എ ഐ ശംഭുനാഥ്

July 11, 2021, 6:05 am

ഷേർണിയുടെ ലോകം

Janayugom Online

എന്നും ദുരൂഹതകളുടെ ലോകമാണ് വനവും അതിനുള്ളിലെ ജീവജാലങ്ങളും. കാട്ടിനുള്ളിലേക്ക് കയറുമ്പോൾ അത്തരം ദുരൂഹതകളുടെ ചുരുളഴിയുന്നു. മനുഷ്യർ കാടില്ലാതാക്കുമ്പോൾ വന്യജീവകൾ അവറ്റകളുടെ വാസസ്ഥലം വിട്ട് പുറത്തേക്കിറങ്ങുന്നു. അവ കാട് വിട്ട് നാട്ടിലെത്തിയാൽ നാം അവയെ പലവിധത്തിൽ തുരത്തുന്നു. ഈ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ഷേർണി’ എന്ന സിനിമ തയ്യാറാക്കിയത്.
ഫോറസ്റ്റ് ഓഫീസറായ വിദ്യാ വിൻസെന്റ് എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ജോലിയിൽ തികഞ്ഞ ആത്മാർത്ഥയും അർപ്പണബോധവും പുലർത്തുന്ന അവർക്ക് മേലാളൻമാരുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് മുന്നിൽ നിശ്ശബ്ദയാകേണ്ടി വരുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നു. ഉദ്യോഗത്തിനിടയിൽപ്പെട്ട് കുടുംബജീവിതത്തിൽ പോലും ചില വിട്ടുവീഴ്ച്ചകൾ ചെയ്യുന്നുണ്ട്. എന്നിട്ടും ജോലി ചെയ്യുന്ന പ്രദേശത്തെ ആൾക്കാരുടെ മാനസികാവസ്ഥയും രാഷ്ട്രീയ പശ്ചാത്തലവും വിദ്യയ്ക്ക് മുന്നിൽ ചോദ്യചിഹ്നമാകുന്നു. അതിനെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ. അതാണ് സിനിമയെ സംഘർഷഭരിതമാക്കുന്നത്. 

ടി12 എന്ന ഫോറസ്റ്റ് രേഖാനാമമുള്ള പെൺകടുവ മനുഷ്യരക്തത്തിന്റെ രുചിയറിയുന്നു. അവൾ വീണ്ടും മനുഷ്യമാംസത്തിനായി ഇരയെ തേടുന്നു. പ്രദേശവാസികൾക്ക് ടി12 ഭീഷണിയാകുന്നു. രണ്ടുപക്ഷത്തായി നിന്ന് അവളെ കാക്കാനും കൊല്ലാനും മൽപിടുത്തം നടത്തുന്ന ജനസമൂഹത്തിനിടെയിലൂടെയാണ് ചിത്രം മുന്നേറുന്നത്. വിദ്യാ ബാലന്റെ പ്രകടനം തന്നെയാണ് ഷേർണിയുടെ ഹൈലൈറ്റ്സ് എന്ന് പറയാം. പെൺകടുവയോട് കിടപിടിക്കുന്ന ഊർജ്ജവും കരുത്തുമാണ് വിദ്യാ വിൻസെന്റെന്ന മലയാളി കൂടിയായ ഫോറസ്റ്റ് ഓഫീസർ കഥാപാത്രം. സിനിമയുടെ പേരിനോട് പൂർണ്ണമായും നീതി പുലർത്തുന്ന കഥാപാത്രസൃഷ്ടി. ശരത് സക്സേനയുടേയും വിജയ് റാസിന്റേയും പ്രകടനം സിനിമയുടെ മാറ്റുകൂട്ടുന്നു.
കാടിനുള്ളിൽ കൈകടത്തുന്ന മനുഷ്യന്റെ ആർത്തിയുടെ നേർരേഖ സംവിധായകനായ അമിത് വി മസൂർക്കർ ഷേർണിയിലൂടെ വരച്ചുകാട്ടുന്നു. അതിനിടയിൽ കിടന്ന് ശ്വാസംമുട്ടുന്ന വനത്തിലെ ജീവജാലങ്ങളുടെ പിരിമുറുക്കവും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇരയെ തോക്കിൻ മുനയിലെത്തിച്ച് കാഞ്ചി വലിക്കുമ്പോഴുള്ള മനുഷ്യന്റെ ലഹരി തിരക്കഥയിൽ മുഴച്ചുനിൽക്കുന്നതായി കാണാം. കാടിന്റെ ആവാസവ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ ചിത്രത്തിന്റെ സാമൂഹിക പ്രസക്തിയെ ഉയർത്തിപിടിക്കുന്നു.
ഇനിയുള്ള കാലം വനത്തിന്റെ നിലനിൽപ്പ് എങ്ങനെ? വളരെ പരിതാപകരമായ ഈ ചോദ്യത്തെ ഷേർണിയിൽ വ്യക്തമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന് ചിത്രം പ്രത്യേക പ്രശംസ അർഹിക്കുന്നു. വിദ്യയുടെ കഥാപാത്രം അമ്മയോട് ഇടയ്ക്ക് മലയാളഭാഷയിൽ സംസാരിക്കുന്നത് കേൾക്കാം. മലയാളത്തിലുള്ള സംഭാഷണങ്ങൾ അതിന്റെ തനിമ ചോർന്ന് പോകാത്തവിധത്തിൽ സ്വഭാവികമായ ശൈലിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
കാടിനുള്ളിലെ കാഴ്ച്ചകളെ ഒപ്പിയെടുത്ത ക്യാമറകണ്ണുകൾ അഭ്രപാളിയിൽ മായാജാലം തീർക്കുന്നു. രാകേഷ് ഹരിദാസിന്റെ ഛായാഗ്രഹണം സിനിമയ്ക്ക് നൽകിയ ദൃശ്യഭംഗി പകരംവയ്ക്കാനാവില്ല. വനത്തിനുള്ളിലെ മനുഷ്യന്റെ കയ്യിട്ടുവാരൽ മൂലമുണ്ടായ പ്രതിസന്ധിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് എന്ന് ഷേർണി ഓർമ്മിപ്പിക്കുന്നു. കടുവയെ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള യുദ്ധത്തിൽ മനുഷ്യന്റെ യഥാർത്ഥ ശത്രുവാകുന്നത് അവൻ തന്നെയാണ്. 

മാറ്റം എപ്പോഴും അനിവാര്യമാണ്. അതിനായി അഹോരാത്രം പരിശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ കപടമായ നാടകീയ രംഗങ്ങൾക്കാണ് പൊതുജനങ്ങൾ എല്ലായിപ്പോഴും സാക്ഷിയാകുക. എന്നാൽ, മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന സത്യം ഷേർണി തുറന്നടിക്കുന്നു. കൂട്ടിലടയ്ക്കാൻ വിധക്കപ്പെട്ട കൂട്ടർ എന്നും കൂട്ടിനുള്ളിൽ തന്നെയാണെന്ന പ്രസ്താവനയോടെയാണ് ചിത്രം അവസാനിക്കുന്നത്. 

മുൻപിലേക്ക്
പച്ച
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ