Wednesday
20 Feb 2019

ഗോഡ്‌സേ ഭക്തരുടെ ഗാന്ധിപ്രേമം

By: Web Desk | Wednesday 10 October 2018 10:18 PM IST

karyavicharam

ഗാന്ധിജിയെ തിരസ്‌കരിച്ച് ഗാന്ധിഘാതകരെ സ്വീകരിക്കുന്ന രാഷ്ട്രീയം രാജ്യത്തെ വരിഞ്ഞുമുറുക്കുന്ന കാലമാണിത്. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി മാധ്യമങ്ങള്‍ക്ക് ഒരു ലേഖനം പ്രസിദ്ധീകരണത്തിനായി നല്‍കിയിരുന്നു. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച അഹിംസയുടെയും ഐക്യത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനാണ് ഇന്ത്യന്‍ ജനതയോട് മോഡിയുടെ ആഹ്വാനം. ആള്‍ക്കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ അതിനെ അപലപിക്കാത്ത രാഷ്ട്രീയമാണ് മോഡിയുടേത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവാണ് മോഡി എന്നകാര്യം വിസ്മരിക്കാതിരിക്കുക.

ഉറങ്ങുന്നവന് നിയമം ഒരിക്കലും സംരക്ഷണം നല്‍കുന്നില്ല. നീതി ലഭിക്കാന്‍ ഉണര്‍ന്നിരിക്കണം എന്നാണ് ഗാന്ധിജി ഓര്‍മ്മിപ്പിച്ചത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ഓരോ ഇന്ത്യക്കാരനും നല്‍കുന്ന സന്ദേശം ഉണര്‍ന്നിരിക്കുക എന്നതുതന്നെയാണ്. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ജീവിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുക്കപ്പെടുമ്പോള്‍, ചരിത്രവും മാനവികതയും ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ഇന്ത്യക്കാരന്‍ ഗാന്ധിജിയിലേയ്ക്കുതന്നെ നോക്കേണ്ടതുണ്ട്. ലോക ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഈ മഹാരാജ്യത്തെ കൊളോണിയല്‍ കാലത്ത് നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദേശീയ പ്രസ്ഥാനത്തിന് ജനകീയ മുഖം നല്‍കിയ മഹാത്മാവിന്റെ പാദമുദ്രകളിലേയ്ക്ക് നോക്കുക, അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുക, പുതിയ സമരത്തിന് അത് ഇന്ധനമാക്കുക എന്നതാണ് ഇന്നിന്റെ കര്‍ത്തവ്യം.

ഗാന്ധി വധത്തിനുശേഷം തീവ്രഹിന്ദുത്വവാദികള്‍ ആക്രോശിച്ചത് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവല്ല, പാകിസ്ഥാനിലെ രാഷ്ട്രപിതാവ് എന്നാണ്. ഈ വാദം ഇപ്പോഴും ആവര്‍ത്തിക്കുന്നു. അതില്‍ അസ്വാഭാവികത ഒന്നുമില്ല. ഇത്തരം ജല്‍പനങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഹിന്ദു രാഷ്ട്രമെന്ന ആര്‍എസ്എസിന്റെ ലക്ഷ്യത്തെ അന്നും ഇന്നും തടയുന്നത് ഗാന്ധിജിയുടെ ചിന്തകളാണ്.

സത്യം, അഹിംസ, ദരിദ്രനാരായണസേവ തുടങ്ങിയവയായിരുന്നു ഗാന്ധിജിയുടെ സമരായുധങ്ങള്‍. അവതന്നെയാണ് ദേശീയ സ്വാതന്ത്ര്യമുന്നേറ്റത്തിന് ശക്തമായ ബഹുജന അടിത്തറ ഉണ്ടാക്കാന്‍ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചത്. ഇന്ത്യയിലെമ്പാടുമുള്ള തൊഴിലാളികളും കൃഷിക്കാരും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാതയിലേയ്ക്ക് നയിക്കപ്പെട്ടത് ഗാന്ധിജിയുടെ നേതൃത്വത്തിലാണ്. പിന്നാക്കം നില്‍ക്കുന്ന ജനലക്ഷങ്ങളില്‍ രാഷ്ട്രീയബോധം പകര്‍ന്ന ത്യാഗസന്നദ്ധതയുടെയും പോരാട്ടത്തിന്റെയും സമര്‍പ്പണത്തിന്റെയും പാതയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. രാഷ്ട്രപിതാവായ മഹാത്മാവ് ഉയരുന്നത് അതുകൊണ്ടാണ്.

ദീര്‍ഘമായ പോരാട്ടത്തിനൊടുവില്‍ രാജ്യം സ്വാതന്ത്ര്യലബ്ധിയിലെത്തുമ്പോള്‍ ഗാന്ധിജി ദുഃഖിതനായിരുന്നു. 1947 ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയരുമ്പോള്‍ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ സ്വാതന്ത്ര്യ സമരനായകന്‍ കൊല്‍ക്കത്തയിലായിരുന്നു. രാജ്യം ഒന്നായി നില്‍ക്കണമെന്നും ദരിദ്രനാരായണന്മാരില്ലാത്തതും സമാധാനം പുലരുന്നതും ആകണമെന്നും ഗാന്ധിജി ആത്മാര്‍ഥമായി ആഗ്രഹിച്ചു. വിഭജനത്തിന്റെ മറവില്‍ നിന്ന് രക്തമൊഴുകിയപ്പോള്‍ ഏറ്റവുമധികം വേദനിച്ചത് ഗാന്ധിജിയുടെ ഹൃദയമായിരുന്നു. രാജ്യം നേരിടുന്ന വിപത്ത് എന്താണെന്നും അതിന്റെ തീവ്രത എത്രത്തോളമാണെന്നുമുള്ള തിരിച്ചറിവുമായാണ് സ്വാതന്ത്ര്യത്തിന്റെ ആഘോഷമുഹൂര്‍ത്തത്തില്‍ത്തന്നെ, വര്‍ഗീയ കലാപങ്ങളുടെ ചോരവീണ തെരുവുകളിലൂടെ ഗാന്ധിജി നടന്നുനീങ്ങിയത്. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി നടത്തിയ ആ യാത്ര സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് എക്കാലത്തേക്കുമുള്ള ആഹ്വാനമായിരുന്നു. വര്‍ഗീയത എന്ന വിപത്തിനെ എല്ലാം ത്യജിച്ചു നേരിടാനുള്ളതാണ് ആ ആഹ്വാനം.

മറ്റ് ആര്‍എസ്എസുകാരെപ്പോലെ മഹാത്മജിയുടെ സഹിഷ്ണുതയും ബഹുസ്വരതയും അംഗീകരിക്കാതെയാണ് നരേന്ദ്രമോഡിയും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നത്. അഹിംസയും സഹിഷ്ണുതയുമൊക്കെ പൗരുഷമുള്ള ഹിന്ദുക്കള്‍ക്ക് ചേര്‍ന്നതല്ല എന്നതാണ് സംഘ്പരിവാറിന്റെ നിലപാട്. തന്റെ വീരപുരുഷന്മാരില്‍ ഒരാളെന്ന് മോഡി കരുതുന്ന വി ഡി സവര്‍ക്കര്‍ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ പാടെ തള്ളിപ്പറഞ്ഞ വ്യക്തിയായിരുന്നു. ഇത്തരം മൃദുല നിലപാടുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍, മോഡിയാകട്ടെ സവര്‍ക്കറെ ആരാധിക്കുകയും ഹിന്ദുത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുമ്പോള്‍തന്നെ ഗാന്ധിജിയെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ കണ്ണട തന്റെ ‘സ്വച്ഛ് ഭാരത്’ പരിപാടിയുടെ പ്രതീകമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ സേവന ആശയത്തെ പുനരുജ്ജീവിപ്പിക്കണമെന്നാണ് മോഡി ഏറ്റവും പുതിയ ‘സ്വച്ഛത നിസേവ’ പ്രചാരണത്തില്‍ ആവശ്യപ്പെടുന്നത്.

ഇതൊരുപക്ഷെ, ഗാന്ധിസത്തിലേക്കുള്ള ആത്മാര്‍ഥമായ പരിവര്‍ത്തനമാവാം, അല്ലാതെയുമിരിക്കാം. ഗാന്ധിജിക്ക് ആഗോളതലത്തിലുള്ള വന്‍ പ്രശസ്തിയും ആദരവും അറിയാത്തയാളല്ല നമ്മുടെ പ്രധാനമന്ത്രി. ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന ഗാന്ധിയന്‍ ആദര്‍ശത്തെ പിന്തള്ളി ഇന്ത്യക്ക് മുന്നോട്ടുകുതിക്കാനാവില്ലെന്നും നല്ലൊരു വിപണന ബുദ്ധിജീവികൂടിയായ പ്രധാനമന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ കൗശലത്തോടെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലാണ് മോഡിയുടെ ഗാന്ധിസ്‌നേഹത്തിനു പിന്നിലെന്ന് സ്പഷ്ടം.

മോഡിയുടെ ഈ പരസ്പര വൈരുദ്ധ്യത്തിന്റെ ആഴം പരിശോധിക്കാം. രാജ്യമെമ്പാടുമുള്ള ഗാന്ധി പ്രതിമകള്‍ക്കു പകരം അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ബിജെപിയിലെ നല്ലൊരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍, മോഡിയാകട്ടെ തന്റെ നാട്ടുകാരന്‍ കൂടിയായ ഗാന്ധിജിയെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ഔദ്യോഗിക തലത്തില്‍ മഹാത്മാവിനെ മഹത്വവല്‍ക്കരിക്കുകയും അനൗദ്യോഗികമായി അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്യുന്നതില്‍ അപസ്വരമുയരുന്നുണ്ട്. ഗാന്ധിജിയെ വധിച്ചത് ദേശഭക്തിയുടെ ഭാഗമാണെന്ന് തുറന്നുപറയുന്ന സംഘ്പരിവാറുകാര്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്.

ഹിന്ദുമതവിശ്വാസിയായി ജീവിച്ച ഗാന്ധിജിയുടെയും ഹിന്ദു മഹാസഭയുടെ ആശയവിശാരദന്മാരായ വീര്‍ സവര്‍ക്കരുടെയും എം എന്‍ ഗോള്‍വാള്‍ക്കറുടെയും കാഴ്ചപ്പാടുകള്‍ വിരുദ്ധ ധ്രുവങ്ങളിലാണ്. സ്വാതന്ത്ര്യത്തിനുശേഷമാകട്ടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും കടുത്ത ആക്രമണോത്സുകതയാണ് നാം കാണുന്നത്.
ഗാന്ധിജിയെ സ്മരിക്കുമ്പോള്‍ കോണ്‍ഗ്രസിനെയും പരാമര്‍ശിക്കേണ്ടതുണ്ട്. കൊലചെയ്യപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് എന്ന സംഘടന പിരിച്ചുവിടുകയും ലോകസേവകസംഘം എന്ന പുതിയ സംഘടന രൂപപ്പെടുത്തുകയും വേണമെന്ന് ഗാന്ധിജി എഴുതിയത്. നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഗോഡ്‌സെയുടെ പാരമ്പര്യമാണ് വെളിപ്പെടുത്തുന്നത്.

ഗാന്ധിജിയെ മാത്രമല്ല, സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ ദേശീയ പ്രസ്ഥാനത്തെയും അത് മുന്നോട്ടുവച്ച മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുത്വവര്‍ഗീയതയെ ശക്തമായി എതിര്‍ത്തുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ.