമായുമുള്ള ജനങ്ങൾക്കിടയിലെ വിദ്വേഷവും ഭിന്നതയും മൂർച്ഛിച്ചിരുന്നു. അതിന്റെ മുഖ്യ സൂത്രധാരനും പ്രകോപന കേന്ദ്രവുമായിരുന്ന ബിരേൻ സിങ്ങിനെ ഇരുപത് മാസത്തിലേറെ അധികാരത്തിൽ തുടരാൻ അനുവദിച്ചതിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ കൈകഴുകാനാവില്ല. വസ്തുതകൾ സുപ്രീം കോടതിക്കുകൂടി ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ബിരേനെ കയ്യൊഴിയാൻ നിർബന്ധിതമായത്.
ബിരേൻ സിങ്ങിന്റെ രാജിയെത്തുടർന്ന് മറ്റൊരു ബിജെപി നേതാവിനെ പകരം തെരഞ്ഞെടുത്ത് മുഖ്യമന്ത്രി പദത്തിൽ അവരോധിക്കാൻ കഴിയാത്തവിധം ആ പാർട്ടിക്കുള്ളിലെ അന്തഃഛിദ്രം രൂക്ഷമായതാണ് മണിപ്പൂരിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്താൻ കേന്ദ്ര നേതൃത്വത്തെ നിർബന്ധിതമാക്കിയത്. സംസ്ഥാനത്തെ അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനോ സമാധാനപൂർണമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനോ ഗവർണർക്കും കേന്ദ്രഭരണത്തിനും തുടർന്ന് കഴിഞ്ഞില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വംശീയകലാപത്തിന്റെ ഇരുപക്ഷത്തുമുള്ള അക്രമികളുടെ കൈവശമുള്ള ആയുധശേഖരത്തിലേറെയും സുരക്ഷാസേനകളിൽ നിന്നും പിടിച്ചും കവർന്നും എടുത്തവയാണ്. അത് തിരിച്ചേൽപ്പിക്കാനുള്ള ആഹ്വാനമോ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളോ വിജയിപ്പിക്കാൻ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. കലാപകാരികളുടെ പക്കൽ അവർ കൈ വശപ്പെടുത്തിയ ആ യുധങ്ങളുടെ മൂന്നിലൊന്നിലേറെ ഇപ്പോഴും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂട്ട ബലാത്സംഗങ്ങൾ, കൂട്ടക്കൊലകൾ തുടങ്ങിയ ഹീന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കാനും ശിക്ഷിക്കാനുമുള്ള നടപടികളും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിപദത്തിൽ ഇരുന്നുകൊണ്ട് ബിരേൻ സിങ് നേതൃത്വം നൽകിയ കുറ്റകൃത്യങ്ങളാവട്ടെ ‘മനുഷ്യരാശിക്ക് എതിരായ’ കുറ്റകൃത്യങ്ങളുടെ ഗണത്തിൽ വരുന്നവയാണ്. അതിനെതിരെ യാതൊരു നടപടിക്കും ബിജെപി ഭരണകൂടം തയ്യാറല്ലെന്ന് മാത്രമല്ല, കുറ്റവാളി അവരുടെ സംരക്ഷണയിൽ സുരക്ഷിതനുമാണ്. കലാപത്തിൽ നാടും വീടും ഉപേക്ഷിച്ച് പലായനത്തിന് നിർബന്ധിതരായ അറുപതിനായിരത്തില്പരം വരുന്ന അഭയാർത്ഥികളെ തിരിച്ചെത്തിക്കാനോ അവരെ പുനരധിവസിപ്പിക്കാനോ യാതൊരു നടപടികൾക്കും ഭരണകൂടം സന്നദ്ധമായിട്ടില്ല. കലാപത്തിൽ തകർന്നടിഞ്ഞ സമ്പദ്ഘടനയും സാമ്പത്തിക ജീവിതവും പുനഃസ്ഥാപിക്കാനും എന്തെങ്കിലും പദ്ധതിയും നടപടിയും ഭരണകൂടത്തിൽ നിന്നും ഉണ്ടായതായും അറിവില്ല. അത്തരമൊരു ദുരന്തഭൂമിയിൽ വാഹനനീക്കം പുനഃസ്ഥാപിക്കുക വഴി സമാധാനം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം ഇരകളെ പരിഹസിക്കൽ അല്ലാതെ മറ്റെന്താണ്? വസ്തുതകൾ ഇതായിരിക്കെ, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും നിയമപരവുമായ അനുരഞ്ജനത്തിന്റെ ഒരു ബൃഹദ് പദ്ധതിയും കർമ്മപരിപാടിയുമാണ് ആവശ്യം. ബിജെപി, ആർഎസ്എസ്-സംഘ്പരിവാർ ശക്തികളെപ്പോലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോളനി മനോഭാവം വച്ചുപുലർത്തുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും സംഘടനാ സംവിധാനത്തിനും അതിനുകഴിയണമെങ്കിൽ അവരത് പ്രാവർത്തികമാക്കി കാണിക്കുകതന്നെ വേണം. അതിന്റെ ആദ്യത്തെ ചുവടുവയ്പായി പ്രധാനമന്ത്രിതന്നെ തന്റെ മണിപ്പൂർ അനുരഞ്ജന സമീപനമെന്തെന്നത് രാജ്യത്തിനുമുന്നിൽ വെളിവാക്കുകയും കലാപബാധിത മണിപ്പൂര്‍ സന്ദർശിക്കുകയും ദുരന്തബാധിതർക്ക് ആശ്വാസം പകരുകയും അവരെ വിശ്വാസത്തിലെടുക്കുകയുമാണ് വേണ്ടത്. അതിന് അദ്ദേഹവും ഭരണകൂടവും ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും തയ്യാറാകുമോ എന്നതാണ് രാഷ്ട്ര മനഃസാക്ഷിയെ അലട്ടുന്ന ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.