15 February 2025, Saturday
KSFE Galaxy Chits Banner 2

തൊഴിലിനും വേതനത്തിനും സാമൂഹ്യനന്മയ്ക്കുമായി തൊഴിലാളിവർഗം

Janayugom Webdesk
January 18, 2025 5:00 am

സാമ്പത്തികമായി കേരളത്തെ ശാസ്വംമുട്ടിക്കുന്ന കേന്ദ്രസർക്കാരിനെതിരെയും തൊഴിലും വേതനവും അർഹമായ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടും അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് വിജയകരമായി സമാപിച്ചു. സമൂഹത്തിന്റെ നാനാവിഭാഗങ്ങളുടെയും, വിശിഷ്യ തൊഴിലാളികളുടെയും സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും വിവിധങ്ങളായ അവകാശങ്ങളും ആവശ്യങ്ങളും ഉയർത്തി എഐടിയുസി സംസ്ഥാന ഘടകം മാസങ്ങളായി നടത്തിവന്ന പ്രക്ഷോഭ പ്രചരണ പരിപാടികളുടെ വിജയകരമായ പരിസമാപ്തിയായിരുന്നു ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാർച്ച്. കേരളത്തിലെ ഇടതുപക്ഷ ജനാധ്യപത്യമുന്നണി സർക്കാരിനെതിരായ പ്രക്ഷോഭമാണ് എഐടിയുസി നടത്തുന്നതെന്ന പ്രചരണത്തിന്റെ മുനയൊടിച്ച്, സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാതൽ കേന്ദ്രസർക്കാർ കേരളത്തോട് അനുവർത്തിക്കുന്ന വിവേചനപരവും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടുകൂടിയ സമീപനവുമാണെന്ന് മാർച്ച് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. തൊഴിൽ, വേതനം, സാമൂഹ്യസുരക്ഷാ തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ അതിന്റെ രാഷ്ട്രീയ അടിത്തറയായ തൊഴിലാളിവർഗത്തിന്റെ താല്പര്യസംരക്ഷണത്തിന് ഏറ്റവും ഉയർന്ന പരിഗണന നൽകണമെന്ന ഓർമ്മപ്പെടുത്തൽകൂടിയായിരുന്നു എഐടിയുസിയുടെ മാർച്ച്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമാണ് തങ്ങളെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച തൊഴിലാളികളും കർഷകരും പട്ടിണിപ്പാവങ്ങളും ഉൾപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാത്രമേ വലതുപക്ഷ യാഥാസ്ഥിതിക ശക്തികളെ കേരള രാഷ്ട്രീയത്തിൽ ഫലപ്രദമായി പ്രതിരോധിക്കാനും എൽഡിഎഫിന്റെ ഭരണത്തുടർച്ച ഉറപ്പുവരുത്താനുമാകൂ എന്ന സന്ദേശം കൂടിയാണ് മാർച്ചിലൂടെ നൽകുന്നത്. 

തൊഴിലാളികളുടെ കുറഞ്ഞവേതനം 26,000 രൂപയായി ഉയർത്തുകയും തൊഴിലെടുക്കുന്ന എല്ലാവർക്കും അത് കൃത്യമായി ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തുകയും വേണമെന്ന് മാർച്ച് ആവശ്യപ്പെട്ടു. തൊഴിൽരംഗത്ത് നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് അറുതിവരുത്താൻ താല്‍ക്കാലിക, ദിവസവേതന, കരാർത്തൊഴിൽ സമ്പ്രദായങ്ങൾ അവസാനിപ്പിച്ച് നിയമപരമായി അവരെ സ്ഥിരപ്പെടുത്തണം. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ നിയമാനുസൃത ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്മെന്റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, വിവിധ പെൻഷൻ പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ച് കുടിശിക മാർച്ച് 31നകം കൊടുത്തുതീര്‍ക്കുക, സർക്കാർ പദ്ധതികൾ, സ്കീമുകൾ എന്നിവയിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും ജോലിസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുക, ആശാ, അങ്കണവാടി, സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം വർധിപ്പിക്കുകയും ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുക, അടച്ചുപൂട്ടിയ തോട്ടങ്ങൾ, കശുവണ്ടി ഫാക്ടറികൾ തുടങ്ങിയവ സർക്കാർ ഏറ്റെടുത്ത് തോട്ടം തൊഴിലാളികൾക്ക് ഭൂമിയും വീടും നൽകുക, കാലാവസ്ഥാ വ്യതിയാനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിൽ, ജീവിത സംരക്ഷണം ഉറപ്പുവരുത്തി കടൽ, കായൽ, മത്സ്യസമ്പത്ത് എന്നിവയുടെമേൽ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള അവകാശം നിയമംമൂലം സംരക്ഷിക്കുക, സർക്കാർ ഏറ്റെടുത്ത കോഴിക്കോട് കോംട്രസ്റ്റ് തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാർച്ച് മുന്നോട്ടുവച്ചത്. ഇവയ്ക്കുപുറമെ സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്നതും പൊതുതാല്പര്യ സംരക്ഷണാർത്ഥവുമുള്ള നിരവധി ആവശ്യങ്ങളും ഉന്നയിക്കുന്നു. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശിക നൽകി പ്രവർത്തനം കാര്യക്ഷമമാക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഭൂമി, ഇതര ആവശ്യങ്ങൾക്ക് കൈമാറ്റംചെയ്യുന്നതും വിൽക്കുന്നതും അവസാനിപ്പിക്കുക തുടങ്ങിയവ പൊതുപ്രാധാന്യം അർഹിക്കുന്ന ആവശ്യങ്ങളാണ്. 

കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളുടെയും പ്രതിസന്ധിയുടെയും മുഖ്യകാരണം സംസ്ഥാനത്തിന് നിയമാനുസൃതം ലഭിക്കേണ്ട സാമ്പത്തിക വിഹിതത്തിന്റെ അന്യായമായ നിഷേധമാണെന്ന് എഐടിയുസി വിലയിരുത്തുന്നു. അർഹമായ സാമ്പത്തിക വിഹിതത്തിനും പദ്ധതികൾക്കും വേണ്ടി കേരളത്തിലെ തൊഴിലാളികൾ തുടർന്നും കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് മാർച്ച് പ്രഖ്യാപിച്ചു. മേപ്പാടി ദുരന്തബാധിതരോടുള്ള മോഡി സർക്കാരിന്റെ വിവേചനപരമായ നയത്തെ അപലപിച്ച മാർച്ച്, പ്രത്യേക സാമ്പത്തിക സഹായത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും കേന്ദ്രം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ദുരന്തബാധിതരെ സഹായിക്കാനും പുനരധിവാസ പ്രവർത്തനങ്ങളിലും എഐടിയുസി നടത്തിയ ജാഗ്രതാപൂർണമായ ഇടപെടൽ ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ജീവൽപ്രശ്നങ്ങളും സംസ്ഥാനത്തെ പൊതുജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളും ഏറ്റെടുത്ത് എഐടിയുസി നടത്തിയ പ്രക്ഷോഭ പ്രചരണ പരിപാടികളും അവയുടെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാർച്ചും കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമകാലിക ചരിത്രത്തിലെ നിർണായക കാൽവയ്പുകളിൽ ഒന്നായി വിലയിരുത്തപ്പെടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.