ആചാരച്ചുഴലി

Web Desk
Posted on December 30, 2018, 8:45 am

കാട്ടാമ്പള്ളി നിഷ്‌കളന്‍

ഓലമാടത്തിലൊറ്റയ്ക്കു മകള്‍ രാത്രി
കേഴുന്ന കേട്ടുറങ്ങിയമ്മയപ്പയും…,
ആദ്യ തൃപ്പൂത്തറിയിച്ചയിത്തത്തിനാല്‍
ആലയ പിന്‍പുറത്താക്കി തനുജയെ
പത്ത് പതിനാറു നാള്‍ തീണ്ടലോടവള്‍
ചത്തപോലെ വസിപ്പൂ ദൂരെ കൂരയില്‍!
ആഹാരമായിറ്റു കഞ്ഞിനീ, രത്രനാള്‍
ദേഹശുദ്ധിയരുതെന്നും വ്യവസ്ഥിതി.
വന്യ മൃഗപന്നഗാദിയാല്‍ പേടിയ്ക്കും
കന്യതന്‍ രോദനം കേള്‍പ്പതില്ലന്യരും
പേമാരിയാല്‍ കൊടും കാറ്റാല്‍ രജസ്വല-
സാമാന്യ ക്ലേശം സഹിച്ച നിശകളില്‍
പേടിച്ചരണ്ടവ,‘ളപ്പാ‘വിളിക്കിലും
പേലവ മോള്‍ക്കടുത്തെത്തിടാ ത്വല്‍പ്പിതാ…,
ആര്‍ദ്രതയറ്റവരാം ധാത്രിതാതരില്‍
ആര്‍ത്തവത്തിന്ന, നാചാരമിതെങ്കിലും
ആദ്യമേ കാലക്ഷോഭമറിഞ്ഞോരവര്‍
സാധ്യമാക്കിയില്ല, നുഷ്ഠാന ലംഘനം…?
അത്രനാളാര്‍ത്തവം കണ്ടറിയായിളം-
പുത്രിയിലാകെ ചകിതമസ്വസ്ഥത!
ഇത്രയും പീഡപെണ്‍കുട്ടികള്‍ക്കോ,യിത്ഥം
ചിത്തത്തിന്‍ചിന്ത പെണ്‍ജന്മം ശപിക്കവേ,
എത്തി ഗജച്ചുഴലി തന്വിയില്‍ ദ്രുതം
മസ്തകമേല്‍ വീണരികിലെ വന്‍ദ്രുമം!
ആര്‍ത്തവ ബാലികയാഴ്ന്ന,ഥ!മൃത്യുവിന്‍
ആര്‍ത്തിയിലായ്, ദുരാചാരത്തിലേക്കുമായ്…!
രക്ഷിതാവോ ഗജക്കാറ്റോ വധിച്ചില്ല-
രക്ഷ നല്‍കാന്‍ കഴിയാത്ത, താചാരവും…,