വിധി അന്തിമമായി തീരട്ടെ

Web Desk
Posted on November 09, 2019, 11:00 pm

നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ, ചരിത്ര, നിയമ, സാമൂഹ്യ, സാമുദായിക സംവാദത്തിന് വഴിയൊരുക്കിയ അയോധ്യയിലെ തർക്കഭൂമി പ്രശ്നത്തിൽ സുപ്രീംകോടതിയുടെ വിധിയുണ്ടായിരിക്കുന്നു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് ആയിരത്തിലധികം പേജ് വരുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവം. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ദുർബ്ബലപ്പെടുത്തിയ പരമോന്നത കോടതി തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് നിർദ്ദേശിച്ചുവെങ്കിലും ഇത് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചായിരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. മുസ്ലീങ്ങൾക്ക് ആരാധനാലയം പണിയുന്നതിന് അ‍ഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ കണ്ടെത്തി നൽകണമെന്ന നിർദ്ദേശവും കോടതി കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്. ഇവ രണ്ടുമാണ് തർക്ക പ്രശ്നത്തിലുള്ള കോടതിയുടെ അന്തിമ വിധി. എന്നാൽ അരമണിക്കൂറോളം നീണ്ട വിധിപ്രസ്താവത്തിൽ കോടതി നടത്തിയ നിഗമനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമർഹിക്കുന്നവയാണ്. എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാട്ടേണ്ടതുണ്ടെന്നുമായിരുന്നു അവയിലൊന്ന്. മതേരത്വം നിലനിൽക്കുന്ന ഒരുരാജ്യത്ത് ഏറ്റവും സുപ്രധാനമായ ഒന്നാണ് അത്തരത്തിൽ പരസ്പരമുള്ള അംഗീകാരവും തുല്യതയും. അത് കോടതി ഊന്നിപ്പറയുന്നുണ്ട്. അതേസമയം വിശ്വാസവും ആചാരവും നോക്കി മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും കോടതി പറഞ്ഞുവയ്ക്കുകയുണ്ടായി. പുരാവസ്തുവകുപ്പിന്റെ രേഖകൾ തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന മസ്ജിദിൽ മുസ്ലിം വിശ്വാസികൾ ആരാധന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയ കോടതി അവർ അത് ഉപേക്ഷിച്ചുപോയിട്ടില്ലെന്ന് നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം പുറത്ത് ഹിന്ദുക്കൾ ആരാധിച്ചിരുന്നതായും കോടതി പറയുന്നുണ്ട്. മുസ്ലിങ്ങൾ ആരാധന നടത്തിയിരുന്ന സ്ഥലത്ത് 1949 ൽ വിഗ്രഹം കൊണ്ടിട്ട സംഭവം നിയമലംഘനവും 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് മതേതര നിയമസംവിധാനത്തെ അട്ടിമറിക്കലുമാണെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യൻ മതേതരത്വത്തിന്റെ താഴികക്കുടങ്ങൾ തകർക്കപ്പെടുകയും ജനത അപമാനിതരാകുകയും ചെയ്ത പ്രസ്തുത സംഭവം നിയമസംവിധാനത്തെ അട്ടിമറിക്കലാണെന്ന കോടതി നിരീക്ഷണം അതീവ പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം വിലയിരുത്തൽ നടത്തിയ കോടതിവിധി പ്രസ്താവം ആഴത്തിൽ പരിശോധിച്ചാൽ ചില വൈരുദ്ധ്യങ്ങളും കാണാവുന്നതാണ്. അലഹബാദ് ഹൈ­ക്കോടതി വിധിക്കെതിരെ വ്യക്തികളുടേതും സംഘടനകളുടേതുമായ 14 ഹർജികളാണ് നാൽപതു ദിവസം നീണ്ട വാദത്തിനിടയിൽ കോടതി പരിഗണിച്ചത്. എത്രയോ വർഷങ്ങളായി രാജ്യത്തിന്റെ തീരാതലവേദനയും സംഘർഷ വിഷയവുമായി നിൽക്കുന്ന പ്രശ്നമാണ് അയോധ്യയിലെ ഭൂമി തർക്കം. മൂന്ന് ദശകത്തോളമായി അധികാരത്തിലേയ്ക്കുള്ള വഴിയൊരുക്കാനും സാമുദായിക ധ്രുവീകരണത്തിനും ഉപയോഗിക്കുന്നത് അയോധ്യയിലെ ഭൂമി തർക്കമാണ്. അത് സൃഷ്ടിച്ച സംഘർഷങ്ങൾ നിരവധിയാണ്. യഥാർഥത്തിൽ ബാബറി മസ്ജിദ് എന്നോ രാമജന്മഭൂമിയെന്നോ ഉള്ള തർക്കം കേവല വിശ്വാസത്തിനപ്പുറത്ത് രാഷ്ട്രീയ പ്രശ്നമാക്കിയപ്പോഴാണ് അത് രാജ്യത്തിന്റെയാകെ തലവേദനയായി മാറിയത്. ദുഷ്ടലാക്കോടെയുള്ള അത്തരം കുത്സിത പ്രവർത്തനങ്ങൾക്ക് ഈ വിധിയിലൂടെ അന്ത്യമുണ്ടാകണം. ഇന്നലെ പരമോന്നത കോടതിയിൽ നിന്നുണ്ടായിരിക്കുന്ന വിധിയോടെ ആ പ്രശ്നം എക്കാലത്തേക്കും അവസാനിപ്പിക്കുകയെന്നതാണ് മതേതര വിശ്വാസികൾ ഇനി പ്രതീക്ഷിക്കുന്നത്. ഇനി ആരാധനാലയങ്ങളുടെ പേരിലുള്ള തർക്കങ്ങളുണ്ടാകില്ലെന്നും മതേതരത്വം നാടിന്റെ അടിത്തറയായിരിക്കണമെന്നും ഈ വിധിയിലൂടെ പ്രഖ്യാപിക്കാൻ ബന്ധപ്പെട്ടവർക്കെല്ലാം സാധിക്കണം. അതുപോലെ തന്നെ പ്രധാനമാണ് പരമോന്നത കോടതി വിധിയിലൂടെ ഉദ്ദേശിച്ചത് അതേ അർഥത്തിൽ തന്നെ നടക്കുന്നുവെന്ന് ഉറപ്പുണ്ടാവുകയെന്നത്. വിധി ആർക്കും എതിരല്ലെന്ന് പറയുമ്പോഴും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അതുസംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുവെന്നത് വസ്തുതയാണ്. അങ്ങനെയല്ലെന്ന് വരണമെങ്കിൽ സുപ്രീംകോടതി വിധിച്ചതനുസരിച്ചുള്ള ക്ഷേത്രത്തിന്റെയും പള്ളിയുടെയും നിർമ്മാണ ഉത്തരവാദിത്തം ഇതുവരെ ഇരുപക്ഷത്തുനിന്ന് നിയമപോരാട്ടം നടത്തിയവരെല്ലാം ചേർന്ന് ഏറ്റെടുക്കണം. കോടതി വിധിയിൽ പറയുന്നതുപോലെയുള്ള സന്തുലിതാവസ്ഥ പാലിക്കപ്പെടണമെങ്കിൽ, വിധിയിൽ ഇപ്പോൾ സംശയം പുലർത്തിയിരിക്കുന്നവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഇരുനിർമ്മാണങ്ങൾക്കും ക്രിയാത്മകമായി നേതൃത്വം നൽകുന്ന പ്രവർത്തനരീതികൾ ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവുകയും വേണം.