15 July 2025, Tuesday
KSFE Galaxy Chits Banner 2

വന്യജീവി ആക്രമണം: പൊളിഞ്ഞുവീഴുന്ന നുണകൾ

Janayugom Webdesk
June 13, 2025 5:00 am

സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്നുവെന്നും അതിനെതിരായ നടപടികളിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നുവെന്നുമുള്ള കുറ്റപ്പെടുത്തൽ പ്രതിപക്ഷം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇതേ ആരോപണവുമായി എൽഡിഎഫ് സർക്കാരിനെതിരെയാണ്. വന്യജീവികളെ കൊല്ലുന്നതിന് തങ്ങൾക്കുള്ള അധികാരം വനംവകുപ്പ് വിനിയോഗിക്കുന്നില്ലെന്നാണ് അവരുടെ ആക്ഷേപം. എന്നാൽ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് നടപടിയെടുക്കുന്നതിൽ പരിമിതികൾ ഏറെയാണെന്ന് വ്യക്തമാണെങ്കിലും അത് ചെവിക്കൊള്ളാതെ ആരോപണം ആവർത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിച്ചുവരുന്നത്. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതും മനുഷ്യജീവനും കാർഷിക വിളകൾക്കും നാശം വിതയ്ക്കുന്നതും രാഷ്ട്രീയ പ്രശ്നമല്ലെന്ന് ബോധ്യപ്പെടാതെയല്ല പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നത്. മലയോര മേഖല ഉൾപ്പെടുന്നതും വന്യജീവി ആക്രമണത്തിൽ ചില ദാരുണ മരണങ്ങൾ നടക്കുകയും ചെയ്ത നിലമ്പൂരിലെ പ്രധാന വിഷയമായും അവർ ഇതുന്നയിക്കുന്നു. എന്നാൽ പ്രസ്തുത പ്രചരണം വസ്തുതാപരമല്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചിരിക്കുന്ന മറുപടി തെളിയിക്കുന്നത്. 

കാട്ടാന ആക്രമണത്തിൽ 2016ൽ 18, 2017ൽ 26, 2018ൽ 22, 2019ൽ 15, 2020ൽ 18, 2021ൽ 29, 2022ൽ 24, 2023ൽ 17, 2024ൽ 19, ഈ വർഷം മാർച്ച് വരെ നാല് വീതം ജീവഹാനികളാണുണ്ടായത്. അതേസമയം പാമ്പുകടിയേറ്റുൾപ്പെടെയുള്ള മരണ നിരക്ക് പ്രതിവർഷ ശരാശരി 110 ആണ്. കാട്ടിനകത്തുള്ള ആവാസവ്യവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടായ വ്യതിയാനമാണ് ഇതിനുള്ള പ്രധാന കാരണം. മതിയായ ഭക്ഷണം, വെള്ളം എന്നിവയ്ക്കുണ്ടാകുന്ന ദൗർലഭ്യമാണ് വന്യജീവികളെ കാടിറങ്ങുന്നതിന് നിർബന്ധിതമാക്കുന്നത്. അതുകൊണ്ടുതന്നെ മൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിന് അവയ്ക്ക് ഭക്ഷണവും വെള്ളവും മറ്റും വനത്തിനകത്ത് ലഭ്യമാക്കുക എന്നതുമാത്രമാണ് സംസ്ഥാന സർക്കാരിന് സാധ്യമായിട്ടുള്ളത്. അതുകൂടാതെ ആക്രമണത്തിൽ മരണമോ, നാശമോ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിനും സാധിക്കും. അക്കാര്യത്തിൽ സമഗ്ര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. വനമേഖലകളിലെ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി 1400ലധികം കുളങ്ങളും ചെക്ക് ഡാമുകളും 500ലധികം പാടങ്ങളും 300ലധികം ഇതര ജലസ്രോതസുകളും നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്. വനത്തിനുള്ളിൽ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഫലവൃക്ഷ വ്യാപനത്തിനായുള്ള ഇക്കോ റെസ്റ്റൊറേഷൻ പദ്ധതിയും നടപ്പിലാക്കുന്നു. ഇതിന് പുറമേ മിഷൻ സോളാർ ഫെൻസിങ്, മതിലുകൾ, ആനക്കിടങ്ങുകൾ, കയ്യാലകൾ തുടങ്ങിയവയും പണിയുന്നുണ്ട്. മനുഷ്യ — വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ നിരന്തര പരിശോധനയും നടത്തുന്നു. 30ഓളം ആർആർടികളെയും വിന്യസിച്ചു. വനത്തിനകത്ത് ചെക്ക് ഡാമുകൾ, വാച്ച് ടവറുകൾ, സൗരോ‍ർജ വിളക്കുകൾ എന്നിവയ്ക്കും നടപടിയായിട്ടുണ്ട്. 

എന്നാൽ കാടിറങ്ങുന്ന വന്യജീവികളെ കൊല്ലണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതുപോലുള്ള നടപടികൾ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമല്ലാതെ സാധ്യമല്ല. അതുകൊണ്ടാണ് വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃത ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. കൂടാതെ ഉപദ്രവകാരികളായ കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ അനുവാദം നൽകണമെന്നും ആവശ്യമുന്നയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് അനുസരിച്ച് നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ പോലും ക്ഷുദ്രജീവികളായി കണ്ട് കൊല്ലണമെങ്കിൽ കേന്ദ്രത്തിന്റെ തീരുമാനമുണ്ടാകണം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അധികാരങ്ങൾ പരിമിതമാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഉപാധികളുടെ കാർക്കശ്യം കാരണം അത് പ്രയോഗിക്കുവാനാകില്ലെന്നാണ് കേന്ദ്ര മറുപടിയിൽ വ്യക്തമാക്കുന്നത്. ആക്രമണകാരികളായ വന്യമൃഗത്തെ പിടികൂടുക, മയക്കുവെടി വയ്ക്കുക, മറ്റ് സ്ഥലത്തേക്ക് മാറ്റുക എന്നിവ സാധിക്കുന്നില്ലെങ്കിൽ മാത്രമെ കൊല്ലുന്നതിന് അനുമതിയുള്ളൂ. പിടികൂടുന്ന വന്യമൃഗത്തിന് കാര്യമായ പരിക്കുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽപ്പെട്ട ആന, കടുവ, പുലി, കരടി, വിവിധയിനം കുരങ്ങുകൾ, മുള്ളൻപന്നി, മയിൽ തുടങ്ങിയ നൂറുക്കണക്കിന് വന്യമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നതിന് ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമില്ലെന്നും മറുപടിയിലുണ്ട്. ഇതിൽ നിന്നെല്ലാം സംസ്ഥാനത്തിന്റെ അധികാര പരിധി വളരെ പരിമിതമാണെന്ന് ബോധ്യപ്പെടുന്നതാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരായ ആയുധമായി വന്യജീവി പ്രശ്നത്തെ ഉപയോഗിക്കുന്നതിന് പകരം കേന്ദ്ര നിലപാടിനെതിരെ യോജിച്ച നിലപാടെടുക്കുന്നതിനാണ് എല്ലാവരും തയ്യാറാകേണ്ടത്. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.