February 8, 2023 Wednesday

മഹത്തായ ഒരു മാറ്റം

Janayugom Webdesk
April 12, 2020 5:10 am

വിഷാദത്തിന്റെ കൂരിരുട്ടിലും പ്രതീക്ഷയുടെ രജതരേഖ കാണാമെന്ന പഴഞ്ചൊല്ല് തികച്ചും അർഥവത്താകുന്നു. മാരകമായ വൈറസ് വ്യാധിയുടെ ഭാഗമായുള്ള പട്ടിണി, പരിവട്ടം എന്നിവയുടെ ഭീഷണി മാത്രമല്ല മറിച്ച് ഇല്ലായ്മകളുടെ ലോകത്ത് ജീവിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ജീവനോപാധി നഷ്ടപ്പെട്ടതിന്റെ ഫലമായുള്ള ദാരിദ്ര്യം രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ഏറെ ബാധിക്കുന്നുണ്ട്. നൂറൂകണക്കിന് മൈലുകൾ കാൽനടയായി സ്വദേശങ്ങളിൽ എത്താനുള്ള തൊഴിലാളികളുടെ പലായനം ഇതാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ 77 ശതമാനം ജനങ്ങൾ അന്നന്ന് കിട്ടുന്ന വേതനം കൊണ്ടാണ് ജീവിക്കുന്നതെന്ന് 2016ലെ സാമ്പത്തിക സർവെ സൂചിപ്പിക്കുന്നു. ഇവർ ബാങ്കുകളിൽ നിന്നും വായ്പകൾ ലഭിക്കാത്ത സഹചര്യത്തിൽ കൊള്ളപ്പലിശക്കാരെ സമീപിക്കുന്നു. അവർ പാവപ്പെട്ട തൊഴിലാളികളെ അടിമകളാക്കുന്നു. ഇവരെ സംബന്ധിച്ചിടത്തോളം ശുഭാപ്തി വിശ്വാസങ്ങളില്ലാത്ത ഒരു ഇരുണ്ട ഭാവി മാത്രമാണുള്ളത്. കൊറോണാനന്തര സാഹചര്യങ്ങളിൽ വേതന വർധനയെന്നത് തികച്ചും അപ്രായോഗികമാണ്. ഇതിലൂടെ അദമ്യമായ കഷ്ടപ്പാടുകളാണ് ഇവരെ കാത്തിരിക്കുന്നത്.

രാജ്യത്തെ ആകെയുള്ള 1.30 കോടി ജനസംഖ്യയിൽ നൂറും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ജീവിക്കാനായി സ്ഥിരമായ തൊഴിൽ പോലുമില്ലാത്ത അവസ്ഥ. തൊഴിൽ ലഭിച്ചാൽ പോലും ജീവിക്കാൻ ആവശ്യമായ ശമ്പളം ലഭിക്കുക എന്നത് ഒരു വിദൂര സ്വപ്നമാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. ഉല്പാദന യൂണിറ്റുകൾ എല്ലാം അടച്ചിട്ടു. വാണിജ്യം, വ്യാപാരം, വിതരണം, ഉപഭോഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അവതാളത്തിലായി. സർക്കാർ ഈ മേഖലയെ ഇപ്പോൾ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഭക്ഷണം, പണം ഉൾപ്പടെയുള്ള സഹായങ്ങൾ ലഭ്യമാക്കണം. പൊതുമേഖലയിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഇതിനായി തൊഴിൽ സ്ഥാപനങ്ങൾക്ക് നികുതി ഇളവ്, മറ്റ് വായ്പകൾ എന്നിവ അനുവദിക്കാൻ സർക്കാർ തയ്യാറാകണം. ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ വഞ്ചനാപരമാണ്. ഉല്പാദനത്തിൽ മാത്രം ശ്രദ്ധയൂന്നി മറ്റുള്ള ഘടകങ്ങളെ ഒഴിവാക്കുന്നു. തൊഴിൽ സമയം, തൊഴിലിന്റെ സ്വഭാവം എന്നീ കാര്യങ്ങളെ പൂർണമായും അവഗണിക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് അവഗണന ഏറെ അനുഭവിക്കേണ്ടിവരുന്നത്. കാർഷിക മേഖലയിൽ കർഷകന്റെ വരുമാനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ അവഗണിക്കുന്നു. കാർഷിക മേഖലയിൽ ഗുരുതരമായ വളർച്ചാ മുരടിപ്പാണ് കഴിഞ്ഞ രണ്ട് വർഷമായി തുടരുന്നത്. ഈ മുരടിപ്പും തളർച്ചയും ഇപ്പോൾ വ്യവസായം ഉൾപ്പെടെ മറ്റ് സുപ്രധാന മേഖലകളിലും ദൃശ്യമാണ്. ഇതാണ് ആത്യന്തികമായി സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. ഈ പ്രതിസന്ധികൾ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെളിപ്പെട്ടെങ്കിലും ഇനിയും സത്യങ്ങൾ പുറത്തുവരാനുണ്ട്.

പ്രശ്നങ്ങൾ കുമിഞ്ഞുകൂടുമ്പോൾ പട്ടിണിക്കാരന് ഭക്ഷണം കൊടുക്കേണ്ടതാണ് അനിവാര്യമായത്. അതോടൊപ്പം തന്നെ കാർഷിക മേഖലയിലെ പ്രതിസന്ധിയും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കണം. ഇതിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പങ്ക് നിസ്തുലമാണ്. ഇപ്പോൾ എഫ് സിഐ ഗോഡൗണുകളിൽ 77 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളുണ്ട്. സാധാരണ അവസ്ഥയിൽ 42 ദശലക്ഷം ടൺ മതിയാവോളമാണ്. പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സർക്കാർ ഇടപെടൽ അനിവാര്യമാണ്. ഇപ്പോൾ ആറ് കിലോ ധാന്യങ്ങൾ മാത്രമാണ് ഒരു കുടുംബത്തിന് നൽകുന്നത്. ഇത് സൗജന്യമല്ല. ഇതിനുള്ള പണം സംസ്ഥാന സർക്കാരുകൾ നൽകണം.

സമ്പദ്‌വ്യവസ്ഥയിലെ ഈ പ്രതിസന്ധി മറ്റ് മേഖലകളിലും പ്രകടമാണ്. മാർച്ച് 22 ന് ശേഷം തൊഴിലില്ലായ്മ മൂന്ന് മടങ്ങ് വർധിച്ചു. 8.7 ശതമാനത്തിൽ നിന്നും തൊഴിലില്ലായ്മ ഇപ്പോൾ 23.4 ശതമാനമായി ഉയർന്നു. ഏപ്രിൽ അഞ്ചിന് ഇത് 30.9 ശതമാനമായി. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 20.2 ശതമാനമായി. ദേശീയ തലത്തിൽ തൊഴിലില്ലായ്മ ശരാശരി 23.4 ശതമാനമായി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇന്ത്യയിൽ സ്ഥിര ശമ്പളക്കാരായ തൊഴിലാളികൾ കേവലം 22.1 ശതമാനം മാത്രമാണ്. സ്ഥാപനത്തിന്റെ അടിസ്ഥാനത്തിലല്ല ഇവരുടെ ശമ്പളം. മറ്റുള്ള 78 ശതമാനം പേരും വേണ്ടത്ര സാമൂഹ്യ സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് പണിയെടുക്കുന്നത്. ഈ തൊഴിലാളികളാണ് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് സ്വന്തം വീടുകളിലേയ്ക്ക് തിരികെ പോകുന്നത്. രാജ്യത്തിന്റെ സമ്പത്ത് ഉല്പാദിപ്പിക്കുന്നവർ എന്ന വാസ്തുത നിലനിൽക്കുമ്പോഴും അവിടെയും അവരെ കാത്തിരിക്കുന്നത് പട്ടിണിയും പരിവട്ടവും മാത്രമാണ്. ഈ സത്യം ലോകം തിരിച്ചറിയുന്നു. വലതുപക്ഷ വീക്ഷണങ്ങൾ പുലർത്തുന്ന നേതാക്കളാണ് ഇക്കാര്യം അംഗീകരിക്കാത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.