ഗോഡ്‌സെ വാഴ്ത്തപ്പെടുന്നു, ഗാന്ധിജി വീണ്ടും വീണ്ടും വധിക്കപെടുന്നു

Web Desk
Posted on December 01, 2019, 11:07 pm

ബിജെപി നേതാവും ലക്‌നൗ ലോക്‌സഭാ മണ്ഡലം പ്രതിനിധിയുമായ, മാലേഗാവ്, മഡ്ഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂർ എന്ന കപട സന്ന്യാസിനി പാർലമെന്റിൽ ഗാന്ധിജിയെ കൊലചെയ്ത നാഥുറാം വിനായക് ഗോഡ്സെയെ തികഞ്ഞ ദേശാഭിമാനിയാണെന്നും ഗാന്ധിജി ദേശവിരുദ്ധനും രാജ്യദ്രോഹിയുമാണെന്നും പ്രസ്താവിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ ഗാന്ധിജി രാജ്യദ്രോഹിയാണെന്നും ഗോഡ്സെ തികഞ്ഞ ദേശാഭിമാനിയാണെന്നും പ്രജ്ഞാസിംഗ് ഠാക്കൂർ പരസ്യമായി പ്രസംഗിച്ചിരുന്നതിനെ സാക്ഷി മഹാരാജ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പരസ്യമായി പിന്തുണച്ചിരുന്നു. ഗാന്ധിജി ദേശവിരുദ്ധനായതിനാൽ അദ്ദേഹം കൊലചെയ്യപ്പെടേണ്ടതാണെന്നുകൂടി പ്രജ്ഞാസിംഗ് ഠാക്കൂർ പറഞ്ഞിരുന്നു. “ഗോഡ്സെ മരിച്ചിട്ടില്ല, വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയ ലോകത്തിൽ അയാൾ ജീവിക്കുന്നു“വെന്ന് കണിയാപുരം രാമചന്ദ്രൻ കേരള ശബ്ദത്തിലെ തന്റെ സ്ഥിരം പംക്തിയിലൂടെ എഴുതിയിരുന്നു. അത് മതേതര മനസുകളെ വിളിച്ചുണർത്തുന്ന കമ്മ്യൂണിസ്റ്റുകാരുടെ നിരന്തര പോരാട്ടത്തിന്റെ ഭാഗമായിരുന്നു.

ഗാന്ധിയുടെ 130-ാം ജന്മവാർഷികത്തിൽ അന്ന് ജനയുഗം വാരികയുടെ പത്രാധിപരായിരുന്ന കണിയാപുരം എഴുതിയതിങ്ങനെ ”ഗാന്ധി ഇന്ത്യൻ ജനതയ്ക്കാകെ മാർഗദർശിയായിരുന്നു. അദ്ദേഹം ഗോഡ്സെയുടെ വെടിയുണ്ടകളാൽ കൊലചെയ്യപ്പെട്ടെങ്കിലും ഇന്നും നമ്മെ നയിക്കുന്നു. ഗാന്ധിയൻ ദർശനങ്ങൾ ഭാരതീയ ദർശനങ്ങളോട് സമരസപ്പെട്ടിരുന്നു”. ഗാന്ധി എങ്ങനെ ഭാരതീയർക്ക് ഗാന്ധിജിയായെന്ന് ചരിത്രസാക്ഷ്യങ്ങളോടെ ‘മഹാത്മാവിന്റെ മാർഗം’ എന്ന സുകുമാർ അഴീക്കോടിന്റെ ആദ്യ ഗ്രന്ഥത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗാന്ധിജി ദേശവിരുദ്ധനും രാജ്യദ്രോഹിയുമാണെന്ന് ഭീകരവാദിയായ പ്രജ്ഞാസിംഗ് ഠാക്കൂർ പ്രഖ്യാപിക്കുകയും ഗോഡ്സെ വാഴ്ത്തപ്പെട്ടവനാണെന്നും അയാൾ അങ്ങേയറ്റത്തെ രാജ്യസ്നേഹിയാണെന്നും ഈ മഹിളാമണി ആക്രോശഭാഷയിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പിന്നെ മാപ്പുരാഷ്ട്രീയ നാടകങ്ങളുടെ അരങ്ങേറ്റ കലകൾ. ഗാന്ധിജിയെ ഗോഡ്സെ കൊന്നുതള്ളിയപ്പോൾ ആനന്ദനൃത്തമാടുകയും ലഡുവിതരണം നടത്തുകയും ചെയ്ത ആർഎസ്എസിന്റെ സ്വരമാണ് പ്രജ്ഞാസിംഗ് ഠാക്കൂർ ഈ ആധുനികാലത്ത് ആവർത്തിച്ചാവർത്തിച്ച് ഉയർത്തുന്നത്. ഗോഡ്സെയുടെ പ്രതിമകൾ സൃഷ്ടിക്കുകയും അയാൾക്കായി അമ്പലങ്ങൾ പണിയുകയും ഗോഡ്സെയെ തൂക്കിലേറ്റിയ ദിവസം ബലിദാൻ ദിനമായി ആചരിക്കുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ സ്വരമാണ് പ്രജ്ഞാസിംഗ് ഠാക്കൂർ പാർലമെന്റിലും പുറത്തും പുറപ്പെടുവിച്ചത്. വീണ്ടും വീണ്ടും പ്രജ്ഞാസിംഗ് ഠാക്കൂറിനെപ്പോലുള്ള വർഗീയവാദികളും ഭീകരവാദികളും ഗാന്ധിജിയെ അവഹേളിക്കാനും അപമാനിക്കാനും മുതിർന്നാലും ഗാന്ധിജി ലോക നേതാവെന്നുള്ള നിലയിൽ അനശ്വരമായിത്തന്നെ നിലകൊള്ളും. ഇതിനിടെ അമിത് ഷായുടെയും നരേന്ദ്രമോഡിയുടെയും കപട നാടകവും ഇന്ത്യ കണ്ടു. പ്രജ്ഞാസിംഗ് ഠാക്കൂറിനെ കർക്കശ നടപടിയെടുക്കുമെന്നാണ് അവരുടെ പ്രഖ്യാപനം.

സത്യം കൈവെള്ളയിൽപ്പോലുമില്ലാത്ത ഏറ്റുമുട്ടൽ രാഷ്ട്രീയത്തിന്റെയും വംശഹത്യാ പരീക്ഷണങ്ങളുടെയും നായകരായിരുന്നവർ പറയുന്ന ഇത്തരം ജൽപ്പനങ്ങൾ രാഷ്ട്രത്തെ ചതിക്കുന്നതാണെന്ന് ഏതൊരു ഭാരതീയനും തിരിച്ചറിയാനാകും. ‘ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ല’ എന്ന് രാഷ്ട്രപിതാവ് പലവട്ടം എഴുതുകയും പറയുകയും ചെയ്തു. ‘ഈശ്വര അള്ളാ തേരേ നാം’, ‘സബ്കോ സൻമദി ദേ ഭഗവാൻ’ എന്ന് പാടിനടന്ന ഗാന്ധിജിയെ പ്രജ്ഞാസിംഗ് ഠാക്കൂറിനെ പോലെയുള്ള സംഘപരിവാര ശക്തികൾ വീണ്ടും വീണ്ടും ആ മഹനീയ ഹൃദയത്തിലേയ്ക്ക് വെടിയുണ്ടകൾ വർഷിക്കുകയാണ്. താനൊരു സനാതന ഹിന്ദുവാണ് എന്നു പറഞ്ഞിരുന്ന ഗാന്ധിജിയെയാണ് ഇത്തരം കുത്സിത ശക്തികൾ പുതിയകാലത്ത് കടന്നാക്രമിക്കുന്നത്. ആരാണ് ഗാന്ധിജി? ആ വലിയ ചോദ്യത്തിന്റെ ഉത്തരം നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും ഗാന്ധിജിയെ അപഹസിക്കുന്ന പ്രജ്ഞാസിംഗ് ഠാക്കൂറിനും തിരിച്ചറിയാനാകുന്നില്ല. സത്യം മാത്രമാണ് ജയിക്കുന്നത് എന്ന് ഗാന്ധിജി പറഞ്ഞത് ഇന്നത്തെ കപട ദൈവവിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്.