Monday
18 Feb 2019

മധുരം

By: Web Desk | Sunday 9 December 2018 9:16 AM IST

സുജാതാ അനില്‍

ഓര്‍മ പെയ്തിറങ്ങുന്ന ചില മധുരങ്ങളുണ്ട്
നെഞ്ചില്‍ ആഴത്തില്‍ കിനിഞ്ഞിറങ്ങുന്നവ.
മയില്‍പ്പീലിത്തുണ്ടില്‍
പെറ്റുപെരുകുന്ന കുഞ്ഞുങ്ങളെ പോലെ
വെയിലും മഴയും കൊള്ളിക്കാതെ
പുസ്തകത്താളിനുള്ളില്‍ ഭദ്രമായിരുത്തുന്നവ.
ആരും ഏറ്റെടുക്കാതെ,
ആര്‍ക്കും കൊടുക്കാതെ
ഇടവഴിയിലെ കാശിത്തുമ്പയോടും
കാക്കപ്പൂവിനോടും
കിന്നാരമോതി ഞാന്‍ വന്നത്
നിന്റെ ഉറക്കെയുള്ള ചിരി കേള്‍ക്കാനാണ്
കണ്ണുകളിലെ വാചാലത കാണുവാനാണ്.
സ്വപ്‌നത്തില്‍ പോലും അശുദ്ധമാക്കരുതെന്ന് നിനച്ചിട്ടും
ഇന്നലെയും എന്റെ സ്വപ്‌നത്തില്‍ നീ മാത്രമായിരുന്നു.
എത്ര ശ്രമിച്ചിട്ടും പിഴുതുകളയാനാകാതെ,
ആഴത്തില്‍ പതിഞ്ഞു പോയ ഒരു വേര്
എന്നെ ആ മണ്ണില്‍ പിടിച്ചു നിറുത്തുകയാണല്ലോ….