ചൈനീസ് കയ്യേറ്റത്തെക്കുറിച്ച് മിണ്ടാൻ ആർക്കാണ് ഭയം

Web Desk
Posted on August 08, 2020, 3:00 am

കിഴക്കൻ ലഡാക്കിൽ അതിർത്തി കടന്നുള്ള ചൈനീസ് പ്രകോപനവും തുടർന്നുണ്ടായ സംഘർഷത്തിൽ 20 സൈനികർക്ക് വീരമൃത്യുവുണ്ടായതും ഓരോ ഇന്ത്യക്കാരന്റെയും നോവായിരുന്നു. ജൂൺ 15ന് രാത്രിയിൽ ലഡാക്കിലെ ഗൽവാൻ മേഖലയിൽ ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി കടന്നുകയറിയതാണ് പ്രശ്നത്തിന് കാരണമായത്. ഈ സംഭവത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നമ്മുടെ സൈന്യത്തിനൊപ്പം നിലയുറപ്പിച്ചു. സംഭവം നടന്നതിന്റെ അടുത്തദിവസങ്ങളിൽ പ്രധാനമന്ത്രി തന്നെ പറ‍ഞ്ഞത് ഇന്ത്യയുടെ ഒരി‍ഞ്ചു ഭൂമിപോലും കയ്യേറപ്പെട്ടില്ലെന്നായിരുന്നു. പിന്നീട് ചൈന തന്നെ കടന്നുകയറ്റം ഭംഗ്യന്തരേണ സമ്മതിക്കുകയുണ്ടായി. ജൂലൈ 28 ചൊവ്വാഴ്ചയാണ്കടന്നുകയറ്റം ഉണ്ടായെന്ന് സമ്മതിക്കുന്ന വിധത്തിലുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻ ബിന്റെ പ്രസ്താവനയുണ്ടായത്. ചൈനീസ് ലിബറേഷൻ ആർമി ഇന്ത്യയുടെ അതിർത്തിയിൽനിന്ന് പൂർണമായും പിന്മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജൂൺ 15 ന് സംഘർഷവും ഇന്ത്യൻ സൈനികരുടെ വീരമൃത്യവുമുണ്ടായതിന് ശേഷം ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്. എന്നാൽ ചൈനയുടെ കടന്നുകയറ്റം സമ്മതിക്കാൻ നമ്മുടെ ഭരണാധികാരികൾ മടിക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ടാണിതെന്ന് വിശദീകരിക്കേണ്ടത് കേന്ദ്ര ഭരണാധികാരികളാണ്. കാരണം പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓഗസ്റ്റ് നാലിന് ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട, ചൈന ഇന്ത്യയുടെ അതിർത്തി കടന്നുകയറിയെന്ന് സമ്മതിക്കുന്ന പരാമർശങ്ങളടങ്ങിയ ഭാഗങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരിക്കുന്നു.

മെയ് അഞ്ചുമുതൽ യഥാർത്ഥ നിയന്ത്രണ രേഖയിലും ഗൽവാൻ താഴ്‌വരയിലും ചൈനീസ് കടന്നുകയറ്റമുണ്ടായിരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചു. ഒരുമാസത്തിനിടെ പലതവണ ചൈനീസ് പ്രകോപനമുണ്ടായെങ്കിലും ജൂൺ 15 ന് രാത്രി 20പേരുടെ രക്തസാക്ഷിത്വം മാധ്യമങ്ങളിലൂടെ വാർത്തയായിട്ടുപോലും ചൈ­നീസ് കയ്യേറ്റം സമ്മതിക്കാൻ കേന്ദ്രം സന്നദ്ധമായില്ല. ജൂലൈ മൂന്നിന് ലഡാക്കിൽ മിന്നൽ സന്ദർശനം നടത്തിയ ഘട്ടത്തിലും പ്രധാനമന്ത്രി ഇക്കാര്യം സമ്മതിക്കാൻ തയ്യാറായില്ല. ചൈനയുടെ പേര് പോലും പറയാതെയാണ് അന്ന് പ്രധാനമന്ത്രി സംസാരിച്ചതെന്നതും ശ്ര­ദ്ധേയമാണ്.

പക്ഷേ മെയ് 17,18 തീയതികളിൽ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15‑ന് സമീപം), ഗോഗ്ര (പിപി-17എ), പാങ്കോങ് തടാകത്തിന്റെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി എന്നിങ്ങനെ പരാമർശിക്കുന്ന ഭാഗങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മിൽ സൈനികതല ആശയവിനിമയം നടത്തിയെന്നും അതിലുണ്ടായിരുന്നു. ചൈനയുമായുള്ള സംഘർഷം നീണ്ടും നിൽക്കാം. വലുതായിക്കൊണ്ടിരിക്കുന്ന വിഷയത്തിൽ ഉടനടി നടപടി ആവശ്യമാണെന്നും സൂചനയുണ്ടായിരുന്നു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിക്കുന്ന ആദ്യ ഔദ്യോഗിക റിപ്പോർട്ടാണിത്. ഈ ഭാഗങ്ങളാണ് രണ്ടാം ദിവസം അപ്രത്യക്ഷമായിരിക്കുന്നത്.

ഇന്ത്യൻ ഭൂമി ചൈന കൈയേറിയെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നെങ്കിലും സർക്കാർ ഇക്കാര്യം തള്ളിക്കളയുകയായിരുന്നു. അതിർത്തിയിൽ നിന്ന് പിന്മാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചതിന് പിന്നാലെ അത് വാസ്തവമല്ലെന്ന് പറഞ്ഞ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്ത്രപ്രധാന മേഖലകളിൽ നിന്ന് ചൈനീസ് പിന്മാറ്റം പൂർണമായും ഉണ്ടായിട്ടില്ല, ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ പ്രതിഷേധം ബീജിങ്ങിനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇങ്ങനെയൊരു നിലപാട് വെളിപ്പെടുത്തൽ ഉണ്ടായിട്ടും ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞയാഴ്ച സമ്മതിച്ചിട്ടും ഇന്ത്യയുടെ ഭരണാധികാരികൾ ഇക്കാര്യത്തിൽ എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതെന്ന സംശയം ഓരോ ഇന്ത്യക്കാരനിലും ബലപ്പെടുന്നുണ്ട്. കുറച്ച് ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് കണ്ണിൽപൊടിയിടാൻ ശ്രമിച്ചുവെന്നത് വസ്തുതയാണ്. ആദ്യം 59 ഉം രണ്ടാം ഘട്ടമായി 47 ഉം ചൈനീസ് ആപ്പുകള്‍ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ ചൈന ഇന്ത്യയുടെ അതിർത്തി കയ്യേറിയെന്ന യാഥാർത്ഥ്യം മറച്ചുപിടിക്കാൻ വല്ലാത്ത വ്യഗ്രതയെന്തിനാണ്. ഇവിടെയാണ് ചൈനയിൽനിന്ന് ഇന്ത്യയിൽ മുതലിറക്കിയിട്ടുള്ള വൻകിട കമ്പനികളും ബിജെപിയും തമ്മിലുള്ള ബന്ധം സംശയാസ്പദമാകുന്നത്. കോവിഡ് മഹാമാരി നേരിടുന്നതിനായി പുതിയതായി ഉണ്ടാക്കിയ പിഎം കെയേഴ്സിലേക്ക് കോടിക്കണക്കിന് രൂപ ചൈനീസ് അതിക്രമങ്ങൾ നടന്നുകൊണ്ടിരിക്കേയും വാങ്ങിക്കൂട്ടിയതിന്റെ ഫലമാണോ ഈ മഹാമൗനം. അതല്ല അതിനപ്പുറം ബിജെപിയുടെ ഖജനാവിലേക്ക് എത്തിയ ഫണ്ടിന്റെ കണക്കുകളാണോ ഈ മൗനത്തെ ശക്തിപ്പെടുത്തുന്നത്. ഏതായാലും കടുത്ത ദേശസ്നേഹം പറഞ്ഞുകൊണ്ടേയിരിക്കുന്ന മോഡി സർക്കാരിന്റെ നയതന്ത്രം പൂർണ പരാജയമാണെന്ന് തന്നെയാണ് ഈ നിലപാടുകൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.