അറിവിന്റെ പോരാളി

Web Desk
Posted on November 17, 2019, 8:30 am

രമേശ് ബാബു

“വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ.

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

പേനകൊണ്ട് പഠിപ്പിച്ചവൻ.

മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു”

ജിബ്രീൽ എന്ന മാലാഖ മുഖേന അവതീർണമായ ഖുർആനിലെ അലഖ് (ഭ്രൂണം അല്ലെങ്കിൽ രക്തപിണ്ഡം) എന്ന അ‍ഞ്ച് ആയത്തുകളാണ് ഫഹദ് അൽസയ്ദി എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ പ്രയോക്താവും പ്രചാരകനും എഴുത്തുകാരനുമായ ഒമാൻ യുവാവിനെ വഴിനടത്തുന്നത്. മതപ്രബോധനങ്ങളുടെ വിശുദ്ധവും യുക്തിപരവുമായ ചര്യകളിലൂടെ മാത്രം ജീവിതം നയിക്കുന്ന ഈ യുവാവിന്റെ കണ്ണുകൾ പതിഞ്ഞിട്ടുള്ളതും അറിവിന്റെ വിസ്തൃതമായ ലോകത്തിൽ മാത്രമാണ്.

ഉത്തരാധുനിക കാലത്തിൽ വിവരം, വിജ്ഞാനം, അവയുടെ വിനിമയോപാധികൾ എന്നിവ ഏറ്റവും വലിയ വിൽപനച്ചരക്കും വിപണിമൂല്യമുള്ള വസ്തുതയുമായിരിക്കുമ്പോൾ അത് അറിവിന്റെ സ്വതന്ത്രഗമനങ്ങൾക്ക് തടയിടുകയാണെന്ന് ഫഹദ് അൽസയ്ദി വിശ്വസിക്കുന്നു. സമകാലിക സാങ്കേതികവിദ്യ അറിവിലും അതിന്റെ വിന്യാസത്തിലും വിസ്ഫോടനങ്ങൾ തീർക്കുമ്പോൾ ആഗോള മനുഷ്യരാശിയുടെ വിജ്ഞാന ചക്രവാളം അനുസ്യൂതം വിപുലീകരിക്കപ്പെടേണ്ടതാണ്. എന്നാൽ സാങ്കേതികവിദ്യാ ഉപാധികളുടെ സ്വകാര്യവൽക്കരണവും കുത്തകവൽക്കരണവും വിവരത്തിലും വിജ്ഞാനത്തിലും അധിഷ്ഠിതമായ മനുഷ്യസമൂഹമെന്ന സങ്കൽപത്തിന് മങ്ങലേൽപിക്കുന്നത് ഈ യുവാവിന്റെ മനസിനെ നൊമ്പരപ്പെടുത്തുന്നു. ഇതിനുള്ള പോംവഴി തേടലാണ് ഫഹദിനെ സ്വതന്ത്ര സോഫ്റ്റ്വേർ പ്രയോക്താവും പ്രചാരകനുമായി മാറ്റിയത്.

അറിവിനുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശമാണെന്നും സ്വകാര്യ‑കുത്തക ആധിപത്യവും അവരുടെ രാഷ്ട്രീയ മേലാളന്മാരും ഇത് നിഷേധിക്കുകയാണെന്നും ബോധ്യപ്പെടുത്തി ജനയുഗം പത്രരംഗത്ത് ലോകത്താദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയറിൽ നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ആ ധന്യമുഹൂർത്തത്തിൽ പങ്കാളിയാവാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ഫഹദ് കേരളത്തിലെത്തിയത്.

ഡിജിറ്റൽ‍ യുഗത്തിന്റെ വിനിമയോപാധികളെ മൈക്രോസോഫ്റ്റ് പോലുള്ള കുത്തക കമ്പനികളാണ് പ്രധാനമായും നിയന്ത്രിക്കുന്നത്. ഇത്തരം കുത്തക കമ്പനികളിൽ നിന്ന് കമ്പ്യൂട്ടർ സോഫ്റ്റ വെയർ വാങ്ങുമ്പോൾ അത് വാങ്ങുന്നയാൾക്ക് മാത്രം ഉപയോഗിക്കാനേ അവകാശമുള്ളു. പങ്കിടാനോ, മാറ്റം വരുത്താനോ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള അവകാശമോ വാങ്ങുന്നവനില്ല. ഓർവൽ കൃതിയിലെ (1984) ബിഗ്ബ്രദറിനെപ്പോലെ നിബന്ധനകൾ തെറ്റിക്കുന്നവർ നിരീക്ഷണത്തിലുമായിരിക്കും. സൈനികശക്തിയാൽ ലോകത്തിന്റെ പൊലീസ് ആയി ചമയുന്ന അമേരിക്ക വിജ്ഞാനമേഖലയിലും ഈ നയം തന്നെയാണ് അനുവർത്തിക്കുന്നത്.

ഒമാനിലെ സുൽത്താൻ താബൂസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായി ചേർന്നപ്പോഴാണ് ഫഹദിന് ഈ ബോധ്യങ്ങൾ ഉണ്ടാകുന്നത്. ആർക്കും ഉപയോഗിക്കാൻ അവകാശം തരുന്ന, കൈമാറ്റം ചെയ്യാൻ കഴിയുന്ന, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒരു സോഫ്റ്റ് വെയറിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിച്ചാർഡ് സ്റ്റാൾമാനെക്കുറിച്ച് അറിയുന്നതും 1983 ൽ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അവതരിപ്പിച്ച സ്വതന്ത്ര സോഫ്റ്റ് വെയർ പ്രോഗ്രാമിനെക്കുറിച്ച് മനസിലാക്കുന്നതും.

കലാശാലയിൽ അറബ് സാഹിത്യവും ചരിത്രവും മതവും പഠന വിഷയമായി തെരഞ്ഞെടുത്ത ഫഹദിന് താൻ ഉൾക്കൊള്ളുന്ന ഭൂവിഭാഗത്തിന്റെ സംസ്കൃതികൾ കൂടുതൽ ആദാനപ്രദാന പ്രക്രിയകൾ‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന തോന്നലുണ്ടായി. ലോക സാഹിത്യത്തോടുള്ള ആഭിമുഖ്യവും വായനയും ഉള്ളിലെ എഴുത്തുകാരനെ ഉണർത്താനും തുടങ്ങി. പാശ്ചാത്യ നാടുകളിലെ‍ ബാലസാഹിത്യ കൃതികൾ ഒമാനിലെ ബാല്യങ്ങളെയും പരിചയപ്പെടുത്തണമെന്ന ആഗ്രഹത്തിൽ ഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഇംഗ്ലീഷിൽ ഇറങ്ങിയിട്ടുള്ള ബാലസാഹിത്യ കൃതികൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യാൻ തുടങ്ങി. മൊഴിമാറ്റം പൂർത്തിയാക്കിയപ്പോൾ നേരിട്ട പ്രധാന വെല്ലുവിളി പ്രസാധകനെ കണ്ടെത്തുകയെന്നതായിരുന്നു. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് പ്ലാറ്റ്ഫോമിൽ മാത്രമാണ് ഒമാനിലെ പുസ്തക പ്രസിദ്ധീകരണശാലകൾ പ്രവർത്തിച്ചിരുന്നത്. പൈറേറ്റഡ് സോഫ്റ്റ് വെയറുകൾ‍ ഉപയോഗിക്കുന്നത് ഒമാനിലെ നിയമം അനുവദിക്കാത്തതിനാൽ ഭീമമായ തുകയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ചെലവിടേണ്ടിവരുന്നത്.

ഒമാനിലെ ഉൾപ്രദേശത്തിലെ ഒരു സാധാരണ കച്ചവടക്കാരനായ ആമറിന്റെയും ഭാര്യ ഫദീലയുടെയും ഏഴ് മക്കളിൽ ഒരുവനും വിദ്യാർഥിയുമായിരുന്ന ഫഹദ് അൽസെയ്ദിക്ക് ഭീമമായ തുക കണ്ടെത്തി തന്റെ പുസ്തകം പ്രസിദ്ധീകരിക്കുക അസാധ്യമായിരുന്നു. പിന്നെ അതിനായുള്ള വഴിതേടലായി. ലോകത്തെ സ്വതന്ത്ര സോഫ്റ്റ് വെയർ കൂട്ടായ്മകളുമായി ബന്ധം സ്ഥാപിച്ചപ്പോൾ ഫഹദിന് പ്രതീക്ഷയായി. മൈക്രോസോഫ്റ്റ്, അഡോബ്, ഗൂഗിൾ എന്നീ കുത്തക കമ്പനികളുടെ സോഫ്റ്റ് വെയറിൽ നിന്ന് മാറി ലിനക്സ് അധിഷ്ഠിത സോഫ്റ്റ് വെയറിലേക്ക് ചുവടുമാറ്റിയപ്പോൾ ആദ്യഘട്ടം അത്ര ഉപഭോക്തൃ സൗഹൃദമാണെന്ന് തോന്നിയില്ല. മാത്രമല്ല, അറബ് ഭാഷ, പേജ് മേക്കറിനും ഇൻഡിസൈനിലും വഴങ്ങുന്നതുപോലെ സ്ക്രൈബസിന് വഴങ്ങുന്നില്ലെന്നത് പരിമിതിയായി. നിരാശയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ കൂട്ടായ്മകളുടെ സഹായം തേടി. കൂട്ടായ്മയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫഹദ് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ 2010 ൽ സ്റ്റാൾമാനുമായി കൂടിക്കാഴ്ച നടത്തി ആശയങ്ങൾ പങ്കുവച്ചു. നെതർലന്റിൽ അറബ് ഭാഷയെ സ്ക്രൈബസിൽ കൊണ്ടുവരുന്നതിനുള്ള ഉദ്യമങ്ങൾക്ക് തുടക്കമായി. 2015 മാർച്ചിൽ ആരംഭംകുറിച്ച പദ്ധതി 2015 സെപ്റ്റംബറിൽ ലക്ഷ്യം കണ്ടു. അങ്ങനെ സ്ക്രൈബസ് അറബിക് രൂപംകൊണ്ടു.

സ്ക്രൈബസ് സോഫ്റ്റ് വെയറിൽ അറബ് ഭാഷയ്ക്ക് യൂണിക്കോഡ് വെർഷൻ സാധ്യമായപ്പോൾ അതിൽ മറ്റ് ഇന്തോ-ഇറാനിയൻ ഗ്രൂപ്പിൽപ്പെടുന്ന ഭാഷകളെയും ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് മനസിലായി. ഫഹദ് അൽ സെയ്ദി സ്വതന്ത്ര സോഫ്റ്റ് വെയറിൽ അറബ് ഭാഷ തനിമയോടെ ഉപയോഗിക്കാനാവുമെന്ന് തെളിയിച്ചപ്പോൾ ഹിന്ദി, മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾക്കും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് വാതായനങ്ങൾ തുറക്കുകയായിരുന്നു. അക്കാരണത്തിൽ ഫഹദിന്റെ പരിശ്രമങ്ങളോട് നമ്മളും കടപ്പെട്ടിരിക്കുന്നു.

അറബ് ഭാഷ സ്വതന്ത്ര സോഫ്റ്റ് വെയറുകളിൽ മികവോടെ പ്രസിദ്ധീകരിക്കാമെന്നായപ്പോൾ പുസ്തക പ്രസാധനം എന്ന തന്റെ മോഹസാക്ഷാത്ക്കാരത്തിനാണ് ഫഹദ് ആദ്യം ശ്രമിച്ചത്. ആൽബിട്രിക് ബുക്സ് എന്ന പേരിൽ എളിയ നിലയിൽ ഒരു പ്രസാധന സ്ഥാപനത്തിന് ആരംഭം കുറിച്ച ഫഹദ് ജീൻ വാൻ കൂളിയുടെ ‘വേൾ‍ഡ് ഓഫ് പീറ്റർ റാബിറ്റ്’ എന്ന ബാലസാഹിത്യ കൃതി സ്വന്തമായി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ഈ പരമ്പരയിൽ തന്നെ അ‍ഞ്ച് കുട്ടിക്കഥകളുടെ സമാഹാരവും തുടർന്ന് പ്രസിദ്ധീകരിച്ചു. ഫ്രാങ്ക് ബാമിന്റെ ‘ദ വിസാർഡ് ഓഫ് ഓസ്’ പരമ്പരയാണ് ഇവയിൽ പ്രധാനം. ഫഹദ് കഥകൾക്ക് അറബിയിൽ തർജ്ജമ നിർവഹിച്ചിരിക്കുന്നതും തികച്ചും സ്വതന്ത്രമായാണ്. കഥകളിലെ പാശ്ചാത്യ നാമങ്ങൾക്ക് പകരം കഥാപാത്രങ്ങൾക്ക് അറബ് പേരുകളാണ് നൽകിയിരിക്കുന്നത്. വിവർത്തനം സ്വതന്ത്ര ആഖ്യാനമായപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു. പെൻഗ്വിൻ ബുക്സുമായി സഹകരിച്ചാണ് ഇപ്പോൾ‍ ഈ കഥാസമാഹാരം പുറത്തിറങ്ങുന്നത്. ലോക സാഹിത്യത്തിലെ ഇരുപത്തിയാറോളം പുസ്തകങ്ങളാണ് ഫഹദ് അൽ സെയ്ദി തന്റെ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസാധനശാലയിലൂടെ സ്വന്തമായി മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയർ ഡിജിറ്റൽ രംഗത്തെ ആഗോള കുത്തക കമ്പനികളുടെ ചൂഷണത്തെ ചെറുക്കുവാനുള്ള ബദലാണെന്ന് ഗവൺമെന്റിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ പല തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായതായി ഫഹദ് പറയുന്നു. എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ സ്കൂൾ തലത്തിൽ ഫഹദിന്റെ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രാബല്യത്തിൽ കൊണ്ടുവന്നു. എന്തും പെട്ടെന്ന് ഗ്രഹിക്കുന്ന ബാല്യം, സംഘാടകർ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുതിയ സംവിധാനം ഉൾക്കൊണ്ടപ്പോൾ ശ്രമങ്ങൾ ആയാസരഹിതമായി. വിൻഡോസിന് പകരം ലിനക്സും പേജ് മേക്കറിനും ഇൻഡിസൈനും പകരം സ്ക്രൈബസും ഫോട്ടോഷോപ്പിന് പകരം ജിമ്പും അവതരിപ്പിച്ചത് കുട്ടികൾ വേഗത്തിൽ പഠിച്ചെടുത്തു. വർഷാന്ത്യ കണക്കെടുപ്പിൽ ലക്ഷങ്ങളുടെ ഡോളറാണ് ലാഭിച്ചെടുത്തിരിക്കുന്നതെന്ന് അധികൃതർക്കും മനസിലായതോടെ ഒമാൻ സർക്കാർ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ വികസനത്തിനായി ഒരു ശാഖ തന്നെ തുറന്നു. ഫ്രീ സോഫ്റ്റ് വെയർ ഇനിഷ്യേറ്റീവ് വിംഗിന്റെ മാനേജരായി ഫഹദ് അൽ സെയ്ദിയെ നിയമിക്കുകയും ചെയ്തു.

ഈ വർഷം തന്നെ ഒമാൻ സർക്കാർ മസ്കറ്റിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ കോൺഫറൻസ് സംഘടിപ്പിക്കുകുയും ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയർ വികാസത്തിന്റെ അടിസ്ഥാനം കൂട്ടായ്മയും പാരസ്പര്യവും ഒരുമിച്ചു മുന്നേറലുമാണ്. ഈ ആദർശത്തിന്റെ ഭാഗമായാണ് ഫഹദ് ജനയുഗത്തിന്റെ സ്വതന്ത്ര പ്രഖ്യാപന വേളയിൽ അണിചേരാനെത്തിയതും. കേരളത്തിലെ എസ്ടിഎം ഡോക്സ്, ലാ ടെക് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുമായും ഫഹദ് മുന്നേതന്നെ സഹകരിക്കുന്നുണ്ട്.

കോവളത്തെ സാഗര ബീച്ച് റിസോർട്ടിലിരുന്ന് കടൽ നോക്കി ഭാവി പരിപാടികളെക്കുറിച്ച് ഫഹദ് പറയുമ്പോൾ‍ ലുഹ്റ് നമസ്കാരത്തിന് ബാങ്കുവിളി ഉയർന്നു. ഫഹദിനെ ചരിത്രസ്മരണകൾ ഉറങ്ങുന്ന വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിയിലേക്ക് കൊണ്ടുപോയി. നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഫഹദിന്റെ മുഖം ആർദ്രമായിരുന്നു.

“ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു ദൃഷ്ടിയിൽ ഏറ്റവും നികൃഷ്ടമായ ജന്തുവർഗം” (8: 22)

പള്ളിയങ്കണത്തിൽ നിന്ന് ദൂരെ ചക്രവാളസീമയിലേക്ക് നോക്കി ഫഹദ് പറഞ്ഞു. ജനയുഗത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നമ്മെയെല്ലാം ഒരുമിപ്പിച്ചിരിക്കുകയാണല്ലോ. ഞാൻ ഇനിയും വരും. ഈ ഹരിതാഭയായ കേരളത്തിലേക്ക്, എന്റെ ഭാര്യയെയും മൂന്ന് കുട്ടികളെയും കൂടെകൂട്ടും.