പ്രവീണ കെ

February 14, 2021, 2:33 am

ജീവനേറുന്ന മരം

Janayugom Online

കഴിയുമെങ്കിൽ
എനിക്കൊരു മൂവാണ്ടൻ മാവായി
പുനർജനിക്കണം.
നിന്റെ അതിരിൽ നിന്ന്
ഷറഫിന്റെ തൊടിയിലും
മുരുകന്റെ തൊടിയിലും വേരാഴ്ത്തണം.
ഋതുഭേദങ്ങളില്ലാതെ
പൂത്തും
തളിർത്തും
കായ്ച്ചും
പൊഴിഞ്ഞും
നിന്നെ ചുമന്ന്
എനിക്കൊരു
വസന്തത്തിന്
തേർ തെളിക്കണം.
രാത്രിയും
പകലും
കാറ്റും
കോളും
രസിച്ചും
ചെറുത്തും
ഗ്രില്ലില്ലാത്ത
ആകാശം മുട്ടെ
തല ഉയർത്തണം
നൂറു നൂറായിരം
പ്രണയികൾക്ക്
തണലാവണം
ഇണകൾക്ക്
കരുതലാവണം
വിശപ്പിന്
ശമനമാവണം
ഒറ്റയല്ലാത്ത
ഒച്ചകളിൽ
മുതിരണം
അറ്റം
കാണാത്ത
അതിരുവെച്ച്
വളരണം
മൂത്തുപഴുത്ത
ഒരൊറ്റ മാങ്ങ
ഞെട്ടറ്റു വീണ്
മണ്ണിൽ പടരും വരെ
ഭൂമിയിൽ ചുവടുറപ്പിച്ച്
നിൽക്കണം.